മേക്ക് ഇന്‍ ഇന്ത്യയോട് മുഖം തിരിച്ച് ഗുജറാത്ത്

മേക്ക് ഇന്‍ ഇന്ത്യയോട്  മുഖം തിരിച്ച് ഗുജറാത്ത്
ചാരങ്ക സോളാര്‍ പാര്‍ക്കില്‍ 80 മെഗാ വാട്ടിന്റെ പ്ലാന്റ് നിര്‍മിക്കുന്ന പദ്ധതിയില്‍ നിന്ന്
ആഭ്യന്തര മൊഡ്യൂള്‍ നിര്‍മാതാക്കളെ ഒഴിവാക്കാന്‍ നീക്കം

ഗാന്ധിനഗര്‍: സ്വപ്‌ന പദ്ധതി മേക്ക് ഇന്‍ ഇന്ത്യയുമായി കേന്ദ്ര സര്‍ക്കാര്‍ സജീവമായി മുന്നോട്ടുപോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃ സംസ്ഥാനം ഗുജറാത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പദ്ധതിയോട് മുഖംതിരിക്കുന്നെന്ന് ആരോപണം. സോളാര്‍ പവര്‍ മൊഡ്യൂള്‍ നിര്‍മിക്കുന്ന ആഭ്യന്തര കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തടസപ്പെടുത്തുന്നതായി പരാതി. പത്താന്‍ ജില്ലയിലെ ചാരങ്ക സോളാര്‍ പാര്‍ക്കില്‍ 80 മെഗാ വാട്ടിന്റെ പ്ലാന്റ് നിര്‍മിക്കുന്നതിന് ക്ഷണിച്ച ടെണ്ടറില്‍ ഗുജറാത്ത് ഇന്‍ഡസ്ട്രീസ് പവര്‍ കമ്പനി (ജിഐപിസിഎല്‍) 25 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഉപകരണ ഘടകങ്ങള്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്ന നിര്‍ദേശം കമ്പനികള്‍ക്ക് മുന്നില്‍വെച്ചു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്നതോ വിദേശത്തുള്ളതോ ആയ ഒരു ഇന്‍ഷുറന്‍സ് കമ്പനി പോലും ഇത്തരത്തില്‍ ദീര്‍ഘനാളത്തെ പരിരക്ഷ ആഭ്യന്തര സോളാര്‍ മൊഡ്യൂളുകള്‍ക്ക് നല്‍കുന്നില്ലയെന്നതാണ് ശ്രദ്ധേയം. എന്നാല്‍, മറ്റ് സ്ഥാപനങ്ങളുടെ പ്രേരണയാല്‍ ജിഐപിസിഎല്‍ നയം നടപ്പിലാക്കുകയാണെങ്കില്‍ അത് ചൈനീസ് മൊഡ്യൂള്‍ നിര്‍മാതാക്കള്‍ക്ക് ശക്തമായ സാന്നിധ്യമുറപ്പാക്കുന്നതിന് വഴിയൊരുക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് മൊഡ്യൂള്‍ നിര്‍മാതാക്കള്‍ ഇതിനോടകം തന്നെ രാജ്യത്ത് സാന്നിധ്യം അറിയിച്ചതിനാല്‍ ജിഐപിസിഎല്ലിന്റെ നയം ആഭ്യന്തര കമ്പനികളെ ഇല്ലാതാക്കുന്നതിന് കാരണമാകുമെന്ന് അവര്‍ പറഞ്ഞു. അതേസമയം, 75 ജിഗാവാട്ടിന്റെ അടിസ്ഥാന ശേഷിയും ഉചിതമായ റേറ്റിംഗ് സംവിധാനവുമുള്ളതിനാല്‍ ചൈനീസ് കമ്പനികള്‍ക്ക് 25 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല താനും.

സോളാര്‍ മാനുഫാക്ച്ചറിംഗ് ഇന്‍ഡസ്ട്രി ഇന്ത്യയില്‍ ഇപ്പോഴും വളര്‍ച്ചാ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍, ആഭ്യന്തര മൊഡ്യൂളുകള്‍ക്ക് മാത്രമായി ഇന്‍ഷുറന്‍സ് പരിരക്ഷ ഇതുവരെയും ഏര്‍പ്പെടുത്തിയിട്ടില്ല. ആഗോളതലത്തില്‍ പോലും ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കമ്പനികള്‍ വളരെ വിരളമാണ്. അതിനാല്‍ സോളാര്‍ മൊഡ്യൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡം ഒരു വിദഗ്ധ സമിതി പരിശോധിക്കേണ്ടതാണ്. സോളാര്‍ വ്യവസായത്തിന് ഇത്തരത്തിലുള്ള ദീര്‍ഘകാല പരിരക്ഷ നല്‍കുന്ന കമ്പനികള്‍ പോലും, ശക്തമായ ആര്‍ ആന്‍ഡ് ഡി അടിസ്ഥാനങ്ങളും ട്രാക്ക് റെക്കോര്‍ഡുകളുമുള്ള മികച്ച കമ്പനികള്‍ക്ക് മാത്രമായി സേവനം ചുരുക്കേണ്ടതുണ്ട്-ബജാജ് അലയന്‍സിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ശശി കുമാര്‍ അദിദാമു പറഞ്ഞു.

ടാറ്റ പവര്‍ സോളാര്‍, വിക്രം സോളാര്‍ എന്നിവയാണ് ജിഐപിസിഎല്ലിന്റെ ടെണ്ടര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ബ്ലൂംബെര്‍ഗ് ബിഎന്‍ഇഎഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ സോളാര്‍ ഉപകരണ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനികള്‍. അതേസമയം, ചാരങ്ക സോളാര്‍ പാര്‍ക്കിലെ പദ്ധതിക്ക് ജിഐപിസിഎല്‍ ഒരു കനേഡിയന്‍ കമ്പനിയുടെയും അഞ്ച് ചൈനീസ് കമ്പനികളുടെയും അപേക്ഷയും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍, സോളാര്‍ മൊഡ്യൂളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തി. സൗരോര്‍ജ്ജ പദ്ധതികളില്‍ ഇന്ത്യ ആഭ്യന്തര ഘടക നിര്‍മാതാക്കള്‍ക്ക് വലിയ തോതില്‍ സഹായം ചെയ്യുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ലോക വ്യാപാര സംഘടന ആരോപിച്ചിരുന്നു. അതിനാല്‍ത്തന്നെ നിലവില്‍ രാജ്യത്തെ കമ്പനികള്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്.

Comments

comments

Categories: Top Stories

Related Articles