പ്രകൃതി ദുരന്തങ്ങളോട് പൊരുതുന്ന കര്‍ഷകര്‍

പ്രകൃതി ദുരന്തങ്ങളോട് പൊരുതുന്ന കര്‍ഷകര്‍
പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും കാര്‍ഷികമേഖലയെ വന്‍തോതില്‍
ബാധിക്കുന്നുണ്ട്. ദുരന്തസാധ്യത ഏറ്റവും കൂടുതലുള്ള ബംഗ്ലാദേശ്, പാക്കിസ്ഥാന്‍
എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ഇതിനെതിരെ പൊരുതുകയാണ്

ലോകമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് കാലികമായ അനിശ്ചിതത്വങ്ങളെയും അസ്ഥിരതകളേയും ചെറുക്കുന്നതിന് അവരുടേയതായ നിരവധി സംവിധാനങ്ങളുണ്ട്. ഉപഭോഗം നിലനിര്‍ത്തുന്നതിനായി അവര്‍ വിളകള്‍ മാറ്റി പരീക്ഷിക്കുകയും കൂടുതല്‍ സമയം ജോലി ചെയ്യുകയും സ്ഥലമോ മറ്റ് ഉല്‍പ്പാദന ആസ്തികളോ വില്‍ക്കുകയോ ചെയ്യുന്നു. ചിലരാകട്ടെ വിട്ടുമാറാത്ത ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാനായി ദുരന്തസാധ്യത കുറഞ്ഞ പ്രദേശങ്ങളിലേക്ക് കുടിയേറുന്നു. എന്നിരുന്നാലും ഇത്തരം നൂറ്റാണ്ടുകള്‍ പഴക്കമുള്ള തന്ത്രങ്ങള്‍, കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ പ്രവചിക്കാന്‍ കഴിയാതെ വരുമ്പോഴും അതുവഴി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലും പരാജയപ്പെടുന്നുവെന്ന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. വികസ്വര ഏഷ്യന്‍ രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം അനിഷ്ടസംഭവങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നതിനും അപകടകരമായ കാലാവസ്ഥയിലേക്ക് നയിക്കുന്നുവെന്നതിനും തെളിവുകളുണ്ട്.

2014ല്‍ ലോകത്താകമാനമായി കാലാവസ്ഥയുമായി ബന്ധപ്പെട്ട് നടന്ന ദുരിതങ്ങളെ വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ കാലാവസ്ഥയില്‍ മനുഷ്യനുണ്ടാക്കിയ മാറ്റങ്ങളാണ് അവയില്‍ ഏറിയ പങ്കിനും കാരണമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തില്‍ മറ്റേത് പ്രദേശത്തേക്കാളും കൂടുതലായി വികസ്വര ഏഷ്യന്‍ രാജ്യങ്ങളില്‍ ശക്തമായ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. കാലങ്ങള്‍ കഴിയുംതോറും ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ തോതും അതിനുള്ള സാധ്യതയും മേഖലയില്‍ കൂടി വരികയാണ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിക്കുന്നത് വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും കാഠിന്യം വര്‍ധിപ്പിക്കുന്നു. കടല്‍ നിരപ്പ് ഉയരുന്നതിനും കൊടുങ്കാറ്റുകള്‍ വ്യാപകമാവുന്നതിലേക്കും ഇത് നയിക്കുന്നു. ഇത്തരം പ്രകൃതി ദുരന്തങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ കുറഞ്ഞ വരുമാനം മാത്രമുള്ള രാജ്യങ്ങളുടെ ദുരിതവും വര്‍ധിപ്പിക്കും.

ദുരന്തസാധ്യത ഏറ്റവും കൂടുതല്‍ ബംഗ്ലാദേശില്‍

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയാണ് ലോകത്തിലെ തന്നെ ഏറ്റവും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍. ഇതില്‍ത്തന്നെ ബംഗ്ലാദേശിന്റെ സ്ഥാനമാണ് ഏറ്റവും അപകടകരം. വെള്ളപ്പൊക്ക സാധ്യത വളരെയധികമുള്ള പ്രദേശങ്ങളിലാണ് ബംഗ്ലാദേശിന്റെ 70 ശതമാനം ജനങ്ങളും ജീവിക്കുന്നത്. നാലില്‍ ഒരു വിഭാഗം ജനങ്ങളും ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചവരാണ്. ഓരോ മൂന്ന് വര്‍ഷവും പത്ത് മീറ്റര്‍ ഉയരത്തില്‍ വരെയാണ് ഇവിടെ കാറ്റുവീശുന്നത്. വടക്ക് ഭാഗത്തുള്ള പര്‍വതങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള സമതലങ്ങളും തെക്ക് ഭാഗത്തുള്ള മരുഭൂമിയും കൊണ്ട് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള പാക്കിസ്ഥാനിലും പ്രകൃതി ദുരന്തങ്ങള്‍ക്ക് വന്‍തോതില്‍ വഴിവയ്ക്കുന്നുണ്ട്.

