ദാരിദ്രം അകറ്റാന്‍ ചൈനയുടെ പുതിയ സമീപനം

ദാരിദ്രം അകറ്റാന്‍ ചൈനയുടെ പുതിയ സമീപനം
2020-ാടെ രാജ്യത്ത് ദാരിദ്രമകറ്റാനുള്ള ശ്രമത്തിലാണു ചൈന. 2021-ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ്
 പാര്‍ട്ടി 100-ാം വാര്‍ഷികം ആചരിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ ദാരിദ്ര
 രഹിതമാക്കുക എന്നതിനു ഭരണകൂടം പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. കാരണം
 പൗരന്മാരുടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വരുമാനത്തില്‍
 നിലനില്‍ക്കുന്ന അസമത്വത്തിനു പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ്
 പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.ദാരിദ്രം തുടച്ചുനീക്കുക എന്ന ലക്ഷ്യം
 നേടാന്‍ സാധിച്ചില്ലെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി തന്നെയായിരിക്കും.
 ആ പേരുദോഷം കേള്‍പ്പിക്കാന്‍ പാര്‍ട്ടി ഒരിക്കലും തയാറാവുകയുമില്ല.

പശ്ചിമ ചൈനയുടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രവിശ്യകളിലൊന്നാണു നിങ്‌സിയ. കാലികളെ മേയ്ക്കുന്ന തൊഴിലിലാണ് ഇവിടെ ഭൂരിഭാഗം പേരും ഏര്‍പ്പെട്ടിരിക്കുന്നത്. നിങ്‌സിയ പ്രവിശ്യയില്‍ കാലികളെ മേയ്ച്ചു നടന്നിരുന്ന ടിയാങ് എന്നു പേരുള്ള പ്രദേശവാസി കഴിഞ്ഞ വര്‍ഷം മിന്നിംഗ് എന്ന സമീപത്തുള്ള ചെറുപട്ടണത്തിലേക്കു താമസം മാറ്റുകയുണ്ടായി. ഇവിടേയ്ക്കു താമസം മാറ്റാന്‍ ടിയാങിനു കാരണവുമുണ്ടായിരുന്നു. മിന്നിംഗിലുള്ള തദ്ദേശസ്ഥാപനം, ദാരിദ്ര ലഘൂകരണ പദ്ധതി പ്രകാരം, ടിയാങിന് ഒരു ജോലി തരപ്പെടുത്തി കൊടുത്തു. കൂണ്‍ കൃഷി, അലങ്കാര ചെടികള്‍ എന്നിവ വളര്‍ത്തല്‍, അവ പരിചരിക്കല്‍ തുടങ്ങിയവയായിരുന്നു ടിയാങിന്റെ ജോലി. ഈ ജോലിക്കു ടിയാങിന് പ്രതിവര്‍ഷം 20,000 യുവാന്‍ (2,900 ഡോളര്‍) ശമ്പളം നല്‍കാമെന്നു തദ്ദേശ സ്ഥാപനം വാഗ്ദാനം നല്‍കുകയും ചെയ്തു. ഈ തുക ചൈനയില്‍ നല്‍കുന്ന മിനിമം ശമ്പളത്തിന്റെ ആറിരട്ടിയാണ്. ഇത്രയും മികച്ചൊരു തുക വാഗ്ദാനം ലഭിക്കുമ്പോള്‍ ടിയാങിനെ പോലെ ദാരിദ്ര്യമനുഭവിക്കുന്നവര്‍ എങ്ങനെ വേണ്ടെന്നു വയ്ക്കും.

മിന്നിംഗ് ഇന്ന് ഒരു മാതൃക പട്ടണമാണ്. ഇവിടെ ദാരിദ്ര ലഘൂകരണ പദ്ധതിക്കു തുടക്കമിട്ടത് ഇപ്പോഴത്തെ ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിങാണ്. 1999-2002 കാലഘട്ടത്തിലാണു പദ്ധതി ആരംഭിച്ചത്. അന്നു ജിന്‍പിങ് ഫ്യുജിയാന്‍ എന്ന സമ്പന്ന പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു. 1999-2002 കാലഘട്ടത്തില്‍ ജിന്‍പിങ് മിന്നിംഗില്‍ തുടക്കമിട്ട ദാരിദ്ര ലഘൂകരണ പദ്ധതി ഇപ്പോള്‍ ചൈനയിലുടനീളം വ്യാപകമാക്കിയിരിക്കുകയാണ്. മിന്നിംഗ് പ്രവിശ്യ നടപ്പിലാക്കിയ മാതൃക ചൈനയിലെ പ്രവിശ്യകള്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളും പിന്തുടരാനുള്ള ശ്രമത്തിലാണ്. ലോകത്ത് ദാരിദ്രം തുടച്ചുനീക്കാനുള്ള ശ്രമത്തില്‍, ചൈന നടത്തുന്നത് ശ്രദ്ധേയ പ്രവര്‍ത്തനമാണ്. നഗരങ്ങളില്‍ ദാരിദ്രം തുടച്ചു നീക്കുന്നതില്‍ ചൈന മാതൃകയാണ്. 2020-ാടെ ദാരിദ്ര രേഖയ്ക്കു താഴെ ആരും ഉണ്ടാകരുതെന്നാണു ചൈന ലക്ഷ്യമിടുന്നത്.

