ഒരു രാഷ്ട്രം ഒരു വിപണി; വരുന്നു കാര്‍ഷിക മേഖലയിലും സമഗ്രമാറ്റം

ഒരു രാഷ്ട്രം ഒരു വിപണി; വരുന്നു കാര്‍ഷിക മേഖലയിലും സമഗ്രമാറ്റം

കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് വഴിവെക്കും

ന്യൂഡെല്‍ഹി: കാര്‍ഷിക ഉല്‍പ്പന്ന വിപണനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി ഒരു പൊതുകാര്‍ഷിക വിപണി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്ക കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വിപണിയില്‍ അടിസ്ഥാന പുനസജ്ജീകരണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാതൃകാ നിയമം ഏപ്രില്‍ 24നാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. നിലവിലെ അമിതമായ നിയന്ത്രണങ്ങളുള്ള വിപണി സാഹചര്യങ്ങള്‍ മാറ്റി, മൊത്ത കമ്പോളങ്ങള്‍ക്ക് അപ്പുറം കര്‍ഷകര്‍ക്ക് കൂടുതല്‍ വിശാലമായ വിപണി പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.

വിവിധ നികുതികളെ ജിഎസ്ടി എങ്ങനെ ഒന്നാക്കിയോ, അതുപോലെ ഒരു രാഷ്ട്രം, ഒരു വിപണി എന്ന മാതൃക കര്‍ഷകര്‍ക്കും വേണ്ടി സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കാര്യക്ഷമമായ വിപണി സംവിധാനമാണ് ഒരുക്കുക-കാര്‍ഷിക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും കരട് നിയമം തയാറാക്കിയ കമ്മറ്റിയുടെ തലവനുമായ അശോക് ദല്‍വായ് പറഞ്ഞു. കാര്‍ഷിക വിപണനം സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിന് ഒരു മാതൃക മാത്രമേ മുന്നോട്ട് വെക്കാന്‍ കഴിയൂ. ഇതിന്റെ അന്തിമമായ നടപ്പാക്കല്‍ സംസ്ഥാന സര്‍ക്കാരുകളെ ആശ്രയിച്ചിരിക്കും. കാര്‍ഷിക ഉല്‍പ്പന്ന വിപണി സമിതി (എപിഎംസി) നിയമത്തിന്റെ മാതൃക ആദ്യം അവതരിപ്പിച്ചത് 2003ലാണ്. ഇതില്‍ കുറച്ച് പുരോഗതികള്‍ വന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കാര്‍ഷിക വ്യാപാരത്തെ ഉദാരവല്‍ക്കരിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുകയാണ്. അത് കര്‍ഷകരെ വിവിധ വിപണികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുക മാത്രമല്ല അവര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും കാരണമാകും-അദ്ദേഹം വ്യക്തമാക്കി.

2016 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്ട്രോണിക് നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് (ഇഎന്‍എഎം) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരുന്നു. 2022 ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഭൂമി പാട്ടത്തിന് കൊടുക്കുന്നതിലും കാര്‍ഷിക വിപണിയിലും കരട് നിയമങ്ങള്‍ കൊണ്ടുവന്നു. കാര്‍ഷിക മേഖലയിലെ റിസ്‌ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. നവീകരിക്കപ്പെട്ട വിള ഇന്‍ഷുറന്‍സ് പദ്ധതിയും ജലസേചന പദ്ധതികളുടെ വന്‍തോതിലുള്ള ധനസഹായവും ഇതോടൊപ്പം ആരംഭിച്ചു. 1991 ല്‍ ആരംഭിച്ച ഉദാരവല്‍ക്കരണ പരിഷ്‌കരണങ്ങള്‍ കൃഷിയെ അവഗണിച്ചു. രാജ്യത്ത് 140 മില്യണ്‍ കുടുംബങ്ങള്‍ ആശ്രയിക്കുന്ന മേഖലയാണിത്-ദല്‍വായ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories