യയാതിയുടെ കാലം തിരികെ വരുമ്പോള്‍

യയാതിയുടെ കാലം തിരികെ വരുമ്പോള്‍

റേ കാര്‍സ് വീല്‍, ഔബ്രെ ഡി ഗ്രേ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജരാനരാവിരോധത്തിനായി ഒരു പ്രസ്ഥാനം തന്നെ രൂപം കൊണ്ടിട്ടുണ്ട്

പി ഡി ശങ്കരനാരായണന്‍

ചന്ദ്രവംശത്തിലെ നഹുഷ മഹാരാജാവിന് അശോക സുന്ദരിയില്‍ ജനിച്ച പുത്രനാണ് യയാതി. യദുവിന്റേയും പുരുവിന്റേയും പിതാവ്. വേദപണ്ഡിതനായിരുന്ന യയാതിക്ക് ദേവയാനി, ശര്‍മിഷ്ഠ എന്നീ രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരുടെ മകളായിരുന്നു ദേവയാനി. അസുരരാജാവായ വൃഷപര്‍വ്വന്റെ മകളായിരുന്നു ശര്‍മിഷ്ഠ. ദേവയാനിയുടെ തോഴിയായിരുന്നു ശര്‍മിഷ്ഠ. യയാതിക്ക് ദേവയാനിയില്‍ ഉണ്ടായ മക്കളാണ് യദു, തുര്‍വ്വാസു എന്നിവര്‍. ദൃഹ്യു, അനു, പുരു എന്നിവര്‍ ശര്‍മിഷ്ഠയില്‍ ഉണ്ടായ മക്കളും.

ശര്‍മിഷ്ഠയെ യയാതി വിവാഹം കഴിച്ചത് ദേവയാനി അറിയാതെ രഹസ്യമായി ആയിരുന്നു. ഇത് കണ്ടുപിടിച്ചപ്പോള്‍ ശ്വശുരന്‍ ശുക്രാചാര്യര്‍ ക്രുദ്ധനായി യയാതിയെ ശപിച്ചു. യയാതി പടുവൃദ്ധനായിത്തീരട്ടെ എന്നായിരുന്നു ശാപം. മാപ്പപേക്ഷിച്ച യയാതിക്ക് ശുക്രാചാര്യര്‍ ശാപമോക്ഷം നല്‍കിയത്, പിന്നീട് ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറാന്‍ തയാറാവുകയാണെങ്കില്‍ യയാതിക്ക് തന്റെ യൗവനം തിരികെ ലഭിക്കും എന്നാണ്.

യയാതി മക്കളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ യൗവനം നല്‍കുവാന്‍ ആവശ്യപ്പെട്ടു. പുരു മാത്രമേ അതിനു തയാറായുള്ളൂ. അങ്ങനെ മകനും യുവാവുമായ പുരുവിന്റെ നവയൗവനം അച്ഛനും യൗവനം പിന്നിടുന്നവനുമായ യയാതിക്ക് ലഭിച്ചു.

അനാദിയായ കാലം മുതല്‍ മനുഷ്യന്റെ ചിന്താധാര ജരാനരകളെ അതിജീവിക്കാനുള്ള പോംവഴികള്‍ ആരാഞ്ഞുകൊണ്ടേയിരുന്നു. ഋഷിപ്രോക്തന്മാരും ച്യവനമഹര്‍ഷിയും സുശ്രുതനും എല്ലാം അതേ ചോദ്യത്തിന് കൂടിയാണ് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത്.

ആധുനിക കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. റേ കാര്‍സ് വീല്‍, ഔബ്രെ ഡി ഗ്രേ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജരാനരാവിരോധത്തിനായി ഒരു പ്രസ്ഥാനം തന്നെ രൂപം കൊണ്ടിട്ടുണ്ട്.

