റെയ്ല്‍വേ 25 സ്‌റ്റേഷനുകളുടെ നവീകരണത്തിന് ലേലനടപടികള്‍ ഉടന്‍ ആരംഭിക്കും: സുരേഷ് പ്രഭു

റെയ്ല്‍വേ 25 സ്‌റ്റേഷനുകളുടെ നവീകരണത്തിന് ലേലനടപടികള്‍ ഉടന്‍ ആരംഭിക്കും: സുരേഷ് പ്രഭു
ഈ വര്‍ഷം അവസോനത്തോടെ റെയ്ല്‍വേയെ കോര്‍പ്പറേറ്റ് സംരംഭത്തിന് സമാനമാക്കും,
പക്ഷേ സാമൂഹ്യപ്രതിബദ്ധത മറക്കേണ്ടി വരും

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 25 റെയ്ല്‍വേ സ്‌റ്റേഷനുകളുടെ തുടര്‍വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വേനല്‍ക്കാലത്ത് തന്നെ ആരംഭിക്കുമെന്ന് റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ലേലം ഉടന്‍ നടത്തുമെന്നും കുറഞ്ഞത് 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളുരു, മുംബൈ ലോക്മാന്യ തിലക്, പൂനെ, താനെ, വിശാഖപട്ടണം, ഹൗറ, അലഹബാദ്, കാമഖ്യ, ഫരീദാബാദ്, ജമ്മു താവി, ബെംഗളൂരു കന്റോണ്‍മെന്റ്, ഭോപ്പാല്‍, മുംബൈ സെന്‍ട്രല്‍ (മെയ്ന്‍), ബോറിവാലി, ഇന്‍ഡോര്‍ തുടങ്ങിയ സ്‌റ്റേഷനുകളില്‍ പുനര്‍വികസനം നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

ഈ സ്റ്റേഷനുകളില്‍ മിക്കതും പ്രധാന ജംക്ഷനുകളും മുംബൈ, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ നഗരപ്രാന്തങ്ങളിലേക്ക് സേവനങ്ങള്‍ നല്‍കുന്നവയുമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ കാലാനുസ#തമായി നവീകരിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തവും ഉറപ്പാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയുമാണ് ഇന്ത്യന്‍ റെയ്ല്‍വേ ഇപ്പോള്‍. റെയ്ല്‍വേ ആധുനികവത്കരിക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍, സ്വകാര്യ പങ്കാളികള്‍ എന്നിവര്‍ ചേര്‍ന്ന് കുറഞ്ഞത് 8 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 14000 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി പൂര്‍ത്തിയാക്കിയതായി സുരേഷ് പ്രഭു വ്യക്തമാക്കി. പുതിയ പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്നതോടെ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് വലിയൊരു നവോന്മേഷം ലഭിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ റെയ്ല്‍വേയുടെ മോശം സാമ്പത്തികാരോഗ്യാവസ്ഥ മാറ്റി കാര്യക്ഷമത നല്‍കുന്നതിനും ഭാവിയില്‍ പ്രവര്‍ത്തന അനുപാതം 87-88 ശതമാനമാക്കി നിലനിര്‍ത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. റെയ്ല്‍വേയെ സംബന്ധിച്ച് പ്രവര്‍ത്തന അനുപാതം വളരെ പ്രധാനപ്പെട്ട അളവാണ്. ഈ വര്‍ഷം അവസാനത്തോടെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ റെയ്ല്‍വെയെ ഒരു കോര്‍പ്പറേറ്റ് സംരംഭവുമായി താരതമ്യം ചെയ്യാം. എന്നാല്‍ അതിന്റെ സാമൂഹിത പ്രതിബദ്ധതകളെല്ലാം തന്നെ മറക്കണം.

ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ള വേതന വര്‍ധന നടപ്പാക്കുന്നതിന് ഇന്ത്യന്‍ റെയ്ല്‍വേയ്ക്ക് 25,000 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം പ്രവര്‍ത്തനാനുപാതം 75 ശതമാനത്തിലെത്തുന്നതാണ് നല്ലത്. സ്വാതന്ത്ര്യത്തിനു ഷേശഷം 64 വര്‍ഷക്കാലയളവില്‍ ചരക്ക് ലോഡിംഗ് 1,344 ശതമാനവും പാസഞ്ചര്‍ കിലോമീറ്റര്‍ 1,642 ശതമാനവും വര്‍ധിച്ചു. എന്നിരുന്നാലും, റൂട്ട് കിലോമീറ്ററുകള്‍ 23 ശതമാനം മാത്രമേ വളര്‍ന്നിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1.31 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവുകള്‍ റെയില്‍വേക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് എക്കാലത്തെയും ഉയര്‍ന്നാണ്. കഴിഞ്ഞ വര്‍ഷം മൂലധന ചെലവ് 1.11 ലക്ഷം കോടി രൂപയായിരുന്നു.

Comments

comments

Categories: Top Stories