ഫെഡറലിസത്തിന്റെ കടയ്ക്കല്‍ ഒരു വെട്ട്

ഫെഡറലിസത്തിന്റെ കടയ്ക്കല്‍ ഒരു വെട്ട്

കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റും കേന്ദ്രത്തില്‍ പിന്നീട്ട് അധികാരത്തില്‍വന്ന ആര്‍എസ്എസ് നേതൃത്വത്തിലുള്ള ജനസംഘം, ബിജെപി സര്‍ക്കാരുകളും ഭരണഘടനയുടെ 365 അനുച്ഛേദം ദുരുപയോഗം ചെയ്ത് എത്രയോ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടു!

സി കെ ഗുപ്തന്‍

ആ വെട്ട് ആദ്യം വെട്ടിയത് 1959ലാണ്. ഇന്ത്യയില്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ഇഎംഎസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍. ജനാധിപത്യത്തിന്റെ അപ്പോസ്തലനായ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി സാക്ഷാല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ് ആ കൊടും പാതകം ചെയ്തത്; കടയ്ക്കല്‍ വെട്ടിയത്.

പക്ഷേ, വെട്ടിയിടത്തുവെച്ച് അത് മുളച്ചു, തളിര്‍ത്തു പൂവുണ്ടായി, കായില്‍ കഴമ്പുണ്ടായി. സ്വന്തം മകളും എഐസിസി പ്രസിഡന്റുമായ ഇന്ദിര പറഞ്ഞാല്‍ നെഹ്രുവിന് മറുത്തു പറയാനാവില്ല. ആ മന്ത്രിസഭയെ കഴുത്തു ഞെരിച്ചു കൊല്ലാനേ കഴിയുമായിരുന്നുള്ളൂ. ആ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികദിനത്തില്‍ കേരള അസംബ്ലിയില്‍ ഇഎംഎസ് പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പ്രതിപക്ഷ കക്ഷികള്‍ തയാറായില്ലെ ന്നത് ഇഎംഎസിനോട് അവര്‍ക്കുള്ള അസഹിഷ്ണുത 60 കൊല്ലം കഴിഞ്ഞിട്ടും നിലനില്‍ക്കുന്നുവെന്നതിന് തെളിവാണ്.

അതേസമയം മഹാത്മാഗാന്ധി, നെഹ്‌റു, കെ ആര്‍ നാരായണന്‍ തുടങ്ങിയവരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റും കേന്ദ്രത്തില്‍ പിന്നീട്ട് അധികാരത്തില്‍വന്ന ആര്‍എസ്എസ് നേതൃത്വത്തിലുള്ള ജനസംഘം, ബിജെപി സര്‍ക്കാരുകളും ഭരണഘടനയുടെ 365 അനുച്ഛേദം ദുരുപയോഗം ചെയ്ത് എത്രയോ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടു!

സ്വന്തം കാലില്‍ നില്‍ക്കാനാവശ്യമായ വിഭവസമാഹരണം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. അതിനും നമ്മുടെ മുന്‍പില്‍ മാതൃകയുണ്ട്, തകരുന്നതിനു മുന്‍പുള്ള യുഎസ്എസ്ആര്‍. അവിടെയുള്ള നൂറുകണക്കിന് പ്രവിശ്യകള്‍ അന്ന് സ്വയംപ്രാപ്തരായിരുന്നു എന്ന് കാണാം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്തും അതു നടക്കുന്നില്ല എന്നതല്ലേ സത്യം?

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായത് ഇമ്മാതിരി പല കാരണങ്ങളും കൊണ്ടാണ്. ഭരണഘടനയുടെ 355, 356 അനുച്ഛേദങ്ങള്‍ അപ്പാടെ മാറണം. ഭരണഘടന നിര്‍മ്മാണസഭയില്‍ ഈ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചതിനെപ്പറ്റി അതിലെ അംഗങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഈ വകുപ്പുകള്‍ ഈ രീതിയില്‍ ദുരുപയോഗം ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും ഭരണഘടനാശില്‍പ്പികള്‍ കരുതിയിരുന്നില്ല എന്നതാണ് സത്യം. അതുപോലെ അന്തര്‍നദീ തര്‍ക്കം പോലുള്ള പ്രശ്‌നങ്ങളിലും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഫെഡറല്‍ സങ്കല്‍പ്പത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയും അതിന്റെ ശില്‍പ്പികളും വിഭാവനം ചെയ്തത്. പക്ഷേ, പ്രാവര്‍ത്തികമായപ്പോള്‍ ഫലം തിരിച്ചായി. ഭരണഘടനയില്‍ മൂന്നു ലിസ്റ്റുകളിലായിട്ടാണ് കേന്ദ്ര, സംസ്ഥാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതിപ്പോള്‍ ഒരു ലിസ്റ്റായി മാറിയിരിക്കുന്നു, സെന്‍ട്രല്‍ ലിസ്റ്റായി മാത്രം.

സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റി അത് സെന്‍ട്രല്‍ ലിസ്റ്റാക്കുക എന്ന സൂത്രവിദ്യയാണ് പ്രയോഗിച്ചത്. ഇതനുവദിക്കാമോ ? ഇതിനെതിരായി ആദ്യം ശബ്ദമുയര്‍ത്തിയത് 1958 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതോടൊപ്പം തമിഴ്‌നാട്ടില്‍ ഡിഎംകെയും ജമ്മു കശ്മീരില്‍ ഷെയ്ക്ക് അബ്ദുള്ളയുമായിരുന്നു. കശ്മീരിനു പ്രത്യേക ഭരണഘടനാപദവി വേണം എന്നാവശ്യപ്പെട്ട ഷെയ്ക്ക് അബ്ദുള്ളയെ പതിറ്റാണ്ടുകള്‍ വീട്ടുതടങ്കലിലാക്കി.

1969 ലെ രാജമന്നാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. 1973 ലെ അനന്തപ്പൂര്‍ സാഹിബ്ബ് പ്രമേയം, 1988 ലെ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട്, 2007 ലെ പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയവയിലാണ് കേന്ദ്ര- സംസ്ഥാനവിഷയം സമഗ്രമായി പ്രതിപാദിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതല്ലാതെ അതിലടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

ഫെഡറല്‍ സങ്കല്‍പ്പത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയും അതിന്റെ ശില്‍പ്പികളും വിഭാവനം ചെയ്തത്. പക്ഷേ, പ്രാവര്‍ത്തികമായപ്പോള്‍ ഫലം തിരിച്ചായി. ഭരണഘടനയില്‍ മൂന്നു ലിസ്റ്റുകളിലായിട്ടാണ് കേന്ദ്ര, സംസ്ഥാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതിപ്പോള്‍ ഒരു ലിസ്റ്റായി മാറിയിരിക്കുന്നു, സെന്‍ട്രല്‍ ലിസ്റ്റായി മാത്രം. സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റി അത് സെന്‍ട്രല്‍ ലിസ്റ്റാക്കുക എന്ന സൂത്രവിദ്യയാണ് പ്രയോഗിച്ചത്

കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെ സംസ്ഥാനങ്ങളും ഭരിക്കുമ്പോഴാണ് ഫെഡറല്‍ സംവിധാനം തകരുന്നത്. മഹാരാജാവിന്റെ മുന്‍പില്‍ സാമന്തന്മാര്‍ കൈകെട്ടി നില്‍ക്കേണ്ടിവരും. റവന്യു വരുമാനം വീതിക്കേണ്ടതെങ്ങനെ എന്നതുള്‍പ്പെടെ എല്ലാക്കാര്യത്തിലും സംസ്ഥാനങ്ങള്‍ക്ക് ചോദിച്ചുവാങ്ങാനുള്ള അവകാശമാണ് നഷ്ടപ്പെടുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ അടിമ-ഉടമ ബന്ധം. ഇതിനെതിരായ സമരമാണ്, സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ വിഭവങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികള്‍ നടത്തേണ്ടത്. അതാണ് 1968 ല്‍ സിപിഐഎം ആവിഷ്‌കരിച്ചത്. അതാണ് അന്ന് സമരവും ഭരണവുമായി നാടാകെ വിന്യസിക്കപ്പെട്ടത്. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് ഇന്ന് ലോക്‌സഭയില്‍ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസാണ്. ആ കോണ്‍ഗ്രസ് ഇന്നു നടത്തുന്നത് അന്ന് സിപിഐഎം നടത്തിയ സമരവും ഭരണവുമാണ്. തങ്ങള്‍ക്ക് ഭരണമുള്ളിടത്തൊക്കെ ഭരണത്തോടൊപ്പം കേന്ദ്രവിരുദ്ധ സമരം നടത്തുകയും ചെയ്യുന്നു. ഇതാണ് ശരിയായ മാര്‍ഗ്ഗം. അല്ലെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാനാവശ്യമായ വിഭവസമാഹരണം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. അതിനും നമ്മുടെ മുന്‍പില്‍ മാതൃകയുണ്ട്, തകരുന്നതിനു മുന്‍പുള്ള യുഎസ്എസ്ആര്‍. അവിടെയുള്ള നൂറുകണക്കിന് പ്രവിശ്യകള്‍ അന്ന് സ്വയംപ്രാപ്തരായിരുന്നു എന്ന് കാണാം.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്തും അതു നടക്കുന്നില്ല എന്നതല്ലേ സത്യം?

മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തിന്റെ മേല്‍നോട്ടക്കാരനായി ചുമതലപ്പെടുത്തിയിട്ടുള്ള ഗവര്‍ണര്‍ തുടങ്ങി കേന്ദ്രം പറഞ്ഞാല്‍ കേള്‍ക്കുന്ന സിവില്‍ സര്‍വീസ് ഉദേ്യാഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി ഏതു രീതിയില്‍ സംസ്ഥാന ഭരണം മെച്ചപ്പെടുത്താമെന്ന് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ മുഴുവന്‍ കയ്യടക്കുകയും പിച്ചക്കാശുപോലെ കേന്ദ്രം ചെലവിനു തരുന്ന ഇന്നത്തെ ഈ സമ്പ്രദായം അവസാനിപ്പിക്കണം. അതുകൊണ്ടാണ് ഇമ്മാതിരി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഒരു വിശാലജനാധിപത്യമുന്നണി വേണമെന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇഎംഎസ് പറഞ്ഞത്. അന്ന് ഇക്കാര്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ പുച്ഛിച്ചുതള്ളിയവര്‍ക്ക് ഇന്നതൊരു ജനകീയാവശ്യമായി തോന്നുന്നുണ്ടായേക്കാം. ഇതൊരു ഭരണമുന്നണിയല്ല. ഭരിക്കാനും അതിലൂടെ കോടികള്‍ അടിച്ചെടുക്കാനുമുള്ള മുന്നണി പ്രക്രിയയല്ല ഇത്. അതാണല്ലോ അവര്‍ക്ക് പരിചയം.

ഇഎംഎസ് അന്ന് പറഞ്ഞതുപോലെ-‘നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനിറുത്തിക്കൊണ്ട് യോജിക്കാവുന്ന വിഷയങ്ങളില്‍ യോജിച്ചുകൊണ്ടുള്ള, ഇവിടത്തെ ജന്മി- ബൂര്‍ഷ്വാ കൂട്ടുകെട്ടിനെതിരായ, ഒരു വിശാല ജനാധിപത്യമുന്നണി’. ഇതൊരു സമരമുന്നണിയാണെന്ന് പ്രത്യേകമോര്‍ക്കുക. പ്രധാനശത്രു കേരളത്തില്‍ സിപിഐഎം ആണെന്ന് വിശ്വസിക്കുന്നവര്‍ക്കും അവരോട് ഭാവിയില്‍ കൂട്ടുകെട്ടുണ്ടാക്കാമെന്ന് കരുതുന്നവര്‍ക്കും രാഷ്ട്രീയമതിഭ്രമം പറ്റിയിട്ടുണ്ടാവാം.

അതില്‍ നിന്നു അവര്‍ സ്വയം മാറണം എന്നുകൂടി പറയട്ടെ. അല്ലെങ്കില്‍ ആത്മഹത്യാപരമായിരിക്കും അത്.

നേര്‍ത്തവരകളും ഒഴുക്കും കൊണ്ട് ചിത്രം വരയ്ക്കുന്നതുപോലെയല്ല രാഷ്ട്രീയം. ചില്ലുകൊട്ടാരത്തില്‍ കല്ലെറിഞ്ഞുകൊണ്ടുതന്നെ ആവണം അരങ്ങേറ്റം. നിസ്വവര്‍ഗ്ഗത്തിന്റെ ശബ്ദത്തിന് ശക്തിയും ലഹരിയുമുണ്ട്. നമുക്കും വേണ്ടേ ഒരു പ്രതി സംസ്‌കാരം ?

Comments

comments

Categories: FK Special
Tags: Federalism