പ്രൊഫഷണല്‍ സാങ്കേതികരംഗത്ത് ‘ക്രൈസ്റ്റി’ന്റെ കരസ്പര്‍ശം

പ്രൊഫഷണല്‍ സാങ്കേതികരംഗത്ത് ‘ക്രൈസ്റ്റി’ന്റെ കരസ്പര്‍ശം
കേരളത്തിന്റെ വിദ്യാഭ്യാസമേഖലക്ക് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള സിഎംഐ
സഭയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ക്രൈസ്റ്റ് കോളെജ് ഓഫ്
എന്‍ജിനീയറിംഗ് സമൂഹത്തിന് ഉത്തമപൗരന്‍മാരെ സംഭാവന ചെയ്യുന്നതിനായുള്ള
തയ്യാറെടുപ്പില്‍

പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയ കോളെജുകളുടെ രംഗപ്രവേശനത്തോടെ ഏറ്റവും ശക്തിയാര്‍ജ്ജിച്ചത് കേരളമാണ്. മാനവവിഭവശേഷിയുടെ കാര്യത്തില്‍ എന്നും രാജ്യത്തിന് അഭിമാനമായ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടായി മാറുകയായിരുന്നു സ്വാശ്രയ കോളെജുകളുടെ വളര്‍ച്ചയും വികാസവും. ഇന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ നിരവധി മേഖലകളില്‍ സ്വാശ്രയമേഖല ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ശാസ്ത്ര, സാങ്കേതിക, മാനെജ്‌മെന്റ് രംഗത്ത് ലോകോത്തര സര്‍വ്വകലാശാലകളില്‍ ലഭ്യമായ കോഴ്‌സുകള്‍ നമ്മുടെ കുട്ടികള്‍ക്കു പ്രദാനം ചെയ്യാന്‍ ഇവിടത്തെ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലായി തെരഞ്ഞെടുക്കുന്നത് എന്‍ജിനീയറിംഗ് വിദ്യാഭ്യാസമായിരിക്കും. വളരെയധികം ജോലിസാധ്യതകള്‍ ഉള്ളതിനാലാണ് ഇന്ന് ഒട്ടുമിക്കവരും ഈ മേഖല തെരഞ്ഞെടുക്കുന്നത്. പണ്ടുകാലത്ത് എന്‍ജിനീയറിംഗ് കോളെജുകള്‍ നമ്മുടെ നാട്ടില്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. വിവിധ പ്രദേശങ്ങളിലായി അനേകം എന്‍ജിനീയറിംഗ് കോളെജുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്.

നിരവധി സംരംഭകര്‍ സ്വാശ്രയവിദ്യാഭ്യാസ മേഖലയിലേക്കു വന്നിട്ടുണ്ടെങ്കിലും രക്ഷകര്‍ത്താക്കളുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞവര്‍ വിരളമാണ്. ഇതിന് പാരമ്പര്യവും മികച്ച സൗകര്യങ്ങള്‍ ഒരുക്കലും മാത്രം പോരാ, മറിച്ച് ഈ രംഗത്ത് നല്‍കിയ സംഭാവനകളും വിലയിരുത്തപ്പെടും. ഭാരതത്തിന്റെ വിദ്യാഭ്യാസമേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള സിഎംഐ സഭയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന കോളെജുകളിലൊന്നാണ് തൃശൂരിലെ ഇരിങ്ങാലക്കുടയില്‍ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് കോളെജ് ഓഫ് എന്‍ജിനീയറിംഗ്. കേരളം കണ്ട ഒട്ടേറെ പ്രഗല്‍ഭരുടെ ഈറ്റില്ലമായിരുന്ന ക്രൈസ്റ്റ് കോളെജിന്റെ പ്രൊഫഷണല്‍ സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സ്ഥാപനമാണിത്.