അമേരിക്കന്‍ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഭാവിചിന്തകനുമായ റേ കാര്‍സ് വീല്‍ (സോവിയറ്റ് യൂണിയന്റെ പതനം 1983ല്‍ ഇദ്ദേഹം പ്രവചിച്ചിരുന്നു) 2013ലെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്, 2028 ആവുമ്പോഴേക്ക്, ഓരോ വയസ്സ് കൂടുമ്പോഴും ഓരോ വര്‍ഷം അധികമായി ആയുസ് നീട്ടിക്കിട്ടത്തക്കവിധം ആരോഗ്യശാസ്ത്രം വികസിക്കുമെന്നാണ്.

കാലിഫോര്‍ണിയയിലെ ‘സ്ട്രാറ്റജിസ് ഫോര്‍ എഞ്ചിനീര്‍ഡ് നെഗ്ലിജിബിള്‍ സെനെസെന്‍സ് റിസര്‍ച്ച് ഫൗണ്ടേഷനി’ലെ ചീഫ് സയന്‍സ് ഓഫീസറും വിഖ്യാത ജെറാണ്ടോളജിസ്റ്റുമായ ഔബ്രെ ഡി ഗ്രേ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍, ചയാപചയം (മെറ്റബോളിസം) നടക്കുമ്പോള്‍ അടിഞ്ഞുകൂടുന്ന പാര്‍ശ്വഫലങ്ങളാണ് യഥാര്‍ത്ഥത്തില്‍, ഒടുവില്‍, നമ്മെ കൊല്ലുന്നത്. വാര്‍ധക്യത്തെ തടുത്തുനിര്‍ത്താനുള്ള മരുന്നുകള്‍ നിര്‍മ്മിക്കാനാവശ്യമായ അടിസ്ഥാന അറിവുകള്‍ മിക്കതും നമുക്കുണ്ട്, അദ്ദേഹം പറയുന്നു. കാലം ഒഴുകുന്നതിനൊപ്പം ശരീരത്തിലെ ചയാപചയത്തിന്റെ പാഴ്‌വസ്തുക്കള്‍ പ്രായത്തെ മുന്നോട്ടുവലിച്ച് കൊണ്ടുപോവാതിരിക്കാനുള്ള സാങ്കേതിക ജ്ഞാനം രൂപപ്പെടുത്താനുള്ള ഗവേഷണത്തിലാണ് അദ്ദേഹം വ്യാപൃതനായിട്ടുള്ളത്.

ഏഴ് കാരണങ്ങളാലാണ് പ്രായാധിക്യം ബാധിക്കുന്നതെന്നാണ് അദ്ദേഹം അനുമാനിക്കുന്നത്. ഒന്നാമതായി, ക്രോമോസോമുകളില്‍ നടക്കുന്ന ജനിതക വ്യതിയാനം അവയുടെ വളര്‍ച്ചയെ കാലാന്തരേണ കാന്‍സറിന് തുല്യമായ രീതിയില്‍ മുരടിപ്പിക്കുന്നു. ന്യൂക്ലിയര്‍ ഡിഎന്‍എയിലും അതിനെ പൊതിഞ്ഞ് സൂക്ഷിക്കുന്ന പ്രോട്ടീന്‍ കണികകളിലും ജനിതക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ത•ാത്രകളിലും വരുന്ന മാറ്റങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാന്‍സര്‍ ആണ്. കാന്‍സര്‍ ഭാവങ്ങളില്ലാത്ത ജനിതക മാറ്റങ്ങള്‍ പ്രായാധിക്യത്തിന് കാരണമല്ല.

