വിമാനത്താവളങ്ങളില്‍ ആധാര്‍ അധിഷ്ഠിത പ്രവേശനങ്ങള്‍ ഉടന്‍ നടപ്പിലാക്കും

വിമാനത്താവളങ്ങളില്‍ ആധാര്‍ അധിഷ്ഠിത പ്രവേശനങ്ങള്‍ ഉടന്‍ നടപ്പിലാക്കും
ഹൈദരാബാദ്, ബെംഗളുരു വിമാനത്താവളങ്ങളില്‍ ആധാര്‍ അധിഷ്ഠിത ഇ-ബോര്‍ഡിംഗ്
നിലവിലുണ്ട്

ന്യൂഡെല്‍ഹി: വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ആധാര്‍ അാധിഷ്ഠിതമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സുരക്ഷാ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ നീക്കം. നിലവില്‍ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ യാത്രക്കാര്‍ പ്രിന്റഡ് അല്ലെങ്കില്‍ മൊബില്‍ എയര്‍ ടിക്കറ്റുകളും സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡുകളും കാണിക്കേണ്ടതായുണ്ട്. ഹൈദരാബാദ്, ബെംഗളുരു വിമാനത്താവളങ്ങളില്‍ ഇ-ബോര്‍ഡിംഗ് എന്ന പേരില്‍ ആധാര്‍ അധിഷ്ഠിത പ്രവേശനം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബറോഡ, വിജയവാഡ എയര്‍പോര്‍ട്ടുകള്‍ ഉടന്‍ തന്നെ ഈ സാങ്കേതികവിദ്യഉപയോഗിക്കും.

ഹൈദരാബാദില്‍ മിക്ക ആഭ്യന്തര എയര്‍ലൈനുകളും ഇ-ബോര്‍ഡിംഗ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഈ സംവിധാനം മൂലം ബോര്‍ഡിംഗ് ഗേറ്റുകളില്‍ സുരക്ഷാ പരിശോധന മെച്ചപ്പെട്ടുവെന്നും ഹൈദരാബാദ് എയര്‍പോര്‍ട്ട് വക്താവ് പറയുന്നു. നിലവില്‍ ഹൈദരാബാദ് എയര്‍പോര്‍ട്ട് ടെര്‍മിനലിലെ പ്രവേശനത്തില്‍ യാത്രക്കാരുടെ ഐഡന്റിറ്റി തീര്‍ച്ചപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ആധാര്‍പരിശോധന സംവിധാനം ഉപയോഗിക്കുന്നത്. എന്നാല്‍ ടിക്കറ്റ് വിവരങ്ങള്‍ക്കൊപ്പം യാത്രക്കാരന്റെ ആധാര്‍ നമ്പറും ലഭ്യമാക്കുകയാണെങ്കില്‍ ബോര്‍ഡിംഗ് കാര്‍ഡ് പുനഃസ്ഥാപിക്കുന്നതിനും ടെന്‍മിനല്‍ പ്രവേശനത്തിനും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാനാകും.

ബെംഗളുരു വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് ഗേറ്റിലെ എല്ലാ ചെക്ക്‌പോയിന്റുകളിലും 5 സെക്കന്റിനകം ഒരു യാത്രക്കാരനെ ആധാര്‍ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തി സ്ഥിരീകരിക്കുന്നു. സ്‌ക്രീംനിംഗ് പ്രക്രിയ 10 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുന്നു. കൂടുതല്‍ യാത്രക്കാര്‍ക്ക് ഒരേ ഗേറ്റിലൂടെ കടന്ന് പോകുന്നതിന് ഇത് സഹായിക്കുന്നു. ബയോമെട്രിക് പ്രവേശനം വഴി യാത്രക്കാരുടെ ഒഴുക്ക് വേഗത്തിലാക്കാനാകുന്നതിനൊപ്പം അവരുമായുള്ള ഇടപഴകലുകളെ കൂടുതല്‍ സൗഹാര്‍ദപരമാക്കാനും സാധിക്കുന്നുവെന്ന് ബെംഗളൂരു എയര്‍പോര്‍ട്ട് വക്താവ് പറയുന്നു.

സാങ്കേതിക സംവിധാനങ്ങള്‍ അപര്യാപ്തമാവുകയോ യാത്രക്കാര്‍ തയാറാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഉപയോഗിക്കുന്നത് പകരം സംവിധാനം എന്ന നിലയില്‍ മാനുവല്‍ പരിശോധനാ സജ്ജീകരണങ്ങള്‍ ഈ എയര്‍പോര്‍ട്ടുകള്‍ നിലനിര്‍ത്തുന്നുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയും ശുപാര്‍ശയും പ്രകാരം എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ ആധികാരികമായ ഉപയോക്തൃ ഏജന്‍സി (എയുഎ) യായി രജിസ്റ്റര്‍ ചെയ്യാന്‍ യുഐഡിഎഐ അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ ആധാര്‍ ഡാറ്റാബേസിലേക്കുള്ള എയര്‍പോര്‍ട്ടുകളുടെ കണക്റ്റിവിറ്റി വേഗത്തിലാക്കുന്നതിനും എയര്‍പോര്‍ട്ടിലെ എല്ലാതലങ്ങളിലുള്ള സേവനങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കുന്നതിനും സാധിക്കും. ആവശ്യമായ ഭേദഗതികള്‍ നടപ്പില്‍ വരുത്തിയാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്നും ഹൈദരാബാദ് എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.

ഡിജിയാത്ര പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജി യാത്ര പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രവര്‍ത്തന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രവ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പദ്ധതി നടപ്പിലാക്കുന്നതോടെ വിമാന ടിക്കറ്റെടുക്കുന്നത് മുതല്‍ ബോര്‍ഡിങ് പാസ് നല്‍കുന്നത് വരെയുള്ള എല്ലാ നടപടികളും പേപ്പര്‍ലെസ് ആയി മാറ്റും. ഇതില്‍ ചിലത് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Comments

comments

Categories: Top Stories

Related Articles