ലാഭം വര്‍ധിച്ചെങ്കിലും ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞതായി ആപ്പിള്‍

ലാഭം വര്‍ധിച്ചെങ്കിലും ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞതായി ആപ്പിള്‍
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞ് 50.8 മില്യണ്‍ യൂണിറ്റിലെത്തി

സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം വര്‍ധിച്ചെങ്കിലും ഐഫോണ്‍ വില്‍പ്പന കുറഞ്ഞതായി ആപ്പിള്‍. വരുമാന വളര്‍ച്ചയില്‍ അനുഭവപ്പെട്ട മെല്ലെപോക്ക് ഓഹരി വിലയില്‍ പ്രതിഫലിച്ചതായും കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഫോണ്‍ മോഡലിന്റെ പത്താം വാര്‍ഷിക ആഘോഷിക്കാനിരിക്കെയാണ് ഐഫോണുകളുടെ വില്‍പ്പനയില്‍ ക്ഷീണം നേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം 4.9 ശതമാനം വര്‍ധിച്ച് 11 ബില്യണ്‍ ഡോളര്‍ കടന്നതായാണ് റിപ്പോര്‍ട്ട്. വരുമാനം 4.6 ശതമാനം വര്‍ധനയോടെ 52.9 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഈ പാദ ഫലം പുറത്തുവിട്ടതിനു ശേഷം കമ്പനിയുടെ ഓഹരി വില ഏകദേശം രണ്ട് ഇടിഞ്ഞ് 144.65 ഡോളറിലെത്തി. മാര്‍ച്ച് പാദത്തില്‍ ഡിസംബറില്‍ അവസാനിച്ച പാദത്തെ അപേക്ഷിച്ച് ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായും ഐഫോണ്‍ 7 പ്ലസിന്റെ വര്‍ധിച്ച ആവശ്യകത നിലനിര്‍ത്തുമെന്നും ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക് പറഞ്ഞു.

ഐഫോണ്‍ 7 റെഡ് സ്‌പെഷല്‍ എഡിഷന്‍ മോഡലിന് മികച്ച പ്രതികരണം ലഭിച്ചതായും 13 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് കമ്പനിക്ക് നേടാനായതെന്നും ടിം കുക് അറിയിച്ചു. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞ് 50.8 മില്യണ്‍ യൂണിറ്റിലെത്തി. ഐഫോണ്‍ വില്‍പ്പനയില്‍ ഒരു സ്തംഭനാവസ്ഥയുണ്ടെന്നും ഭാവി ഐഫോണുകള്‍ സംബന്ധിച്ച സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇതിനു കാരണമെന്നും കുക് അനലിസ്റ്റുകളുമായുള്ള ഒരു മീറ്റിംഗിനിടെ വ്യക്തമാക്കി.

ഐഫോണിനൊപ്പം മാക് കംപ്യൂട്ടറുകളുടെയും ഐപാഡുകളുടെയും വില്‍പ്പന കുറഞ്ഞിട്ടുണ്ട്. വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയില്‍ നിന്നുള്ള ഐഫോണ്‍ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയില്‍ വന്‍കിട നിക്ഷേപ പദ്ധതികളാണ് ആപ്പിളിനുള്ളത്. വരുന്ന മാര്‍ച്ച് പാദത്തില്‍ ഇന്ത്യയില്‍ നിന്നും റെക്കോഡ് വരുമാനം നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സാധ്യതകളില്‍ കമ്പനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ടിം കുക് പറയുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള ജനവിഭാഗം വര്‍ധിക്കുന്നതും 4ജി നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്‌ട്രെക്ച്ചറിലെ പുരോഗതിയും ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments