ശസ്ത്രക്രിയ വേഗത്തിലാക്കാന്‍ റോബോട്ടിക് ഉപകരണം

ശസ്ത്രക്രിയ വേഗത്തിലാക്കാന്‍ റോബോട്ടിക് ഉപകരണം

സങ്കീര്‍ണ ശസ്ത്രക്രിയകളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന പ്രധാനഘടകമാണ് സമയദൈര്‍ഘ്യം. മസ്തിഷ്‌ക ശസ്ത്രക്രിയ പോലുള്ള സൂക്ഷ്മത പുലര്‍ത്തേണ്ട ഘട്ടങ്ങളില്‍ ഇതു നിര്‍ണായകമാകുന്നു. ഇതിനു പരിഹാരമായി സങ്കീര്‍ണ ശസ്ത്രക്രിയകളുടെ സമയം 50 മടങ്ങ് വരെ ചുരുക്കാന്‍ സഹായകമായ റോബോട്ടിക് ഉപകരണം ഇന്ത്യന്‍ ഗവേഷകനടങ്ങിയ യുഎസ് സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നു. ശസ്ത്രക്രിയാവേളയില്‍ കൃത്യതയോടെ തുരക്കാനും മുറിക്കാനും ശുചീകരിക്കാനും കഴിയുന്ന ഉപകരണമാണിത്. രണ്ടു മണിക്കൂര്‍ വരെയെടുക്കുന്ന പ്രക്രിയ വെറും രണ്ടര മിനുറ്റില്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ ഉപകരണം സഹായിക്കുന്നു.

തുറന്ന ശസ്ത്രക്രിയകളില്‍ ധമനികള്‍ക്കും ഞരമ്പുകള്‍ക്കും കേടുപാടു വരുന്നത് പരമാവധി ഒഴിവാക്കാന്‍ ഡോക്റ്റര്‍മാര്‍ കൈകൊണ്ടാണ് ശുചിയാക്കലും തുന്നിക്കെട്ടലും നടത്താറുള്ളത്. ഏറെ സമയനഷ്ടം നേരിടുന്ന പ്രക്രിയയാണിത്. അതേസമയം, പുതിയ റോബോട്ടിക് ഉപകരണത്തിന് ഒരു മില്ലീമീറ്റര്‍ നീളത്തിലുള്ള തടസം വരെ കൃത്യതയോടെ മുറിച്ചുമാറ്റാനാകും. അതിലോലമായ ശരീരഭാഗങ്ങളില്‍ പോലും കേടുപാടുവരാതെ വൃത്തിയാക്കാനും പറ്റും.

മുഖത്തെ ഞരമ്പുകളെ മുറിപ്പെടുത്തുകയോ വക്രീകരിക്കുകയോ ചെയ്യുംവിധം ശസ്ത്രക്രിയ നീളുകയാണെങ്കില്‍ അത് നിരീക്ഷിക്കാനും സ്വയം പ്രവര്‍ത്തനരഹിതമാകാനും ഉപകരണത്തിനാകും. കൈകൊണ്ടുള്ള ശസ്ത്രക്രിയയില്‍ ഉണ്ടാകാറുള്ള അണുബാധയുടെ സാധ്യതയും ഒഴിവാകും. പുതിയ കണ്ടുപിടിത്തം കൊണ്ട് സൂക്ഷ്മ ശസ്ത്രക്രിയകള്‍ക്കു പുറമെ ഇടുപ്പുമാറ്റിവെക്കല്‍, അവയവംമാറ്റിവെക്കല്‍ തുടങ്ങിയ വലിയ ശസ്ത്രക്രിയകളും കൂടുതല്‍ കാര്യക്ഷമമായി നടത്താനാകും. അമേരിക്കയിലെ യുറ്റ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ എ കെ ബാലാജി അടങ്ങുന്ന സംഘമാണ് റോബോട്ടിക് ഉപകരണം വികസിപ്പിച്ചെടുത്തത്.

Comments

comments

Categories: Life