സ്വാശ്രയ എന്‍ജിനീയറിംഗ് മേഖലയിലെ ക്രൈസ്റ്റ് കോളെജ് മാനെജ്‌മെന്റിന്റെ ആദ്യകാല്‍വെപ്പായി കണക്കാക്കാമെങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സിഎംഐ സഭ വിദ്യാഭ്യാസ രംഗത്ത് നടത്തിയിരിക്കുന്ന മുന്നേറ്റങ്ങള്‍ എടുത്തു പറയേണ്ടതുതന്നെയാണ്. കേരളത്തിനകത്തും പുറത്തുമായി പ്രശസ്്തിയാര്‍ജ്ജിച്ച സ്‌കൂളുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സഭയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. എസ്എച്ച് കോളെജ് തേവര, രാജഗിരി കോളെജ് ഓഫ് എന്‍ജിനീയിറിംഗ് ആന്‍ഡ് ടെക്‌നോളജി, ക്രൈസ്റ്റ് സര്‍വ്വകലാശാല ബെംഗളുരു, കെഇ കോളെജ് മാന്നാനം തുടങ്ങിയവ മികച്ച ഉദാഹരണങ്ങളാണ്.

2015-ലാണ് ക്രൈസ്റ്റ് കോളെജ് ഓഫ് എന്‍ജിനീയറിംഗ് ആരംഭിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് കോളെജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്റെ അംഗീകാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലുള്ള ക്രൈസ്റ്റ് എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാഗമായിട്ടുള്ള കോളെജിന്റെ ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് സിഎംഐ കോണ്‍ഗ്രഗേഷന്റെ ദേവമാത പ്രൊവിന്‍സാണ്. ഇരിങ്ങാലക്കുടയിലുള്ള ജനങ്ങള്‍ തങ്ങളുടെ നാട്ടില്‍ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം വേണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിഎംഐ സഭ ഇവിടെ കോളെജ് ആരംഭിക്കുന്നത്. നിലവില്‍ ബിടെക്ക് കോഴ്‌സുകള്‍ മാത്രം നല്‍കി വരുന്ന കോളെജില്‍ സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ട്രിപ്പിള്‍ ഇ, മെക്കാനിക്കല്‍ തുടങ്ങിയ അഞ്ച് ട്രേഡുകളിലുള്ള കോഴ്‌സുകളാണുള്ളത്.

ഫാദര്‍ ജോണ്‍ പാലിയേക്കരയാണ് ക്രൈസ്റ്റ് കോളെജ് ഓഫ് എന്‍ജിനീയറിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍. വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമാണ് ഇദ്ദേഹത്തിനുള്ളത്. പേരാമ്പ്രയിലുള്ള ഒരു സാധാരണ കുടംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. വൈദികനായ ഇദ്ദേഹം അധ്യാപക വേഷം കൂടി കൈകാര്യം ചെയ്തുവരുന്നു. മുംബൈ സെന്റ് സേവിയേഴ്‌സ് കോളെജില്‍ നിന്നു ബിഎഡ് കരസ്ഥമാക്കിയ ഇദ്ദേഹം ചരിത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളായിരുന്നു പഠിപ്പിച്ചിരുന്നത്. പിന്നീട് സഭയുടെ ആവശ്യപ്രകാരം തൃശൂര്‍ അമല മെഡിക്കല്‍ കോളെജിന്റെ ജോയിന്റ് ഡയറക്റ്റര്‍ എന്ന പദവി ഏറ്റെടുത്തു. അവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തെ എംബിഎ പഠിക്കുന്നതിനായി സഭ അമേരിക്കയിലേക്ക് അയയ്ക്കുന്നത്.

തിരിച്ചെത്തിയ അദ്ദേഹം തൃശൂര്‍ അമലയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. അതിനുശേഷം ചാലക്കുടി കാര്‍മല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. വീണ്ടും അമേരിക്കയില്‍ പഠനത്തിനായി പോകുകയും തിരിച്ചെത്തിയ ശേഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലോര്‍ഡ്‌സ് അക്കാഡമി എന്ന ഐസിഎസ്ഇ സ്‌കൂളും ആരംഭിക്കുകയുണ്ടായി. പിന്നീട് മുംബൈയിലേക്ക് തിരിച്ച അദ്ദേഹം അവിടെയുള്ള സഭയുടെ സ്‌കൂളുകളില്‍ പ്രിന്‍സിപ്പലിന്റെ പദവി വഹിച്ചു. ഈ ഘട്ടത്തിലാണ് ക്രൈസ്റ്റിന്റെ വിവിധ വിഭാഗങ്ങളുടെ മാനേജര്‍ പദവിയിലേക്ക് ഫാദര്‍ ജോണിനെ സഭ നിയോഗിക്കുന്നത്. അതിനുശേഷം നാട്ടുകാരുടെ ആവശ്യപ്രകാരമാണ് സഭയുടെ നേതൃത്വത്തില്‍ ഫാദര്‍ കോളെജിന്റെ നിര്‍മാണം നടത്തുന്നതും, മാനേജര്‍ പദവിയില്‍ എത്തുന്നതും.

