സ്‌കോഡ കോഡിയാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

സ്‌കോഡ കോഡിയാക്കിന്റെ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് അഞ്ച് മാസം മുന്നേ ബുക്കിംഗ് സൗകര്യം

ന്യൂ ഡെല്‍ഹി : പ്രീമിയം എസ്‌യുവിയായ കോഡിയാക്കിന്റെ ബുക്കിംഗ് സ്‌കോഡ ഓട്ടോ ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോഡിയാക്ക് സെപ്റ്റംബര്‍ അവസാനമോ ഒക്‌റ്റോബര്‍ ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അഞ്ച് മാസം മുമ്പേ കോഡിയാക്കിന്റെ ബുക്കിംഗ് കമ്പനി സ്വീകരിച്ചുതുടങ്ങി. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ ഏതൊരു കാറും ഇത്ര നേരത്തെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി കേട്ടറിവില്ലെന്ന് സ്‌കോഡയുടെ വിവിധ ഡീലര്‍മാര്‍ ആവേശത്തോടെ പറഞ്ഞു.

51,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കി രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ പ്രീമിയം എസ്‌യുവി ബുക്ക് ചെയ്യാം. ഫോക്‌സ്‌വാഗന്റെ എംക്യുബി പ്ലാറ്റ്‌ഫോമാണ് സ്‌കോഡ കോഡിയാക്കിന്റെ അടിസ്ഥാനം.

സ്‌കോഡ കോഡിയാക്കിന് 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വില വരുമെന്നാണ് ഡീലര്‍ഷിപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഷെവര്‍ലെ ട്രെയ്ല്‍ബ്ലേസര്‍, ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എന്നിവയ്ക്ക് സ്‌കോഡ കോഡിയാക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. വിഷന്‍ എസ് കണ്‍സെപ്റ്റില്‍ നിര്‍മ്മിച്ച സ്‌കോഡ കോഡിയാക്ക് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി ഓട്ടോ ബ്രേക്കിംഗ് വിത്ത് റഡാര്‍ അസ്സിസ്റ്റ്, ഡൈനാമിക് ഷാസി കണ്‍ട്രോള്‍, വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ എന്നീ സവിശേഷതകളുമായാണ് വരുന്നത്.

പെട്രോള്‍, ഡീസല്‍ ഫ്യൂവല്‍ ഓപ്ഷനുകളില്‍ കോഡിയാക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2,000 സിസി പെട്രോള്‍ എന്‍ജിന്‍ 177 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ പതിപ്പിലെ 2,000 സിസി 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 147 എച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മഹാരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റിലാണ് സ്‌കോഡ കോഡിയാക്ക് നിര്‍മ്മിക്കുക.

Comments

comments

Categories: Auto