പരസ്യ രംഗത്തെ ഗൂഗിളിന്റെ ആധിപത്യം തടയാന്‍ മര്‍ഡോക്ക്

പരസ്യ രംഗത്തെ ഗൂഗിളിന്റെ  ആധിപത്യം തടയാന്‍ മര്‍ഡോക്ക്
തെറ്റായ വാര്‍ത്തകള്‍ക്കൊപ്പമോ കുറ്റകരമായ വീഡിയോകള്‍ക്കൊപ്പമോ പരസ്യങ്ങള്‍
പ്രത്യക്ഷപ്പെടുന്നത് തടയും

കാലിഫോര്‍ണിയ: മാധ്യമ കുലപതി റുപര്‍ട്ട് മര്‍ഡോക്കും സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളും നേര്‍ക്കുനേര്‍. പരസ്യരംഗത്ത് ഗൂഗിളിന്റെ ആധിപത്യത്തിന് കൂച്ചുവിലങ്ങിടുന്ന സംരംഭവുമായി മര്‍ഡോക്കിന്റെ ന്യൂസ്‌കോര്‍പ്പ് രംഗത്തെത്തി. തെറ്റായ വാര്‍ത്തകള്‍ക്കൊപ്പമോ അല്ലെങ്കില്‍ കുറ്റകരമായ വീഡിയോകള്‍ക്കൊപ്പമോ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാതെ നോക്കുന്ന സേവനമാണ് ന്യൂസ് കോര്‍പ്പ് പ്രദാനം ചെയ്യാന്‍ പോകുന്നത്. ഇതു ഓണ്‍ലൈന്‍ പരസ്യരംഗത്തെ വന്‍ശക്തികളായ ഗൂഗിളിനും ഫേസ്ബുക്കിനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പബ്ലിഷര്‍മാര്‍ക്കും ബ്രാന്‍ഡുകള്‍ക്കുംവേണ്ടി സോഷ്യല്‍ മീഡയകളെ സുക്ഷ്മമായി പരിശോധിക്കുന്ന ന്യൂസ്‌കോര്‍പ്പിന്റെ സ്റ്റോറിഫുള്‍ യൂണിറ്റ് തെറ്റായ വാര്‍ത്തകളും നിയമവിരുദ്ധവും പ്രകോപനപരവുമായ വീഡോയകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളെ കണ്ടെത്തും. അവയുടെ പട്ടിക പരസ്യദാതാക്കള്‍ക്ക് കൈമാറുകയും ചെയ്യും. അതിലൂടെ മോശം വീഡിയോകള്‍ക്കും വ്യാജ വാര്‍ത്തക്കള്‍ക്കും സമീപം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തടയും. കുറ്റകരമായ വീഡിയോകളില്‍ തങ്ങളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി, കഴിഞ്ഞ മാസം ഗൂഗിളിന്റെ അനുബന്ധ സ്ഥാപനമായ യൂടൂബിന് അഡ്വര്‍ടൈസ്‌മെന്റ് നല്‍കുന്നതില്‍ നിന്ന് പരസ്യദാതാക്കള്‍ പിന്‍വാങ്ങിയിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് ഗൂഗിള്‍ ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

വീഡിയോയുടെ സുരക്ഷയ്ക്കാണ് സ്റ്റോറിഫുള്‍ പ്രധാന്യം നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ സേവനം പരസ്യദാതാക്കള്‍ക്ക് സമാധാനം നല്‍കും-സ്റ്റോറിഫുള്ളിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാഹുല്‍ ചോപ്ര പറഞ്ഞു. ഗ്രൂപ്പ്എമ്മും മാര്‍ക്കറ്റിംഗ് സ്ഥാപനമായ വെബര്‍ ഷാന്‍ഡ്വിക്കുമാണ് സ്റ്റോറിഫുള്ളിന്റെ ഡാറ്റാബേസ് ആദ്യമായി വാങ്ങുന്ന രണ്ട് കമ്പനികള്‍. ഒറാക്കിള്‍ കോര്‍പ്പ് അടുത്തിടെ സ്വന്തമാക്കിയ അനലറ്റിക്‌സ് കമ്പനിയായ മോട്ട്, സിറ്റി യൂണിവേഴ്‌സിറ്റിയിലെ ന്യൂയോര്‍ക്ക് സ്‌കൂള്‍ ഓഫ് ജേര്‍ണലിസം എന്നിവയുമായും ന്യൂസ് കോര്‍പ്പ് സഹകരിക്കും. സ്റ്റോറിഫുള്ളിന്റെ ഡാറ്റാ ബേസ് തികച്ചും സൗജന്യമായിരിക്കും. പരസ്യങ്ങള്‍ എവിടെയെല്ലാം പ്രത്യക്ഷപ്പെടണമെന്നതില്‍ അതു നല്‍കുന്നവരെകൊണ്ട് തീരുമാനമെടുപ്പിക്കുന്നതിനുള്ള സേവനവും അവര്‍ പ്രദാനം ചെയ്യും.

Comments

comments

Categories: Business & Economy