ഫിന്‍ടെക് മേഖലയില്‍ നിയന്ത്രണങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ട്

ഫിന്‍ടെക് മേഖലയില്‍  നിയന്ത്രണങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിനോടുള്ള താല്‍പര്യവും കൂടിയിട്ടുണ്ട്

ന്യൂഡെല്‍ഹി: ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഇടപാടുകളും വായ്പാ നടപടികളും ഏറിവരുന്നതിനാലാണിതെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിന്‍ടെക് രംഗത്ത് പണമിടപാടുകളും വായ്പാ പ്രക്രിയയുമാണ് ഏറ്റവും മുന്‍ഗണനയുള്ള വിഭാഗങ്ങള്‍. 2017 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഫിന്‍ടെക് താല്‍പര്യങ്ങള്‍ വര്‍ധിച്ചു. മുന്‍ ധനകാര്യ വര്‍ഷം നാലാം പാദത്തില്‍ പേമെന്റ്‌സും വായ്പയും നിക്ഷേപവും നടത്തി. കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിനോടുള്ള താല്‍പര്യവും കൂടിയിട്ടുണ്ട്. അടുത്ത പാദം കഴിയുന്നതോടെ ഇന്‍ഷ്വര്‍ടെക് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടും-റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇന്ത്യന്‍ സര്‍ക്കാര്‍ ഫിന്‍ടെക് രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച്, ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങളിലായിരിക്കും (പിയര്‍-ടു-പിയര്‍ ലെന്‍ഡിംഗ്-പി2പി) നിയന്ത്രണങ്ങള്‍ വരുക. മാര്‍ച്ച് പാദത്തില്‍ ഏകദേശം 200 മില്ല്യണ്‍ ഡോളറുമായി ഏഷ്യയില്‍ ഏറ്റവും നിക്ഷേപം ആകര്‍ഷിച്ചത് പേടിഎമ്മാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. പേമെന്റുകള്‍, ഓപ്പണ്‍ ഡാറ്റ, ഡാറ്റ അനലറ്റിക്‌സ് എന്നിവയ്ക്കു പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും ബ്ലോക്‌ചെയിനും നിക്ഷേപകര്‍ക്ക് മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നുവയ്ക്കുന്നു.  മുന്‍ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ ഏഷ്യയിലെ ഫിന്‍ടെക് രംഗത്ത് 33 കരാറുകളിലായി 492 മില്ല്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നത്. റെഗ്‌ടെക്കി(റെഗുലേറ്ററി ടെക്‌നോളജി)ലും ഇന്‍ഷ്വര്‍ടെക്കി (ഇന്‍ഷുറന്‍സ് ടെക്‌നോളജി)ലുമുള്ള താല്‍പര്യവും 2017ല്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.

Comments

comments

Categories: Business & Economy, Tech