വിദ്യാഭ്യാസം കച്ചവടമാക്കുന്ന രീതിയല്ല ക്രൈസ്റ്റില്‍. സാമ്പത്തികമായി പിന്നിലായതിന്റെ പേരില്‍ പഠിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ഫീസ് തടസം ആകുകയില്ല. ഇത്തരത്തില്‍ സാമ്പത്തിക പിരിമുറുക്കം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളോട് ഫീസ് ആനൂകൂല്യങ്ങള്‍ കൈപ്പറ്റാന്‍ മാനേജ്‌മെന്റ് അങ്ങോട്ട് ആവശ്യപ്പെടാറാണുള്ളത് എന്ന് ഫാദര്‍ ജോണ്‍ പാലിയേക്കര പറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസരംഗം തീര്‍ത്തും സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്, ഈ രീതിയില്‍ നിന്നു മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ് എന്നാണ് ഫാദര്‍ ജോണ്‍ അവകാശപ്പെടുന്നത്. പലപ്പോഴും സ്‌കൂളുകളിലും കോളെജുകളിലുമായി നമ്മള്‍ പഠിക്കുന്ന പല കാര്യങ്ങളും പ്രായോഗിക ജീവിതത്തില്‍ ഉപകാരപ്പെടാത്തവയാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒരു വ്യക്തിക്ക് തന്റെ രക്ഷകര്‍ത്താക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നേരിട്ടുള്ള അറിവുകളാണ് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിയറി ക്ലാസുകളെക്കാള്‍ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ക്ക് പ്രാധാന്യം നല്‍കണം എന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ടുവച്ചു.

വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും പലതരത്തിലുള്ള കഴിവുകളായിരിക്കും ഉള്ളത്‌, ചിലര്‍ പാഠ്യവിഷയങ്ങളിലാണു മികവു പുലര്‍ത്തുന്നതെങ്കില്‍ മറ്റു ചിലര്‍ പ്രായോഗിക രംഗത്തായിരിക്കും മിടുക്കു തെളിയിക്കുന്നത്. ഇത്തരം വൈവിധ്യമാര്‍ന്ന കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ വികസിപ്പിച്ചെടുക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് ഫാദര്‍ ജോണ്‍ പാലിയേക്കര നേതൃത്വം വഹിക്കുന്നത്.

ഇപ്പോള്‍ കേരളത്തിലുള്ള മികച്ച കോളെജുകളുമായി കിടപിടിക്കുന്ന തരത്തിലുള്ള ലാബുകളും, വര്‍ക്ക്‌ഷോപ്പ് സംവിധാനങ്ങളുമാണ് ക്രൈസ്റ്റിലും ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാവപ്പെട്ടവന്‍, പണക്കാരന്‍ എന്ന വകതിരിവില്ലാതെ എല്ലാവര്‍ക്കും ഏറ്റവും മികച്ച രീതിയിലുള്ള സാങ്കേതികവിദ്യാഭ്യാസം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുകയാണ് പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിനുമപ്പുറം ക്രൈസ്റ്റില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥി ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും ലഭിച്ച വിദ്യാഭ്യാസത്തില്‍ സംതൃപ്തിയുള്ളവനായിരിക്കണം എന്ന കാഴ്ച്ചപ്പാടാണ് ഫാദര്‍ ജോണിന്റെത്.

