ഇന്ത്യ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത് അയല്‍ രാജ്യമായ ഭൂട്ടാന്

ഇന്ത്യ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത് അയല്‍ രാജ്യമായ ഭൂട്ടാന്

ഇന്ത്യന്‍ വിദേശ സഹായത്തിന്റെ ഏറിയ പങ്കും ഒരു ദശാബദ്ത്തിലേറെയായി അയല്‍രാജ്യങ്ങളിലേക്കാണ് ഒഴുകുന്നത്. കഴിഞ്ഞ 17 വര്‍ഷമായി ഇന്ത്യന്‍ വിദേശ ധനസഹായത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ഭൂട്ടാന്‍. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് അഫ്ഗാനിസ്ഥാനാണ്. നേപ്പാളും ബംഗ്ലാദേശുമാണ് ഇന്ത്യയില്‍ നിന്നുള്ള വിദേശ ഫണ്ടിന്റെ പരമ്പരാഗത സ്വീകര്‍ത്താക്കള്‍.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യ സ്‌പെന്‍ഡ് അനാലിസിസിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. തന്ത്രപ്രധാനമായ പ്രദേശമാണെന്നതിനാലും വലിയതോതില്‍ ജലവൈദ്യുതിക്ക് ആശ്രയിക്കുന്നുവെന്നതിനാലുമാണ് ഭൂട്ടാന് ഇന്ത്യ ഇത്തരത്തില്‍ പ്രാധാന്യം നല്‍കിയത്. മാലിദ്വീപിനും ശ്രീലങ്കയ്ക്കുമായി ഇന്ത്യ നല്‍കുന്ന വിദേശ സഹായങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2000-01, 2016-17 കാലയളവിലെ ധനസഹായ ഡാറ്റ നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് ഇത് വ്യക്തമാവുന്നത്.

അയല്‍ക്കാര്‍ ആദ്യം എന്ന നയത്തിന് ഇന്ത്യ ഏറെ ഊന്നല്‍ നല്‍കുന്നുണ്ട്. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 5368.46 കോടിയാണ് ഇന്ത്യ ഭൂട്ടാന് സഹായമായി നല്‍കിയത്. ഹിമാലയന്‍ രാജ്യമായ ഭൂട്ടാന്റെ ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കുക എന്നതാണ് ഇത്തരമൊരു വലിയ ധനസഹായത്തിന്റെ പ്രധാന ലക്ഷ്യം. രണ്ടാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനില്‍ ഒരു പാര്‍ലമെന്റ് ബില്‍ഡിംഗ്, ക്രിക്കറ്റ് സ്റ്റേഡിയം തുടങ്ങി നിരവധി നിര്‍മിതികള്‍ സ്ഥാപിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. സഹായങ്ങള്‍ ലഭിക്കുന്നതില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയിലും ഇന്ത്യ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മൂന്ന് പതിറ്റാണ്ടു നീണ്ടുനിന്ന യുദ്ധത്തേത്തുടര്‍ന്ന് കുടിയിറക്കപ്പെട്ട ശ്രീലങ്കയിലെ തമിഴ് ജനതയെ പുനരധിവസിപ്പിക്കുന്നതിനായി വീടുകള്‍ നിര്‍മിക്കുന്നതിനാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്.

എന്നിരുന്നാലും ഈ കാലഘട്ടത്തിലെ വിദേശ സഹായങ്ങള്‍ നല്‍കുന്നതിന്റെ ശരാശരിയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് വര്‍ഷാവര്‍ഷം ശ്രീലങ്കയ്ക്കുള്ള വിദേശ ധനസഹായത്തില്‍ 69 ശതമാനം ഇടിവാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2012-2013 കാലയളവില്‍ ഇത് 118 ശതമാനത്തിലേക്കെത്തുകയും ചെയ്തു. 2009-10 കാലയളവില്‍ 116 ശതമാനമായിരുന്നു ഇത്. അതുപോലെ തന്നെ മാലിദ്വീപിന് നല്‍കുന്ന വിദേശ ധനസഹായത്തില്‍ 45 ശതമാനത്തിന്റെ വര്‍ധനവാണ് 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത്. 2012-13 വര്‍ഷത്തില്‍ ഇത് 89 ശതമാനം കുറയുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഈ വിദേശ ധനസഹായത്തില്‍ വന്ന വ്യതിയാനങ്ങളുടെയെല്ലാം ഗുണഫലം ലഭിച്ചത് അഫ്ഗാനിസ്ഥാനാണ്.

