4ജി ഫീച്ചര്‍ ഫോണുകള്‍: ചൈനയെ ആശ്രയിക്കാന്‍ ജിയോ

4ജി ഫീച്ചര്‍ ഫോണുകള്‍: ചൈനയെ ആശ്രയിക്കാന്‍ ജിയോ
ടെക്‌ചെയിന്‍, ഫോര്‍ച്ചൂണ്‍ഷിപ്, യൂണിസ്‌കോപ്പ് എന്നിവയുമായി ചര്‍ച്ച നടത്തുന്നു

മുംബൈ: 4ജി ഫീച്ചര്‍ ഫോണുകളുടെ നിര്‍മാണത്തിന് ചൈനീസ് കമ്പനികളെ ആശ്രയിക്കാന്‍ റിലയന്‍സ് ജിയോ നീക്കങ്ങളാരംഭിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഫോണുകള്‍ നിര്‍മിക്കുന്ന ചൈനീസ് കമ്പനികളായ ടെക്‌ചെയിന്‍, ഫോര്‍ച്ചൂണ്‍ഷിപ്, യൂണിസ്‌കോപ്പ് എന്നിവയുമായി ഇതുസംബന്ധിച്ച് ജിയോ ചര്‍ച്ച നടത്തുന്നതായി വിവിധ സ്രോതസുകള്‍ അറിയിച്ചു. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഏത് തരത്തിലെ ഓര്‍ഡറുകള്‍ക്കാണ് കമ്പനി ആത്യന്തികമായി പ്രാധാന്യം നല്‍കുന്നതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, വാര്‍ത്തകളോട് പ്രതികരിക്കാന്‍ ജിയോ അധികൃതര്‍ തയാറായില്ല.

4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ജിയോയ്ക്ക് അതീവ താല്‍പര്യമുണ്ടെന്നും ചൈനീസ് കമ്പനികളില്‍ നിന്ന് എന്‍ജിനീയറിംഗ് സാംപിളുകള്‍ കമ്പനി ആരാഞ്ഞിരുന്നതായുമാണ് റിപ്പോര്‍ട്ട്. എന്‍ജിനീയറിംഗ് സാംപിളുകള്‍ പരിശോധിച്ചശേഷം മാത്രമെ ടെസ്റ്റിംഗ് സാംപിളുകള്‍ ജിയോ പരിശോധിക്കുകയുള്ളു.

ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഇന്ത്യയില്‍ നിര്‍മിക്കണമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഓര്‍ഡറിന് അനുസരിച്ച് ഫോണുകള്‍ ഇറക്കുമതി ചെയ്യുന്ന രീതിയാണ് ജിയോ ഇപ്പോള്‍ അവലംബിക്കുന്നത്. നിലവില്‍ രാജ്യത്ത് ലഭ്യമാകുന്ന ഭൂരിഭാഗം ഫീച്ചര്‍ഫോണുകളും 4ജി സപ്പോര്‍ട്ട് ചെയ്യുന്നില്ല. ജിയോയുടെ ലൈഫ് ബ്രാന്‍ഡാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് 4ജി ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 2999 രൂപയാണ് ജിയോ ലൈഫിന്റെ വില. 4ജി ഫീച്ചര്‍ ഫോണുകള്‍ ജിയോയ്ക്കു നിര്‍മിക്കാനായാല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വിലയില്‍ അതു കുറവുവരുത്തും. മൊബീല്‍ ഫോണ്‍ വിപണിയുടെ 55 ശതമാനവും കവരുന്നത് ഫീച്ചര്‍ ഫോണുകളാണ്. അതിനാല്‍ത്തന്നെ വിലക്കുറവ് ജിയോയുടെ വിപണി വിഹിതം ഗണ്യമായി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്.

ആഭ്യന്തര മൊബീല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ ലാവ കഴിഞ്ഞ ഫെബ്രുവരിയില്‍ 3333 രൂപയ്ക്ക് 4ജി വോള്‍ട്ട് സൗകര്യമുള്ള ഫീച്ചര്‍ഫോണ്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ, മറ്റ് ആഭ്യന്തര മൊബീല്‍ഫോണ്‍ നിര്‍മാണ കമ്പനികളായ മൈക്രോമാക്‌സും ഇന്റെക്‌സും 2000 രൂപയുടെ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ജൂലൈക്ക് ശേഷം ഇന്ത്യയിലെ മൊബീല്‍ഫോണ്‍ വിപണിയില്‍ 4ജി ഫീച്ചര്‍ഫോണുകളുടെ വില്‍പ്പനയില്‍ ഒരു വലിയ കുതിച്ചുചാട്ടമുണ്ടാകും. റിലയന്‍സ് ജിയോ കൂടി എത്തുന്നതോടെ വില കുറഞ്ഞ 4ജി ഫീച്ചര്‍ ഫോണുകളുടെ ചിത്രത്തില്‍ കൂടുതല്‍ വ്യക്തതവരും. നിലവില്‍ ഇത്തരത്തിലുള്ള ഫോണുകള്‍ക്ക് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്-വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷ(എഡിസി)ന്റെ മാര്‍ക്കറ്റ് അനലിസ്റ്റ് ജയ്പാല്‍ സിംഗ് പറഞ്ഞു.

Comments

comments

Categories: Business & Economy