വിദേശ വൈമാനികരോടുള്ള നിസഹകരണം: ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ പിന്മാറി

വിദേശ വൈമാനികരോടുള്ള നിസഹകരണം: ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ പിന്മാറി
വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ മാനേജ്‌മെന്റിന് കൂടുതല്‍ സമയം അനുവദിക്കാന്‍
തീരുമാനം

ന്യൂഡെല്‍ഹി: വിദേശ വൈമാനികരോട് സഹകരിക്കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സിലെ പ്രാദേശിക പൈലറ്റുമാര്‍ പിന്മാറി. ഇന്നു മുതല്‍ വിദേശ പൈലറ്റുമാരുമൊത്ത് വിമാനം പറപ്പിക്കേണ്ടെന്നായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. ബെംഗളൂരുവില്‍ വെച്ച് ഒരു ട്രെയ്‌നറെ വിദേശ പൈലറ്റ് ആക്രമിച്ചെന്ന് ആരോപിച്ചാണ് മെയ് ഒന്നു മുതല്‍ വിദേശ പൈലറ്റുമാരോടൊപ്പം ജോലി ചെയ്യേണ്ടതില്ലെന്ന് ജെറ്റ് എയര്‍വേയ്‌സിലെ ഇന്ത്യന്‍ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് (എന്‍എജി) നിര്‍ദേശിച്ചത്. പ്രാദേശിക പൈലറ്റുമാരോട് ജെറ്റ് എയര്‍വേയ്‌സ് ചിറ്റമ്മ നയമാണ് പിന്തുടരുന്നതെന്നും എന്‍എജി കുറ്റപ്പെടുത്തുകയുണ്ടായി.

വിദേശ പൈലറ്റുമാരോട് സഹകരിക്കേണ്ടെന്ന തീരുമാനം തല്‍ക്കാലം ഉപേക്ഷിച്ചെന്ന് എന്‍എജിയുടെ ഒരു പ്രതിനിധി പറഞ്ഞു. എന്‍എജി പ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ജെറ്റ് എയര്‍വേയ്‌സിന് കൂടുതല്‍ സമയം അനുവദിക്കാന്‍ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 26ന് ജെറ്റ് എയര്‍വേയ്‌സ് യോഗം വിളിച്ചിരുന്നെങ്കിലും മിക്ക ഇന്ത്യന്‍ പൈലറ്റുമാരും ജോലിയിലായതിനാല്‍ അതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്തയാഴ്ച യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെറ്റ് എയര്‍വേയ്‌സിന് 60 വിദേശ പൈലറ്റുമാരാണുള്ളത്. ബോയിംഗ് 737, എടിആര്‍ വിമാനങ്ങള്‍ എന്നിവയാണ് ഇവര്‍ പ്രധാനമായും പറത്തുന്നത്.

Comments

comments

Categories: World