ബെര്‍ത്തയുടെ സാഹസികതയും മോട്ടോര്‍വാഗണിന്റെ പുനര്‍ജനിയും

ബെര്‍ത്തയുടെ സാഹസികതയും  മോട്ടോര്‍വാഗണിന്റെ പുനര്‍ജനിയും

ജര്‍മന്‍ ഓട്ടോമൊബീല്‍ ഉപജ്ഞാതാവ് കാള്‍ ബെന്‍സിന്റെ പത്‌നിയായിരുന്നു ബെര്‍ത്ത ബെന്‍സ്. എന്നാല്‍ ലോകം അവരെ ഓര്‍മിക്കുന്നത് ഒരു സാഹസികതയുടെ പേരിലാണ്. ഒരു മോട്ടോര്‍ വാഹനം ദീര്‍ഘദൂരം ഓടിക്കുന്ന ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡിന് ഉടമയാണ് ബെര്‍ത്ത. 1886ലാണ് കാള്‍ ബെന്‍സ് മോട്ടോര്‍വാഗണിന്റെ പേറ്റന്റ് സ്വന്തമാക്കുന്നത്. പക്ഷേ, സിംഗിള്‍ സിലിണ്ടര്‍ ഘടിപ്പിച്ച ആ വാഹനം വാങ്ങാന്‍ ഉപഭോക്താക്കള്‍ താല്‍പര്യം കാട്ടിയില്ല. കുറഞ്ഞ ദൂരപരിധിക്കുള്ളില്‍ മാത്രമേ അതിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നുള്ളു എന്നതാണ് അതിനുള്ള പ്രധാന കാരണം. ആ അവസ്ഥയ്ക്ക് അവസാനം കുറിക്കാന്‍ ബെര്‍ത്ത തീരുമാനിച്ചു. 1888 ഓഗസ്റ്റില്‍, മക്കളായ റിച്ചാര്‍ഡിനെയും യൂജിനേയും മോട്ടര്‍വാഗണില്‍ കയറ്റിയ ബെര്‍ത്ത ദീര്‍ഘയാത്ര ആരംഭിച്ചു. കാള്‍ ഉറങ്ങിക്കിടന്നപ്പോഴാണ് ബെര്‍ത്ത സാഹസികയാത്രയ്ക്ക് തുടക്കമിട്ടത്.

മാന്‍ഹെയ്മിലെ വീട്ടില്‍ നിന്നും ഫോര്‍ഷെയ്മിലെ അമ്മയുടെ വസതിയിലേക്ക് പെട്ടെന്നൊരു സന്ദര്‍ശനം. അന്നു നഗരങ്ങളില്‍പ്പോലും കാര്യമായ റോഡുകളുണ്ടായിരുന്നില്ല. റെയ്ല്‍വേ ട്രാക്കുകള്‍ അടക്കമുള്ള പ്രതിബന്ധങ്ങള്‍ മറികടന്ന് 106 കിലോമീറ്റര്‍ താണ്ടി ബെര്‍ത്തയും കുട്ടികളും മോട്ടോര്‍വാഗണില്‍ അമ്മയുടെ വീട്ടിലെത്തിയപ്പോള്‍ അതു വലിയ വാര്‍ത്തയായി. അതോടെ മോട്ടോര്‍വാഗണിനെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ദൂരീകരിക്കപ്പെട്ടു. അതു വാങ്ങാന്‍ ഉപഭോക്താക്കള്‍ ആദ്യമായി മുന്നോട്ടുവന്നു. ബെന്‍സ് ആന്‍ഡ് സൈ എന്ന വാഹന നിര്‍മാണ കമ്പനിയുടെ വിജയഗാഥയുടെ തുടക്കവും ബെര്‍ത്തയുടെ യാത്ര തന്നെ.

Comments

comments

Categories: Auto, FK Special