കേരള ടെക്‌നിക്കല്‍ സര്‍വ്വകലാശാലയുടെ(കെടിയു) കടന്നുവരവ് എന്‍ജിനീയറിംഗ് മേഖലക്ക് ഒരു നേട്ടമായാണ് ഫാദര്‍ ജോണ്‍ കാണുന്നത്. കാരണം ഇന്ന് കേരളത്തില്‍ നിരവധി എന്‍ജിനീയറിംഗ് കോളെജുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസത്തിനായി കോളെജ് തിരഞ്ഞെടുക്കുമ്പോള്‍ ആ സ്ഥാപനത്തെ കുറിച്ച് വിശദമായി പഠിച്ചിരിക്കണം. കെടിയുവിന്റെ വെബ്‌സൈറ്റ് ഇത്തരത്തിലുള്ള പഠനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണ്. കാരണം ഓരോ കോളെജിന്റെയും റിസള്‍ട്ട് അവര്‍ കൃത്യമായി വെബ്‌സൈറ്റില്‍ നല്‍കാറുണ്ട്. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും കോളെജിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കും. തെറ്റിദ്ധാരണകളുടെ പുറത്ത് വിദ്യാര്‍ത്ഥികള്‍ നിലവാരമില്ലാത്ത കോളെജില്‍ ചേര്‍ന്നാല്‍ത്തന്നെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കോളെജ് മാറാനുള്ള സൗകര്യവും കെടിയുവില്‍ ലഭ്യമാണ്. അതുകൂടാതെ ഒരു വര്‍ഷത്തിനു ശേഷം ട്രേഡ് മാറാനുള്ള സൗകര്യവും കെടിയുവില്‍ ഉണ്ട്.

എന്‍ജിനീയറിംഗ്, എംബിബിഎസ് തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ പ്രതിബദ്ധത ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”സമൂഹത്തിനോട് വളരെ അധികം ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട വ്യക്തികളാണ് എന്‍ജിനീയര്‍മാരും, ഡോക്റ്റര്‍മാരും. മാത്രമല്ല സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന വിദ്യാഭ്യാസമാണ് ഇവ, പുറത്ത് നിന്നും നോക്കുന്നവര്‍ക്ക് ഇവരോട് ഒരു ശത്രുത ഉണ്ടായിരിക്കും. അവയില്‍ നിന്നു മാറ്റം വരുത്താന്‍ ഇവര്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലണം. പൊതു സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയെന്നതാണ് ജനങ്ങളുടെ ഇത്തരത്തിലുള്ള മനോഭാവങ്ങള്‍ക്ക് മാറ്റം വരുത്താനായി ചെയ്യാന്‍ സാധിക്കുന്നത്, ” അദ്ദേഹം നിര്‍ദേശിക്കുന്നു. ക്രൈസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

സേവനത്തിനൊപ്പം പഠനം എന്ന രീതിയാണ് ഇവിടെ ഫാദര്‍ ജോണ്‍ സ്വീകരിച്ചിരിക്കുന്നത്. പാവപ്പെട്ടവരുടെ വീടുകളിലും സര്‍ക്കാര്‍ ആശുപത്രികകളിലും ഇലക്ട്രിക്കല്‍ വിഭാഗത്തിലെ കുട്ടികളുടെ സഹായത്തോടെ വൈദ്യുതി സംബന്ധമായ തകരാറുകളും, ജോലികളും ചെയ്തുകൊടുക്കുന്നു. ഇതുപോലെ ഓരോ ട്രേഡുകള്‍ക്കും അവര്‍ക്കും കൂടി ഗുണം ലഭിക്കുന്നതരത്തിലുള്ള പൊതുപ്രവര്‍ത്തന പരിപാടികളിലാണ് ഏര്‍പ്പെടുത്തുന്നത്. മാത്രമല്ല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍എസ്എസ്) വളരെ സജീവമായിട്ടുള്ള രണ്ട് യൂണിറ്റകളും കോളെജില്‍ പ്രവര്‍ത്തിച്ചു വരുന്നു. എന്‍എസ്എസിന്റെ കീഴിലും നിരവധി ശുചീകരണ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണ പരിപാടികളും മറ്റും നടന്നു വരുന്നു. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സമൂഹത്തിന് ഉപകാരപ്രദമായിട്ടുള്ള ഉത്തമപൗരന്‍മാരെ സൃഷ്ടിക്കുക എന്നതുകൂടിയാണ് തങ്ങളുടെ ഈ സ്ഥാപനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫാദര്‍ ജോണ്‍ സാക്ഷ്യപ്പെടുത്തി.