2000 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളില്‍ ബംഗ്ലാദേശിലുണ്ടായത് 29 പ്രധാന വെള്ളപ്പൊക്കങ്ങളും നാല്പതോളം കൊടുങ്കാറ്റുകളുമാണ്. ഏകദേശം 8000 ജീവനും അപഹരിക്കപ്പെട്ടു. വിളകള്‍, സ്വത്ത്, കന്നുകാലികള്‍ അടക്കം 5.6 ബില്യണ്‍ ഡോളറിന്റെ നഷ്ടവും രേഖപ്പെടുത്തി. ഇതേകാലയളവില്‍ തന്നെ പാക്കിസ്ഥാനില്‍ 45 വെള്ളപ്പൊക്കങ്ങളും അഞ്ച് കൊടുങ്കാറ്റുകളും നാശം വിതച്ചു. ഇത് 6000 പേരുടെ മരണത്തിനും 20.7 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും വഴിവെച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ ഏറെ ബാധിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. ബംഗ്ലാദേശിലെ 40 ശതമാനം ജനങ്ങളും കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവരും. രാജ്യത്തിന്റെ ജിഡിപിയുടെ അഞ്ചിലൊന്നും ഈ മേഖലയില്‍ നിന്നുള്ളതാണ്. പാക്കിസ്ഥാനിലാകട്ടെ തൊഴിലാളികളുടെ പകുതി ഭാഗവും കാര്‍ഷിക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ജിഡിപിയുടെ കാല്‍ഭാഗവും സംഭാവന ചെയ്യുന്നത് കൃഷിയാണ്. ഇരുരാജ്യങ്ങളിലും ശക്തമായ വെള്ളപ്പൊക്കങ്ങളും, കൊടുങ്കാറ്റുകളും ജനങ്ങളുടെ വരുമാനത്തിലും സമ്പത്തിലും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിക്കുന്നുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട കര്‍ഷകരെ സംബന്ധിച്ച് ഒരു തിരിച്ചുവരവ് ഏറെ പ്രയാസകരമായിരിക്കും.

പ്രകൃതിദുരന്തങ്ങള്‍ ഏറെ ദോഷം വിതയ്ക്കുന്നത് ഗ്രാമീണ മേഖലയില്‍

ഗ്രാമീണ മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങളെയാണ് പ്രകൃതിദുരന്തങ്ങള്‍ ഏറെ ബാധിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ സ്വന്തമാക്കിയ ഉല്‍പ്പാദന ആസ്തികള്‍ നശിപ്പിക്കപ്പെടുന്നതോടെ കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ ഇവരെ തള്ളിവിടുന്നത് കഠിനമായ ദാരിദ്ര്യത്തിലേക്കാണ്. പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷം തങ്ങളുടെ ആസ്തികളും ഉപഭോഗവും പുനഃസ്ഥാപിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്. ഗ്രാമീണമേഖലയിലുള്ള കാര്‍ഷികേതര തൊഴില്‍ ചെയ്യുന്നവരും ഇതിന്റെ ഭാഗമാവാറുണ്ട്. കാര്‍ഷികോല്‍പ്പാദനം, ഭക്ഷ്യ സംസ്‌കരണം, കരകൗശല ഉല്‍പ്പന്ന നിര്‍മാണം, കാര്‍ഷിക ഉപോല്‍പ്പന്ന നിര്‍മാണം എന്നിവയെ ആശ്രയിച്ചുകൊണ്ടാണ് കൃഷി ചെയ്യാത്ത മറ്റുതൊഴിലാളികളും നിലനില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജനതയ്ക്ക് അവരുടെ ഉപജീവനമാര്‍ഗം, സമ്പാദ്യം, എന്നിവയെല്ലാം നഷ്ടപ്പെടുന്നു.

ബംഗ്ലാദേശിലെ 800 കുടുംബങ്ങളെയും പാക്കിസ്ഥാനിലെ 2000 കുടുംബങ്ങളെയും പരിഗണിച്ച് എഡിബി നടത്തിയ പഠനത്തില്‍ നിന്നും പ്രകൃതി ദുരന്തബാധിതമായ ഗ്രാമങ്ങളിലെ ജനങ്ങള്‍ അവരുടെ തൊഴില്‍ തന്ത്രങ്ങളിലും നിക്ഷേപ രീതികളിലും മാറ്റങ്ങള്‍ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കവും കൊടുങ്കാറ്റും കാരണം പെട്ടന്ന് വരുമാനത്തില്‍ നഷ്ടമുണ്ടായ ബംഗ്ലാദേശി കര്‍ഷകര്‍ കാര്‍ഷികേതരമേഖലകളില്‍ തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പാക്കിസ്ഥാനിലാകട്ടെ ജനങ്ങള്‍ കുറച്ച് വര്‍ഷത്തേക്ക് കൃഷി ഉപേക്ഷിക്കുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തതായി കാണാം. പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷം തങ്ങളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ തിരിച്ചുകൊണ്ടുവരാനും ഭാവി ഉപഭോഗത്തെ സുസ്ഥിരമാക്കാനും പണം നീക്കി വെയ്ക്കാതെ ഇരു രാജ്യങ്ങളിലെയും കര്‍ഷകര്‍ കന്നുകാലികളിലാണ് കൂടുതല്‍ നിക്ഷേപം നടത്തിയിരുന്നത്. ഈ തന്ത്രം ഗ്രാമവാസികളെ ദുരന്തങ്ങളുടെ ഭാഗമായുണ്ടാവുന്ന പെട്ടന്നുള്ള നഷ്ടം തരണം ചെയ്യാന്‍ പ്രാപ്തരാക്കി. സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ദുരന്തനിവാരണ ഫണ്ടുകള്‍ക്ക് പുറമേ കര്‍ഷകര്‍ പുനര്‍നിര്‍മാണ പ്രക്രീയകള്‍ക്ക് എങ്ങനെ സംഭാവനകള്‍ നല്‍കുന്നുവെന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്.

Comments

comments

Categories: FK Special