ഇന്ത്യ ഡയ്മ്‌ലര്‍, വോള്‍വോ കമ്പനികളുടെ കയറ്റുമതി ഹബ്ബ്

ഇന്ത്യ ഡയ്മ്‌ലര്‍, വോള്‍വോ കമ്പനികളുടെ കയറ്റുമതി ഹബ്ബ്
ഇന്ത്യയില്‍നിന്ന് പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കനേഷ്യ
എന്നിവിടങ്ങളിലേക്കാണ് ഡയ്മ്‌ലര്‍ കയറ്റുമതി ചെയ്യുന്നത്

മുംബൈ : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഡയ്മ്‌ലര്‍, സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ എന്നീ കമ്പനികള്‍ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ വിജയചരിത്രം കുറിക്കും. ഇരു കമ്പനികളും തങ്ങളുടെ വലിയ ട്രക്കുകളുടെയും ആഡംബര ബസ്സുകളുടെയും കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ ഉപയോഗപ്പെടുത്തുകയാണ്. കോംപാക്റ്റ് കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും കയറ്റുമതിക്കപ്പുറം വാഹന നിര്‍മ്മാണ രംഗത്ത് ഇന്ത്യയ്ക്ക് പുതിയൊരു മേല്‍വിലാസം നല്‍കുകയാണ് ഡയ്മ്‌ലര്‍, വോള്‍വോ കമ്പനികള്‍.

ലോകത്തെ ഏറ്റവും വലിയ ഹെവി-ഡ്യൂട്ടി ട്രക്ക് നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഡയ്മ്‌ലര്‍ ഇന്ത്യാ കൊമേഴ്‌സ്യല്‍ വെഹിക്ക്ള്‍സ് (ഡിഐസിവി) ചെന്നൈയിലെ നിര്‍മ്മാണശാലയില്‍നിന്ന് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മെഴ്‌സിഡസ്-ബെന്‍സിന്റെ ബാഡ്ജുമായി ട്രക്കുകളും ബസ്സുകളും കയറ്റുമതി ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മിറ്റ്‌സുബിഷി ഫുസോ ട്രക്കുകള്‍ 28 രാജ്യങ്ങളിലേക്കാണ് ഡിഐസിവി കയറ്റുമതി ചെയ്യുന്നത്. ഫ്രൈറ്റ്‌ലൈനര്‍ ബ്രാന്‍ഡിലുള്ള ഭീമന്‍ ട്രക്കുകള്‍ കമ്പനി ഈ വര്‍ഷം മെക്‌സിക്കോയിലേക്ക് കയറ്റുമതി തുടങ്ങും. 2017 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍നിന്ന് 43,719 യൂണിറ്റ് മീഡിയം, ഹെവി-ഡ്യൂട്ടി ട്രക്കുകളാണ് കയറ്റുമതി ചെയ്തത്. 25 ശതമാനം വളര്‍ച്ച. ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ ഇടിവ് തട്ടിയത് ഈ വിധമാണ് കമ്പനികള്‍ നികത്തിയത്.

വലിയ തോതിലുള്ള കയറ്റുമതി ഇന്ത്യയില്‍ നടത്തിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സ്ഥിരം ചെലവുകള്‍ കണ്ടെത്തുന്നതിന് മെഴ്‌സിഡസ്-ബെന്‍സ്, വോള്‍വോ തുടങ്ങിയ വിദേശ കമ്പനികളെ സഹായിക്കും. കയറ്റുതിയാണ് തങ്ങള്‍ക്ക് മുന്നിലുള്ള ഇന്ത്യയിലെ ബിസിനസ് മോഡലെന്ന് ഡിഐസിവി എംഡി എറിക് നെസ്സല്‍ഹോഫ് വ്യക്തമാക്കി.

ഡയ്മ്‌ലറിന്റെ ആഗോള ട്രക്ക്, ബസ്സ് ബിസിനസ്സുകളില്‍ ഡിഐസിവിക്ക് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളാണ് ഏല്‍പ്പിച്ചുനല്‍കിയിരിക്കുന്നത്. ഈ വര്‍ഷം കയറ്റുമതിക്കായി മൂന്നാം ഉല്‍പ്പന്ന നിര അവതരിപ്പിക്കുന്നതോടെ ഡിഐസിവിയും മിറ്റ്‌സുബിഷി ഫുസോ ട്രക്ക്‌സ് ആന്‍ഡ് ബസ്സസ് കോര്‍പ്പറേഷനും ചേര്‍ന്ന് ഡയ്മ്‌ലര്‍ ട്രക്ക്‌സ് ഏഷ്യ എന്ന പേരില്‍ സഹകരണത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന് നെസ്സല്‍ഹോഫ് പറഞ്ഞു.

ലൈറ്റ്ഡ്യൂട്ടി യുഡി ട്രക്കുകളുടെ കയറ്റുമതി വോള്‍വോ ഈ വര്‍ഷം ആരംഭിക്കും. വിഇ കൊമേഴ്‌സ്യല്‍ വെഹിക്ക്ള്‍സുമായി ചേര്‍ന്നുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിന്റെ മധ്യപ്രദേശ് പീഥംപുരിലെ പ്ലാന്റില്‍നിന്നാണ് യുഡി ട്രക്കുകള്‍ പുറത്തിറക്കുന്നത്. ഇന്തോനേഷ്യന്‍ വിപണിയെ ലക്ഷ്യമാക്കി നിര്‍മ്മിച്ച ട്രക്കുകള്‍ ഈ വര്‍ഷം കപ്പലില്‍ കയറ്റിതുടങ്ങും.

കഴിഞ്ഞ വര്‍ഷം ഡിഐസിവിയുടെ ട്രക്ക് കയറ്റുമതി 4,300 യൂണിറ്റുകളായി ഇരട്ടിയിലധികം വര്‍ധിച്ചിരുന്നു. ഇന്ത്യയില്‍നിന്ന് ഇതുവരെയുള്ള ആകെ കയറ്റുമതി 7,500 യൂണിറ്റുകളായും മാറി. ഇന്ത്യയില്‍നിന്ന് പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലേക്കാണ് ഡയ്മ്‌ലര്‍ കയറ്റുമതി ചെയ്യുന്നത്. ഈ വര്‍ഷം ഡിഐസിവി പത്ത് പുതിയ വിപണികളിലേക്ക് കൂടി ട്രക്കുകള്‍ കയറ്റുമതി ചെയ്തുതുടങ്ങും. കൂടാതെ ഇന്ത്യയില്‍ തങ്ങളുടെ മൂന്നാമത്തെ ട്രക്കും നിര്‍മ്മിക്കും. 9 ടണ്ണില്‍ താഴെ ഭാരം വരുന്ന പുതിയ ട്രക്ക് ഫുസോ ബ്രാന്‍ഡിന്റെ വേരിയന്റ് എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നതിന് മാത്രമാണ് ഉദ്ദേശിക്കുന്നത്.

ഡിഐസിവി പത്ത് രാജ്യങ്ങളിലേക്ക് ബസ്സ് ഫെയിമുകളും പശ്ചിമേഷ്യയിലേക്ക് പൂര്‍ണ്ണമായും നിര്‍മ്മിച്ച മെഴ്‌സിഡസ്-ബെന്‍സ് സ്‌കൂള്‍ ബസ്സും വില്‍ക്കുന്നുണ്ട്. പുതിയ 16-ടണ്‍ ബസ്സ് ഷാസി കയറ്റുമതി ചെയ്യുന്നതുള്‍പ്പെടെ ഈ വര്‍ഷം പത്ത് പുതിയ വിപണികളില്‍ക്കൂടി ഡയ്മ്‌ലര്‍ ഇന്ത്യാ കൊമേഴ്‌സ്യല്‍ വെഹിക്ക്ള്‍സ് സാന്നിധ്യമറിയിക്കും.

കയറ്റുമതി ലക്ഷ്യങ്ങള്‍ വെളിപ്പെടുത്താന്‍ നെസ്സല്‍ഹോഫ് തയ്യാറായില്ല. എന്നാല്‍ ആകെ ഉല്‍പ്പാദനത്തില്‍ കയറ്റുമതിക്കുതന്നെയാണ് ഡിഐസിവി പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രക്കുകള്‍ക്കും ബസ്സുകള്‍ക്കും വിദേശ വിപണികളില്‍ വലിയ താല്‍പ്പര്യം പ്രകടമാണ്. വോള്‍വോയുടെ സ്വന്തം യൂറോപ്പിലേക്കുവേണ്ടി 5-8 ലിറ്റര്‍, മീഡിയം-ഡ്യൂട്ടി യൂറോ 6 എന്‍ജിനുകള്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. ഭാവിയില്‍ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നതിന് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ വോള്‍വോ ബസ്സസ് ആലോചിക്കുന്നു.

പീഥംപുരിലെ മീഡിയം-ഡ്യൂട്ടി എന്‍ജിനുകള്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ പ്ലാന്റിന്റെ ശേഷി പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ കഴിയുമെന്ന് വിഇ കൊമേഴ്‌സ്യല്‍ വെഹിക്ക്ള്‍സ് (വിഇസിവി) എംഡി വിനോദ് അഗ്ഗര്‍വാള്‍ പറഞ്ഞു. വിഇസിവിയാണ് വോള്‍വോയുടെ ഇന്ത്യയിലെ സംയുക്ത സംരംഭ പങ്കാളി. കയറ്റുമതി ലക്ഷ്യം വെച്ച് ടാറ്റ മോട്ടോഴ്‌സും അശോക് ലെയ്‌ലാന്‍ഡും ആധുനിക ട്രക്കുകള്‍ നിര്‍മ്മിക്കുകയാണ്.

Comments

comments

Categories: Auto