‘ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ദലൈലാമയെ ഫണ്ട് ചെയ്യുന്നു’

‘ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ദലൈലാമയെ ഫണ്ട് ചെയ്യുന്നു’
രഹസ്യവിവരങ്ങള്‍ വിദേശ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതുള്‍പ്പെടെ
അതിഗുരുതരമായ ആരോപണങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ
ഉയര്‍ന്നിരിക്കുന്നത്

ബെയ്ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി ആരോപണം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാവ് തന്നെയാണ് തന്റെ ചില സഹപ്രവര്‍ത്തകെക്കുറിച്ച് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലാമയെ ഫണ്ട് ചെയ്യുന്നതിലൂടെ രാജ്യത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുകയാണ് പാര്‍ട്ടിയിലെ ആ നേതാക്കള്‍ ചെയ്യുന്നതെന്നും ആരോപണമുന്നിയിച്ചിട്ടുണ്ട്.

ചില പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങള്‍ ചില നേതാക്കള്‍ അവഗണിക്കുകയാണ്. രാജ്യത്തിനെതിരെ നടക്കുന്ന വിഘടനവാദ ശ്രമങ്ങളും അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു-ടിബറ്റിലെ അച്ചടക്ക സമിതിയുടെ ചുമതലയുള്ള വാംഗ് യോംഗ്ജണ്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാംഗിന്റെ ആരോപണം പുറത്തുവന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പത്രത്തിലായതിനാല്‍ തന്നെ ഇതിന് അതീവപ്രാധാന്യം അര്‍ഹിക്കുന്നു.

ചില പാര്‍ട്ടി നേതാക്കള്‍ ലാമയ്ക്ക് സംഭാവന നല്‍കി. നിയമവിരുദ്ധമായ രഹസ്യ സംഘടനകളില്‍ ചേര്‍ന്നു. വിദേശ സംഘടനകള്‍ക്കു വേണ്ടി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി-ഗ്ലോബല്‍ ടൈംസില്‍ വാംഗ് എഴുതി. വിഘടനവാദത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ ശ്രമത്തെ ഈ നേതാക്കളുടെ പ്രവൃത്തികള്‍ ദുര്‍ബലപ്പെടുത്തുന്നതായും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തെ തുടര്‍ന്ന് 1959ല്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത 14ാമത് ദലൈലാമയെ വിഘടനവാദിയായാണ് ചൈനയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കാണുന്നത്. അടുത്തിലെ ലാമ നടത്തിയ അരുണാചല്‍ സന്ദര്‍ശനം ചൈനയെ വലിയ തോതില്‍ പ്രകോപിപ്പിച്ചിരുന്നു. ലാമയുടെ സന്ദര്‍ശനം തടയാതിരുന്ന ഇന്ത്യ അതിന് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ ഇടപെടും എന്നുമെല്ലാം ഗ്ലോബല്‍ ടൈംസ് പത്രത്തിലൂടെ ചൈന ഭീഷണി മുഴക്കിയിരുന്നു. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ചൈന ഇടപെടേണ്ട കാര്യമില്ലെന്നും ആയിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശക്തമായ നടപടി.

Comments

comments

Categories: Top Stories