വിദ്യാഭ്യാസത്തിനൊപ്പം കുട്ടികള്‍ക്കുള്ളിലെ കലാ-കായിക വാസനകളെയും വളര്‍ത്തിയെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കലാ-കായിക മേളകളും നടത്തിവരുന്നു. കൂടാതെ മാസത്തിലൊരു ദിവസം കുട്ടികളുടെയും, അധ്യാപകരുടെയും പരിപാടികള്‍ നടത്തുന്നതിനായി മാറ്റി വച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ളിലെ മാനസികമായ പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനായി ഇത്തരത്തിലുള്ള പരിപാടികള്‍ വളരെയധികം സഹായകമാണ് എന്നാണ് ഫാദര്‍ ജോണ്‍ പാലിയേക്കര പറയുന്നത്. മാത്രമല്ല പല മേഖലയിലും പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തികളെ കൊണ്ടുവന്ന് മോട്ടിവേഷണല്‍ ക്ലാസുകളും, പലതരത്തിലുള്ള ബോധവല്‍ക്കരണ ക്ലാസുകളും നല്‍കാറുണ്ട്. തുടക്കം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടാനുള്ള പരിശീലനങ്ങളും കോളെജില്‍ നല്‍കി വരുന്നു. ഒരു അഭിമുഖം നേരിടേണ്ടിവരുമ്പോള്‍ ഭാഷ, അവതരണം, പ്രോജ്ക്റ്റുകള്‍ തുടങ്ങിയവയെല്ലാം വളരെ പ്രധാനമാണ്. ഇതിനെല്ലാമുള്ള പരിശീലനങ്ങള്‍ കോളെജ് സജ്ജമാക്കിയിട്ടുണ്ട്.

സാങ്കേതിക സ്ഥാപനങ്ങളെ വിജയപഥത്തിലെത്തിക്കാന്‍ എന്താണു മാര്‍ഗമെന്ന ചോദ്യത്തിന് ഫാദര്‍ ജോണ്‍ പാലിയേക്കരയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. ”ഒരു കോളെജിന്റെ നിര്‍മ്മാണസമയത്ത് ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനം സൃഷ്ടിച്ചെടുക്കണമെങ്കില്‍ മികച്ച കാംപസ്, ലൈബ്രറി, അധ്യാപകര്‍, ലാബുകള്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷികമാണ്. ഇവയെല്ലാം ക്രമീകരിക്കുന്നതിന് മുമ്പേ കേരളത്തിനകത്തും പുറത്തുമുള്ള മികച്ച സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഉപകാരപ്പെടും. അതിനൊപ്പം ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ നടത്തിവരുന്ന വിദഗ്ധരോട് ഉപദേശം തേടുകയും വേണം,” അദ്ദേഹം നിര്‍ദേശിച്ചു.

ഫാദര്‍ ജോണ്‍ പാലിയേക്കര, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍, ക്രൈസ്റ്റ് കോളെജ് ഓഫ് എന്‍ജിനീയറിംഗ്

 

” വിദ്യാഭ്യാസം കച്ചവടമാക്കുന്ന രീതിയല്ല ക്രൈസ്റ്റില്‍. സാമ്പത്തികമായി പിന്നിലായതിന്റെ പേരില്‍ പഠിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ഫീസ് തടസം ആകുകയില്ല. ഇത്തരത്തില്‍ സാമ്പത്തിക പിരിമുറുക്കം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളോട് ഫീസ് ആനൂകൂല്യങ്ങള്‍ കൈപ്പറ്റാന്‍ മാനേജ്‌മെന്റ് അങ്ങോട്ട് ആവശ്യപ്പെടാറാണുള്ളത് ”

 

 

Comments

comments

Categories: Education, FK Special