രണ്ടാമത്, ശരീരത്തില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന യൂകറിയോട്ടിക് കോശങ്ങളുടെ ഭാഗമായ മൈറ്റോകോണ്‍ഡ്രിയ എന്ന സൂത്രകണികയില്‍ വരുന്ന ജനിതക മാറ്റങ്ങള്‍. ഇവയില്‍ സ്വയം നിര്‍മിക്കുന്ന ജനിതക വസ്തുക്കളുണ്ട്. അതിനാല്‍ മൈറ്റോകോണ്‍ഡ്രിയയുടെ ഡിഎന്‍എയില്‍ വരുന്ന മാറ്റം അവയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. ഈ തടസം പ്രായാധിക്യത്തിലേക്ക് നയിക്കുന്നു. മൂന്നാമതായി, നിരന്തരം വിഘടിച്ചുകൊണ്ടിരിക്കുന്ന കോശങ്ങള്‍ ആവശ്യത്തില്‍ അധികമായി പ്രോട്ടീനും മറ്റ് തന്മാത്രകളും പുറപ്പെടുവിക്കുന്നു. ഇവ ശരീരത്തിന് ആവശ്യമില്ലെന്ന് മാത്രമല്ല, അപകടകരം കൂടിയാണ്. ദഹിച്ച് മാറാത്ത ഇവ കോശങ്ങള്‍ക്കുള്ളില്‍ പാഴ്‌വസ്തുവായി അടിഞ്ഞുകൂടുന്നു. അല്‍ഷൈമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ ഇതുമൂലം വരുന്നതാണ്. നാലാമത്, ഇതുപോലത്തെ മാലിന്യ നിക്ഷേപം കോശങ്ങള്‍ക്ക് പുറത്തും നടക്കുന്നുണ്ട്. അല്‍ഷൈമേഴ്‌സ് രോഗികളുടെ മസ്തിഷ്‌കത്തില്‍ കാണുന്ന അമിലോയിഡ് സെനൈല്‍ പാളികള്‍ ഇതുമൂലം സംഭവിക്കുന്നതാണ്.

കോശങ്ങള്‍ നിര്‍ജീവമാവുകയും പുതിയവ ഉണ്ടാവുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ചില കോശങ്ങളുടെ പുനര്‍നിര്‍മിതിയുടെ വേഗത ഇല്ലാതാവുന്ന കോശങ്ങളുടെ നാശവേഗത്തേക്കാള്‍ കുറവാകുന്നു. കോശങ്ങളുടെ എണ്ണക്കുറവ് പ്രായമേറുന്നതിനൊപ്പം ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് പ്രതിരോധശേഷി കുറയ്ക്കുകയും പാര്‍ക്കിന്‍സണ്‍സ് രോഗം പോലുള്ളവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ആറാമതായി അദ്ദേഹം പറയുന്നത്, ചില കോശങ്ങള്‍ക്ക് സ്വയം വിഭജിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അവ നിര്‍ജീവമാവാതിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെക്കുറിച്ചാണ്. ഇങ്ങനെ വരുമ്പോള്‍ ഈ കോശങ്ങള്‍ ആരോഗ്യമുള്ള കോശങ്ങളുടെ വിഭജനം പോലും അസാധ്യമാക്കുന്നു. കൂടാതെ, അവ അപകടകരമായ പ്രോട്ടീനുകള്‍ പുറപ്പെടുവിക്കാനും തുടങ്ങുന്നു. പ്രമേഹം ഇതുമൂലമാണ് വരുന്നതാണ്.

പ്രായാധിക്യത്തിനുള്ള മറ്റൊരു കാരണം പ്രത്യേകതരം പ്രോട്ടീനുകള്‍ നിരവധി കോശങ്ങളെ കൂട്ടിപ്പിടിപ്പിക്കുന്നതാണ്. ഒരു ടിഷ്യൂവിലെ (കോശങ്ങളുടെ സമൂഹമാണ് ടിഷ്യൂ) കോശങ്ങള്‍ ഈ രീതിയില്‍ ബന്ധിതമാവുമ്പോള്‍ ടിഷ്യൂവിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. ഇതിനാലാണ്, ധമനീസങ്കോചം സംഭവിക്കുന്നതും, ക്രമേണ ഹൃദയാഘാതം ഉണ്ടാവുന്നതും.

