എയര്‍ബസിനെ വലിച്ചുനീക്കി പോര്‍ഷെ കയെന്‍ കരുത്ത് തെളിയിച്ചു

എയര്‍ബസിനെ വലിച്ചുനീക്കി പോര്‍ഷെ കയെന്‍ കരുത്ത് തെളിയിച്ചു
ഏറ്റവും ഭാരമേറിയ എയര്‍ക്രാഫ്റ്റ് കെട്ടിവലിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന ഗിന്നസ് ലോക
റെക്കോഡ് സ്വന്തം

പാരിസ് : 73 മീറ്റര്‍ നീളവും 285 ടണ്‍ ഭാരവുമുള്ള എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് എ380 നെ കെട്ടിവലിച്ച് പോര്‍ഷെ കയെന്‍ എസ് ഡീസല്‍ പുതിയ ചരിത്രം കുറിച്ചു. 170 ടണ്‍ ഭാരമുള്ള കാര്‍ഗോ വിമാനം വലിച്ചുനീക്കിയ നിസ്സാന്‍ പട്രോളിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് പോര്‍ഷെ കയെന്‍ പുതിയ ഗിന്നസ് ലോക റെക്കോഡ് കരസ്ഥമാക്കിയത്. 385 ബിഎച്ച്പി കരുത്ത് നല്‍കുന്ന 4.1 ലിറ്റര്‍ ബൈടര്‍ബോ V8 എന്‍ജിനാണ് അല്‍ഭുതപ്രവൃത്തി നടത്തുന്നതിന് പോര്‍ഷെ കയെനെ സഹായിച്ചത്. അമ്പരപ്പിക്കുംവിധമുള്ള പുള്ളിംഗ് പവര്‍ നല്‍കിയത് 850 എന്‍എം ടോര്‍ക് ശേഷിയാണ്.

ഏറ്റവും ഭാരമേറിയ എയര്‍ക്രാഫ്റ്റ് കെട്ടിവലിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന പുതിയ ഗിന്നസ് ലോക റെക്കോഡാണ് പോര്‍ഷെ കയെന്‍ എന്ന ഡീസല്‍ എസ്‌യുവി സ്വന്തമാക്കിയത്. പാരിസിലെ ചാള്‍സ് ഡി ഗോല്‍ വിമാനത്താവളത്തിലായിരുന്നു ഈ സര്‍ക്കസ് പ്രകടനം. പോര്‍ഷെ ജിബി ടെക്‌നീഷ്യന്‍ റിച്ചാര്‍ഡ് പയിനാണ് വാഹനം ഓടിച്ചത്. പോര്‍ഷെ കയെന്‍ ടര്‍ബോ എസ് ഉപയോഗിച്ച് പ്രകടനം ആവര്‍ത്തിച്ചു. എയര്‍ബസ് എ380 വലിച്ചുനീക്കുകയെന്നത് ശ്രമകരമായ പ്രവൃത്തിയായിരുന്നുവെന്ന് റിച്ചാര്‍ഡ് പയിന്‍ പ്രതികരിച്ചു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം പോകാന്‍ തങ്ങളുടെ കാറുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പും നിരവധി കാറുകള്‍ ഇത്തരം വീരസ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏകദേശം പത്ത് വര്‍ഷം മുമ്പ് ഫോക്‌സ്‌വാഗണ്‍ ടൂറെഗ് V10 TDI ബോയിംഗ് 747 വിമാനം വലിച്ചുനീക്കിയിരുന്നു. 2013 ല്‍ നിസ്സാന്‍ പട്രോളിന്റെ ഊഴമായിരുന്നു. 170 ടണ്‍ ഭാരം വരുന്ന കാര്‍ഗോ വിമാനത്തെയാണ് നിസ്സാന്‍ പട്രോള്‍ പുഷ്പം പോലെ കൈകാര്യം ചെയ്തത്. ലാന്‍ഡ് റോവറിന്റെ ഡിസ്‌കവറി സ്‌പോര്‍ട് 100 ടണ്‍ ഭാരം വരുന്ന തീവണ്ടി വലിച്ചുനീക്കിയും കരുത്ത് തെളിയിച്ചിരുന്നു.

Comments

comments

Categories: Auto