മൃതദേഹം വികൃതമാക്കിയ സംഭവം, പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി

മൃതദേഹം വികൃതമാക്കിയ സംഭവം, പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ ഇന്നലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി എതിര്‍പ്പ് രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിലാണു ബാസിതിനെ വിളിച്ചുവരുത്തി എതിര്‍പ്പ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖ ഭേദിച്ച് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ പാക് സൈനികര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ബറ്റല്‍ സെക്ടറിലുള്ള പാകിസ്ഥാനി പോസ്റ്റുകളില്‍ നിന്നാണു വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികരില്‍നിന്നും ശേഖരിച്ച രക്ത സാംപിളുകളും റോസ നളയില്‍ കാണപ്പെട്ട രക്തവും വ്യക്തമാക്കുന്നതു കൊലയാളികള്‍ നിയന്ത്രണ രേഖ പിന്നിട്ടു തിരികെ പാകിസ്ഥാനിലേക്കു പോയതായിട്ടാണെന്നു പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഈ മാസം ഒന്നിന് രാവിലെയായിരുന്നു പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം(ബിഎടി) നിയന്ത്രണ രേഖ ഭേദിച്ച് ഇന്ത്യന്‍ സൈനികര്‍ക്കു നേരേ നിറയൊഴിച്ചത്. അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുകയായിരുന്ന ബിഎസ്എഫിന്റെ പത്തംഗ സംയുക്ത പട്രോളിംഗ് സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സിംഗിന്റെയും നായക് സുബേദാര്‍ പരംജിത്ത് സിംഗിന്റെയും മൃതദേഹം വികൃതമാക്കുകയും ചെയ്തു. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തോയ്ബയ്ക്കും പങ്കുണ്ടെന്നാണു സംശയിക്കുന്നത്.

Comments

comments

Categories: Top Stories

Related Articles