ഈ ഏഴ് അവസ്ഥകള്‍ക്കും മതിയായ പ്രതിരോധ സമ്പ്രദായങ്ങള്‍ ആധുനിക വൈദ്യശാസ്ത്രവും ഔഷധശാസ്ത്രവും വികസിപ്പിച്ചിട്ടുണ്ട്. എങ്കില്‍, അവയുടെ സംയോജനം പ്രായമാവുന്നതിനെ ചെറുക്കില്ലേ ? അതാണ് ഗ്രേ അന്വേഷിക്കുന്നത്. ആ മരുന്നുകളുടെ സത്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ‘മരുന്ന് കഴിക്കുന്നു’ എന്ന തോന്നലിനേയും അതിജീവിക്കാം. കാരണം, പ്രായമാവുന്നത് ഒരു മാനസികാവസ്ഥ കൂടിയാണെന്നാണ് ഗ്രേയുടെ അഭിപ്രായം. ‘പ്രായാനുകൂല തപോനിദ്ര’ എന്നൊരവസ്ഥ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതായത്, പ്രായമാവുന്നുവെന്ന ഒരുതരം മോഹഭംഗം. ഇതിനെ ചെറുക്കാതെ പ്രായത്തെ അതിജീവിക്കാനാവില്ല; എന്തൊക്കെ മരുന്നുകള്‍ കഴിച്ചാലും.

മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ തന്മാത്രാജീവശാസ്ത്ര വിദഗ്ധനും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ജനിതക ശാസ്ത്ര പ്രൊഫസറുമായ ഗാരി റൗക്കന്‍ ആര്‍എന്‍എ ഘടനകളെ കുറിച്ച് വിശദമായ പഠനങ്ങളും കണ്ടുപിടുത്തങ്ങളും നടത്തി ചയാപചയത്തെയും പ്രായവര്‍ധനയെയും പ്രതിരോധിക്കാവുന്ന ഏകദേശം ഇന്‍സുലിന്‍ പോലുള്ള സൂചകങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് വിശദമായ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കയാണ്.

സിന്ത്യ കെനിയോണ്‍ എന്ന ശാസ്ത്രജ്ഞ വിരകളിലാണ് കോശങ്ങളെ പിഴുതുമാറ്റി ജീവിതദൈര്‍ഘ്യം വര്‍ധിപ്പിക്കാമെന്ന് കണ്ടെത്തിയിട്ടുള്ളത്. ആ പരീക്ഷണങ്ങള്‍ക്കിടയില്‍ അവര്‍ ഒരു കാര്യം ബോണസായി കണ്ടെത്തി: പഞ്ചസാര തിന്നുന്ന വിരകള്‍ പെട്ടെന്ന് ചത്തുപോകുന്നു! അതിന് ശേഷം ശാസ്ത്രജ്ഞ പഞ്ചസാര ഉപയോഗിച്ചിട്ടില്ല! പഞ്ചസാര മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റ് ഉള്ള ഒന്നും, ഉരുളന്‍ കിഴങ്ങും ധാന്യങ്ങളുമുള്‍പ്പെടെ, എല്ലാം വര്‍ജ്ജിച്ചു.

എന്തായാലും വയസാവുക എന്നത് ഒരു രോഗമാണെന്നും അതിന് ചികിത്സയുണ്ടെന്നും കൂടുതല്‍ കൂടുതല്‍ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചുവരുന്നു. വയസാവുന്നത് താമസിപ്പിച്ചാല്‍ മതിയോ അതോ പൂര്‍ണമായും നിര്‍ത്തണോ എന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ എന്ന് തോന്നുന്നു. രണ്ടാമത്തെ മാര്‍ഗം ശരിക്കും ‘കാലനില്ലാത്ത കാലം’ തന്നെയാണ് ഉണ്ടാക്കുക!

മുട്ട, മല്‍സ്യം, ഇറച്ചി, പച്ചക്കറി, അണ്ടിപ്പരിപ്പ്, ചുവന്ന വൈന്‍ എന്നിവ മാത്രമായി അതിന് ശേഷം അവരുടെ ഭക്ഷണം (മംഗലാപുരത്തെ പ്രശസ്ത പ്രമേഹരോഗ വിദഗ്ധന്‍ ഡോ. ശ്രീനിവാസ കക്കിലായ, കേരളത്തിലെ മുന്‍ ആരോഗ്യമന്ത്രി ഡോ. സുബ്ബറാവുവിന്റെ സഹോദരപുത്രന്‍, പ്രമേഹരോഗികള്‍ക്ക് മരുന്നൊന്നും സാധാരണ നല്‍കാറില്ല; ഇതേ സാധനങ്ങളൊഴിച്ച് മറ്റൊന്നും കഴിക്കരുതെന്ന് ഉപദേശിക്കുക മാത്രം ചെയ്യുന്നു. യാദൃച്ഛികമാണോ ഈ സാദൃശ്യം എന്നറിയില്ല). സിന്ത്യ ആരംഭിച്ച എലിക്‌സിര്‍ ഫര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനി മനുഷ്യനിലെ പ്രായം വര്‍ധിപ്പിക്കുന്ന ജൈവപ്രക്രിയയുടെ വേഗത കുറയ്ക്കാനുതകുന്ന ഗുളിക നിര്‍മിക്കാനുള്ള പുറപ്പാടിലാണ്.

