ഇന്ത്യയില്‍ നിന്ന് 2014ല്‍ 21 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം പുറത്തേക്കൊഴുകി: ജിഎഫ്‌ഐ

ഇന്ത്യയില്‍ നിന്ന്  2014ല്‍ 21 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം പുറത്തേക്കൊഴുകി: ജിഎഫ്‌ഐ
101 ബില്യണ്‍ ഡോളറാണ് 2014ല്‍ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയത്

ന്യൂഡെല്‍ഹി: 2014ല്‍ ഇന്ത്യയില്‍ നിന്ന് 21 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം അനധികൃതമായി വിദേശത്തേക്ക് കടത്തപ്പെട്ടതായി അന്താരാഷ്ട്ര സംഘടനയായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജിഎഫ്‌ഐ) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തൊട്ടു മുന്‍ വര്‍ഷം രേഖപ്പെടുത്തിയ അനധികൃത പണത്തിന്റെ ഒഴുക്കിനേക്കാള്‍ 19 ശതമാനത്തിലധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃതമായ രാജ്യത്തിലേക്ക് എത്തിയ പണത്തിന്റെ കണക്കും ഇതിനൊപ്പം ജിഎഫ്‌ഐ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ 101 ബില്യണ്‍ ഡോളറാണ് 2014ല്‍ ഇന്ത്യയിലെത്തിയിട്ടുള്ളതായി കണക്കാക്കുന്നത്. 2013നെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണിത്. 620-970 ബില്യണ്‍ ഡോളറിനിടയിലാണ് വികസിത രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത പണത്തിന്റെ ഒഴുക്ക് കണക്കാക്കിയിട്ടുള്ളത്. ഇത് പ്രധാനമായും വ്യാപാരത്തില്‍ നടന്നിട്ടുള്ള തട്ടിപ്പ് വഴിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1.4-2.5 ട്രില്യണ്‍ ഡോളറാണ് വികസിത രാജ്യങ്ങളില്‍ അനധികൃതമായി എത്തിയ പണത്തിന്റെ അളവ് കണക്കാക്കുന്നത്.. 2005-2014 കാലയളവില്‍ വികസിത രാജ്യങ്ങളില്‍ നടന്നിട്ടുള്ള മൊത്ത വ്യാപാരത്തിന്റെ 14-24 ശതമാനമാണ് കള്ളപ്പണം രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അന്താരാഷ്ട്ര വ്യാപാരവും ബിപിഒയും സംബന്ധിച്ച് കൂടുതല്‍ കര്‍ക്കശമായ വിലയിരുത്തലുകളിലൂടെയാണ് ഇത്തവണത്തെ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

വ്യാപാരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് പുറമെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ റിപ്പോര്‍ട്ട് എന്നതും റിപ്പോര്‍ട്ടിനെ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. സ്വര്‍ണത്തിന്റെ കയറ്റുമതി സംബന്ധിച്ച സ്വിസ് വിവരങ്ങള്‍ മുന്‍പ് ഒഴിവാക്കിയിരുന്നു. ഇത് ഉള്‍പ്പെടുത്തിയത് ഇന്ത്യയിലേക്കെത്തുന്നതും പുറത്തേക്കു പോകുന്നതുമായ പണത്തിന്റെ കണക്കുകളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ നടക്കുന്ന അനധികൃത സാമ്പത്തിക വിനിമയത്തില്‍ ഏകദേശം 87 ശതമാനത്തോളം പങ്കുവഹിക്കുന്നത് അന്യായ വ്യാപാര പ്രവര്‍ത്തനങ്ങളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Comments

comments

Categories: Top Stories