ശബരീനാഥ് വിവാഹിതനാവുന്നു

ശബരീനാഥ് വിവാഹിതനാവുന്നു

തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥ് വിവാഹിതനാവുന്നു. തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യയാണു വധു. വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസമായിരിക്കും വിവാഹമെന്നു സൂചനയുണ്ട്. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി സൗഹൃദത്തിലായിരുന്നു.

വിവാഹ വാര്‍ത്ത ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ ശബരിനാഥ് തന്നെയാണു പുറത്തുവിട്ടത്.
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഗുഡ്ഗാവില്‍നിന്നും എംബിഎയും നേടിയിട്ടുള്ള ശബരിനാഥ് ടാറ്റാ ട്രസ്റ്റിന്റെ പദ്ധതിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2015-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍നിന്നും സിപിഎമ്മിന്റെ എം വിജയകുമാറിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.

എംബിബിഎസ് പഠനത്തിനു ശേഷമാണു ദിവ്യ ഐഎഎസ് കരസ്ഥമാക്കിയത്. ഗായികയും നര്‍ത്തകിയും അഭിനേതാവും എഴുത്തുകാരിയുമൊക്കെയാണു ദിവ്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 48-ാം റാങ്ക് കരസ്ഥമാക്കിയ ദിവ്യ കോട്ടയത്ത് അസിസ്റ്റന്റ് കളക്ടറായിരിക്കവേ, വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ നടത്തിയ ബോധവത്കരണ പരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനകീയ വ്യക്തിത്വത്തിന് ഉടമയായി മാറുകയും ചെയ്തു.

Comments

comments

Categories: Politics, Top Stories