ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയ്ക്ക് 97-ാം സ്ഥാനം – 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവിന്റെ പിടിയില്‍

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയ്ക്ക് 97-ാം സ്ഥാനം – 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവിന്റെ പിടിയില്‍

തിരുവനന്തപുരം: ഇന്ത്യന്‍ സാമ്പത്തികരംഗം വന്‍ കുതിപ്പിലാണെങ്കിലും ഇന്ത്യയിലെ 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചുവയസിനു താഴെയുള്ള 48 ശതമാനം കുട്ടികള്‍ വളര്‍ച്ചാമുരടിപ്പിലാണ്. 60 ശതമാനം കുട്ടികള്‍ വിളര്‍ച്ചാബാധിതരും. ഇന്ത്യയിലെ ജനസംഖ്യയില്‍ 70 ശതമാനത്തിനും ലഭിക്കുന്ന സൂക്ഷ്മ പോഷകങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള കണക്കിനേക്കാള്‍ 50 ശതമാനം കുറവാണ് ലഭിക്കുന്നത്. ആഗോള പട്ടിണി സൂചിക പ്രകാരം കടുത്ത ദാരിദ്ര്യം നേരിടുന്ന 118 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 97-ാം സ്ഥാനമാണുള്ളത്. ചൈന (29), നേപ്പാള്‍ (72), മ്യാന്‍മര്‍ (75), ശ്രീലങ്ക (84), എന്നീ അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി വളരെ പരിതാപകരമാണ്.

ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ള 184 ദശലക്ഷം പേരില്‍ ഭൂരിപക്ഷവും ചെറുപ്രായത്തിലുള്ള കുട്ടികളാണെന്ന വസ്തുതയും ആശങ്കാജനകമാണ്. സൂക്ഷ്മ പോഷകങ്ങളുടെ അഭാവം അഥവാ മറഞ്ഞിരിക്കുന്ന പട്ടിണി വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം കുട്ടികള്‍ക്കും വൈറ്റമിന്‍ എ, ഫോളേറ്റ്, വൈറ്റമിന്‍ ബി12, ഇരുമ്പ് എന്നീ പോഷകങ്ങളുടെ കുറവുണ്ട്. വളര്‍ച്ച മുരടിക്കല്‍, പ്രതിരോധശക്തി കുറയല്‍, ബുദ്ധിമാന്ദ്യം, അനീമിയ, ഉത്സാഹക്കുറവ് എന്നിവ ഇതിന്റെ ഫലമാണ്.ഒരു കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കാവശ്യമായ വൈറ്റമിനുകളും ധാതുക്കളും ചേര്‍ന്ന സമീകൃതാഹാരമാണ് അമ്മമാര്‍ വീട്ടില്‍ ഉണ്ടാക്കുന്നത്.

തടിച്ച ശരീര പ്രകൃതിയുള്ള കുട്ടികള്‍ ആരോഗ്യമുളളവരാണെന്ന പൊതുധാരണയാണ് മിക്ക ഇന്ത്യന്‍ അമ്മമാര്‍ക്കുമുള്ളത്. വിവിധ തരം ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാസം തുടങ്ങിയവ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് വൈവിധ്യമുള്ള ഭക്ഷണം നല്‍കുക എന്നതാണ് സൂക്ഷ്മ പോഷകക്കുറവ് സ്ഥിരമായി തടയുന്നതിനുള്ള കാര്യക്ഷമമായ മാര്‍ഗമെന്ന് ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. സാധാരണ മാതാപിതാക്കളെ ശാക്തീകരിച്ച് ബോധവല്‍ക്കരണം നടത്തി പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Top Stories