അഫ്ഗാനിസ്ഥാന്‍ രണ്ടാം സ്ഥാനത്ത്

2007-2008 സാമ്പത്തിക വര്‍ഷത്തിനു മുന്‍പ് വിദേശകാര്യമന്ത്രാലയം അഫ്ഗാനിസ്ഥാന് സഹായം നല്‍കുന്നതിന്റെ സൂചനകള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അതിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള വിദേശ ധനസഹായത്തിന്റെ ഏറ്റവും വലിയ ഉപയോക്താവായി അഫ്ഗാന്‍ മാറി. 2007-2008 കാലയളവിനു മുന്‍പ് നേപ്പാളായിരുന്നു ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഹായം ലഭിക്കുന്ന രണ്ടാമത്തെ രാജ്യം. ബംഗ്ലാദേശ് ഈ സ്ഥാനത്ത് നില നിന്നിരുന്ന മൂന്ന് വര്‍ഷങ്ങളൊഴിച്ച് മറ്റ് വര്‍ഷങ്ങളിലെല്ലാം നേപ്പാള്‍ ഈ നേട്ടം സ്വന്തമാക്കി. ഇന്ത്യ സ്‌പെന്‍ഡ് അനാലിസിസ് നടത്തിയ കണക്കെടുപ്പില്‍ പരിഗണിച്ച 17 വര്‍ഷങ്ങളില്‍ 12 പ്രധാന മേഖലകളില്‍ നിന്നുള്ള ധനസഹായം അഫ്ഗാനിസ്ഥാന് ലഭിച്ചിട്ടുണ്ട്.

ഡാറ്റയില്‍ മന്ത്രാലയം പരാമര്‍ശിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രധാന ഗുണഭോക്താവ്. 2000-01, 2016-17 കാലയളവിനിടയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ ധനസഹായം 57 മടങ്ങാണ് വര്‍ധിച്ചത്. ഷെയറും ഇതേ കാലയളവില്‍ 4.38 ശതമാനം വര്‍ധിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒരു ഗ്രൂപ്പ് എന്ന നിലയില്‍ 2003-04 മുതല്‍ 2004-05 വരെയുള്ള കാലയളവില്‍ മറ്റുള്ള എല്ലാ പ്രദേശങ്ങളെയും രാജ്യങ്ങളെയും പിന്തള്ളി ഇന്ത്യന്‍ സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന രണ്ടാമത്തെ മേഖലകളായി മാറിയതും ശ്രദ്ധേയമായി. ഇതില്‍ സ്ഥിരം സാന്നിധ്യമായി മാറിയത് ഭൂട്ടാന്‍തന്നെ.

2013ല്‍ ഭൂട്ടാന് ഇന്ത്യയുടെ 5000 കോടിയുടെ സഹായ പാക്കേജ് അനുവദിച്ചത് വാര്‍ത്തായിയിരുന്നു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 4500 കോടി രൂപയും പ്രത്യേക സാമ്പത്തിക സഹായമായി 500 കോടി രൂപയുമാണ് ഇന്ത്യ ഭൂട്ടാന് അന്ന് അനുവദിച്ചത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗെയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സഹായ പാക്കേജ് പ്രഖ്യാപിച്ചത്. ഭൂട്ടാനിലെ യുവജന തൊഴില്‍ പദ്ധതികള്‍ക്കും ബാങ്കുകള്‍ക്ക് വായ്പ നല്‍കാനുമാണ് ഈ തുക ഉപയോഗപ്പെടുത്തിയത്.

സ്വീകര്‍ത്താവില്‍ നിന്നും ദാതാവിലേക്ക്

രാജ്യത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വികസന സഹായങ്ങള്‍ ഇന്ത്യ പുറത്തേക്ക് നല്‍കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ വന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സ്വീകര്‍ത്താവ് എന്ന നിലയില്‍ നിന്നും ദാതാവ് എന്ന തലത്തിലേക്ക് മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിങ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്. ഇന്ത്യ ഇപ്പോള്‍ വിദേശ സഹായങ്ങളുടെ ദാതാവാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സഹായങ്ങള്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കായി നല്‍കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിദേശത്തേക്ക് നല്‍കപ്പെടുന്ന വികസന സഹായങ്ങള്‍ക്ക് സാമ്പത്തികമായ ലക്ഷ്യം മാത്രമല്ല ഉള്ളത്. വിദേശരാജ്യങ്ങളിലേക്കുള്ള ഇത്തരം ഫണ്ടുകളുടെ വിതരണം ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്കുള്ള സ്ഥിരാഗംത്വത്തിലേക്ക് കൂടി ഉറ്റുനോക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ഇത്തരം ശ്രമങ്ങള്‍ നിര്‍ണായകമാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 7719.65 കോടിയാണ് ഇന്ത്യ സഹായമായി വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയത്. മറ്റു വിദേശ രാജ്യങ്ങളില്‍ നിന്ന് 2144.77 കോടിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.

Comments

comments

Categories: FK Special, World