ഒരു വര്‍ഷത്തിനുള്ളില്‍ 3000 പേരെ നിയമിക്കുമെന്ന് ഫേസ്ബുക്ക്

ഒരു വര്‍ഷത്തിനുള്ളില്‍ 3000 പേരെ നിയമിക്കുമെന്ന് ഫേസ്ബുക്ക്
അനഭിലഷണീയമായ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ കണ്ടെത്താനുള്ള സംവിധാനമൊരുക്കും

ലോസ്ഏഞ്ചലസ്: ഉള്ളടക്ക നിരീക്ഷണത്തിനും അസ്വസ്ഥത സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനും അടുത്ത ഒരു വര്‍ഷത്തിനുളളില്‍ 3000 പേരെ കൂടി അധികമായി നിയമിക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെഗ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലൈവ് വീഡിയോ വഴിയും അല്ലാതെയും ഫേസ്ബുക്ക് ഉപയോഗിച്ച് ജനങ്ങള്‍ പരസ്പരം മുറിവേല്‍പ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇത് ഹൃദയഭേദകമാണ്. ഇത്തരം പോസ്റ്റുകളും വീഡിയോകളും നീരിക്ഷിച്ചും അസ്വസ്ഥത ഉളവാക്കുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കികൊണ്ടും സമൂഹത്തിനായി നിലകൊള്ളാനാണ് ആലോചിക്കുന്നതെന്നും കഴിഞ്ഞ ദിവസം സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.

‘സുരക്ഷിതമായൊരു സമൂഹത്തെ വികസിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ അതിന് ഇത്തരം ഉള്ളടക്കങ്ങളോട് വളരെ വേഗത്തില്‍ പ്രതികരിക്കേണ്ടതുണ്ട്. ഈ വീഡിയോകള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുകയാണ് ഞങ്ങള്‍. ഇതിലൂടെ ഞങ്ങള്‍ക്ക് ശരിയായ നടപടി ഉടന്‍ സ്വീകരിക്കാന്‍ സാധിക്കും’, സുക്കര്‍ബെര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പുതുതായി നിയമിക്കുന്ന ജീവനക്കാരെ ഫേസ്ബുക്ക് കമ്യൂണിറ്റി ഓപ്പറേഷന്‍ ടീമിലായിരിക്കും ഉള്‍പ്പെടുത്തുക. ഫേസ്ബുക്ക് സര്‍വീസ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പോസ്റ്റുകള്‍ക്കെതിരെയുള്ള ലക്ഷകണക്കിന് റിപ്പോര്‍ട്ടുകള്‍ ഈ ടീം പരിശോധിക്കും. നിലവില്‍ 4,500 ഓളം ജീവനക്കാരാണ് കമ്പനിക്ക് കീഴില്‍ ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. 3000 ജീവനക്കാരെ കൂടി അധികമായി ചേര്‍ക്കുന്നതോടെ പോസ്റ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് സുക്കര്‍ബെര്‍ഗ് പറയുന്നത്.

കുട്ടികള്‍ക്കു നേരെയുള്ള ചൂഷണങ്ങള്‍ പോലെ ഫേസ്ബുക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനും പുതിയ ടീം സഹായിക്കുമെന്ന് സുക്കര്‍ബെര്‍ഗ് പറഞ്ഞു. പ്രാദേശിക സംഘടനകളുമായും നിയമ സംവിധാനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സുക്കര്‍ബോര്‍ഗ് വ്യക്തമാക്കി. കമ്യൂണിറ്റി സുരക്ഷ പരിഗണിച്ച് മികച്ച ഫീച്ചറുകള്‍ വികസിപ്പിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുകയാണ് കമ്പനിയെന്നും, ഇത്തരം പോസ്റ്റുകള്‍ കണ്ടുപിടിക്കുന്ന ഉപയോക്താക്കള്‍ക്ക് നിയമ സഹായം ലഭ്യമാക്കുമെന്നും സുക്കര്‍ബെര്‍ഗ് പറഞ്ഞു.

Comments

comments

Categories: World