സെന്‍കുമാറിന്റെ നിയമനം ; വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സെന്‍കുമാറിന്റെ നിയമനം ; വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കമെന്ന വിധിയില്‍ വ്യക്തതയും ഭേദഗതിയും വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സെന്‍കുമാര്‍ പോലീസ് മേധാവി അല്ലായിരുന്നുവെന്ന വാദമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പോലീസ് സേനയുടെ ചുമതലയുള്ള ഡിജിപിയായാണ് സെന്‍കുമാറിനെ നിയമിച്ചിരുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ലോക്‌നാഥ് ബഹ്‌റയെ സര്‍ക്കാര്‍ നിയമിച്ചത് സംസ്ഥാന പോലീസ് മേധാവിയായിട്ടാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വിധി നടപ്പാക്കുന്നത് മറ്റു ഡിജിപിമാരുടെ സ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഏപ്രില്‍ 24നാണ് അദ്ദേഹത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം ഉത്തരവ് നടപ്പാക്കാന്‍ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം.

Comments

comments

Categories: Top Stories