എന്തായാലും വയസാവുക എന്നത് ഒരു രോഗമാണെന്നും അതിന് ചികിത്സയുണ്ടെന്നും കൂടുതല്‍ കൂടുതല്‍ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചുവരുന്നു. വയസാവുന്നത് താമസിപ്പിച്ചാല്‍ മതിയോ അതോ പൂര്‍ണമായും നിര്‍ത്തണോ എന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ എന്ന് തോന്നുന്നു. രണ്ടാമത്തെ മാര്‍ഗം ശരിക്കും ‘കാലനില്ലാത്ത കാലം’ തന്നെയാണ് ഉണ്ടാക്കുക! അത്യാധുനിക ശാസ്ത്രം ജനിതക ഘടകങ്ങളെയും കോശങ്ങളെയും സംയോജിപ്പിച്ച സ്റ്റം കോശങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണമാണ് പ്രധാനമായും നടത്തുന്നത്. അതുപോലെ തന്നെ, രക്തത്തില്‍ കാണുന്ന പ്രോട്ടീനുകളുടെയും ചില ബാക്റ്റീരിയകളുടെയും കഴിവുകളും പഠനവിധേയമാണ്.

ഇതിനിടയിലാണ്, മോസ്‌കോ ഭൗതികശാസ്ത്ര സാങ്കേതിക വിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും, ഇന്റര്‍നാഷണല്‍ ഏജിങ് റിസര്‍ച്ച് പോര്‍ട്‌ഫോളിയോ, ബയോജെറാണ്ടോളജി റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ ഡയറക്റ്ററും ഇന്‍സിലിക്കോ മെഡിസിന്‍ എന്ന ജൈവവിജ്ഞാന കമ്പനിയുടെ തലവനുമായ റഷ്യന്‍ ശാസ്ത്രജ്ഞന്‍ അലക്‌സ് സാവോറൊങ്കോവാണ് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്) ഉപയോഗിച്ച് ഈ ഗവേഷണത്തില്‍ വന്‍വിപ്ലവം നടത്താന്‍ കഴിയുമെന്ന് ലോകത്തോട് പറഞ്ഞത്. ‘മനുഷ്യന്റെ ആരോഗ്യനിലയെ നിരന്തരം നിരീക്ഷിക്കാനും ഏറ്റവും അഭിലഷണീയ നിലയില്‍ നിന്നുള്ള മാറ്റങ്ങളെ അതിവേഗം തിരികെകൊണ്ടുവരാനും കഴിവുള്ള ഒരു സമഗ്ര സംവിധാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് നിര്‍മിക്കാനാവും’ എന്ന് സാവോറൊങ്കോവ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

യയാതിയെപ്പോലെ ശാപഗ്രസ്തരായിട്ടില്ലെങ്കിലും വാര്‍ധക്യമാവുന്നതിനെ ഒരു ശാപമായിത്തന്നെയാണ് മനുഷ്യകുലം കാണുന്നത്. ശാപമോക്ഷം അകലെയല്ലെന്ന് തോന്നുന്നു.

(മുതിര്‍ന്ന ബാങ്ക് ഉേദ്യാഗസ്ഥനും സ്വതന്ത്ര സാമ്പത്തിക, സാമൂഹ്യ, ശാസ്ത്ര, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

 

Comments

comments

Categories: FK Special