ഓട്ടോമാറ്റിക് CVT പെട്രോള്‍ എന്‍ജിനില്‍ റെനോ ഡസ്റ്റര്‍ : ബുക്കിംഗ് തുടങ്ങി

ഓട്ടോമാറ്റിക് CVT പെട്രോള്‍ എന്‍ജിനില്‍ റെനോ ഡസ്റ്റര്‍ : ബുക്കിംഗ് തുടങ്ങി
ഡെല്‍ഹി എക്‌സ്-ഷോറൂം വില 10.32 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : സിവിടി (കണ്‍ടിനൂവസ്‌ലി വേരിയബ്ള്‍ ടൈമിംഗ്) ട്രാന്‍സ്മിഷനുമായി റെനോ ഡസ്റ്ററിന്റെ പെട്രോള്‍ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.32 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. 1.5 ലിറ്റര്‍ H4K പെട്രോള്‍ പവര്‍ട്രെയ്‌നാണ് ഡസ്റ്റര്‍ എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. പെട്രോള്‍ പതിപ്പ് RXE, RXL വേരിയന്റുകളില്‍ ലഭിക്കും. സിവിടി ട്രാന്‍സ്മിഷന്‍ RXL വേരിയന്റില്‍ മാത്രമേ ലഭിക്കൂ. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്ള പെട്രോള്‍ വേരിയന്റിന് 8.49 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില.

P (പാര്‍ക്), R (റിവേഴ്‌സ്), N (ന്യൂട്രല്‍), D (ഡ്രൈവ്) എന്നീ ഈസി സെലക്ഷന്‍ ഡ്രൈവ് മോഡുകളിലും 6-സ്പീഡ് മാനുവല്‍ മോഡ് ഓപ്ഷനോടെയുമാണ് റെനോ ഡസ്റ്റര്‍ സിവിടി വരുന്നത്. സിവിടി സഹിതം പുതിയ പെട്രോള്‍ വേരിയന്റുകള്‍ അവതരിപ്പിച്ചതിലൂടെ റെനോയുടെ വാഹന നിര ശക്തിപ്പെട്ടതായി റെനോ ഇന്ത്യാ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ സുമിത് സാഹ്നി പറഞ്ഞു. റെനോ ഡസ്റ്റര്‍ സിവിടി പെട്രോള്‍ വേരിയന്റിലെ 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ എന്‍ജിന്‍ 106 പിഎസ് കരുത്തും 142 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സ് പെട്രോള്‍ ഡസ്റ്റര്‍ 14.99 കിലോമീറ്റര്‍ ഇന്ധനക്ഷക്ഷമതയും മാനുവല്‍ ഗിയര്‍ബോക്‌സ് ഡസ്റ്റര്‍ 14.19 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുമെന്ന് റെനോ ഇന്ത്യ അവകാശപ്പെട്ടു.

ഇന്ത്യയില്‍ പുറത്തിറക്കിയശേഷം ഇതുവരെ 1.6 ലക്ഷം യൂണിറ്റ് ഡസ്റ്റര്‍ എസ്‌യുവിയാണ് കമ്പനി വിറ്റഴിച്ചത്. ലോകമെങ്ങുമുള്ള വിപണികളില്‍ വില്‍ക്കുന്ന ഡസ്റ്റര്‍ റെനോയുടെ ബെസ്റ്റ്-സെല്ലിംഗ് എസ്‌യുവികളിലൊന്നാണ്. അഞ്ച് രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന ഡസ്റ്റര്‍ നൂറിലധികം രാജ്യങ്ങളിലാണ് വില്‍ക്കുന്നത്. പുതിയ ഡസ്റ്റര്‍ പെട്രോള്‍ വേരിയന്റുകളുടെ ബുക്കിംഗ് വിവിധ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു.

Comments

comments

Categories: Auto