രാജ്യത്തെ ദാരിദ്രമുക്തമാക്കുകയാണു തന്റെ പ്രധാന ലക്ഷ്യമെന്ന് രണ്ട് വര്‍ഷം മുന്‍പ് പ്രസിഡന്റ് ജിന്‍പിങ് പ്രസ്താവിക്കുകയുണ്ടായി. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 2021-ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ ദാരിദ്ര രഹിതമാക്കുക എന്നതിനു ഭരണകൂടം പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. കാരണം പൗരന്മാരുടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വരുമാനത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിനു പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റിയതു തന്നെ ദുരിതം അനുഭവിക്കുന്നവര്‍ നടത്തിയ വിപ്ലവസമരമാണ്. അധികാരത്തിലിരുന്നിട്ടും ദാരിദ്രം തുടച്ചുനീക്കുക എന്ന ലക്ഷ്യം നേടാന്‍ സാധിച്ചില്ലെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി തന്നെയായിരിക്കും. ആ പേരുദോഷം കേള്‍പ്പിക്കാന്‍ പാര്‍ട്ടി ഒരിക്കലും തയാറാവുകയുമില്ല.

ചൈനയുടെ ഇതുവരെയുള്ള വിജയം സാമ്പത്തിക വളര്‍ച്ചയില്‍ അധിഷ്ഠിതമാണ്. സാമ്പത്തിക വളര്‍ച്ചയിലൂടെ വൈദഗ്ധ്യമുള്ളവര്‍ക്കായി തൊഴില്‍ സൃഷ്ടിക്കാനും ചൈനയ്ക്കു സാധിച്ചു. ഇതിലൂടെ ദാരിദ്രം ഒരു പരിധി വരെ തുടച്ചുനീക്കാനായി. എന്നാല്‍, ദാരിദ്ര ലഘൂകരണ ഉദ്ദ്യമത്തില്‍ അവസാന ഘട്ടമാണ് ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞിരിക്കുന്നത്. കാരണം ശാരീരികമായും മാനസികമായും വൈകല്യമുള്ള പാവപ്പെട്ടവരും ദുര്‍ബലരുമായവര്‍ക്കു തൊഴിലില്‍ തുടരാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്നെ ഇവരുടെ ജീവിത നിലവാരത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാനും സാധിച്ചിട്ടില്ല. സമീപകാലത്ത് ചൈനയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ ജനസംഖ്യയുടെ 46 ശതമാനം പേര്‍ പാവപ്പെട്ടവരാണെന്നു കണ്ടെത്തുകയുണ്ടായി. ഇതിനുള്ള കാരണം അവര്‍ അനാരോഗ്യമുള്ളവരും ശാരീരിക വൈകല്യമുള്ളവരുമാണ് എന്നതാണ്.

ദാരിദ്രമകറ്റാന്‍ വ്യക്തികളെ ലക്ഷ്യമാക്കി പദ്ധതികള്‍ തയാറാക്കുക എന്നതിനു ചൈന മുന്‍തൂക്കം കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായി 2014-ല്‍ സര്‍ക്കാര്‍, ദാരിദ്ര രേഖയ്ക്കു താഴെയുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും (poverty-household registry) രജിസ്റ്റര്‍ തയാറാക്കുകയുണ്ടായി. ഫിലിപ്പൈന്‍സും മെക്‌സിക്കോയും ഇത്തരത്തില്‍ രജിസ്റ്റര്‍ സൂക്ഷിക്കുന്ന രാജ്യങ്ങളാണ്. ഈ രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര ലഘൂകരണ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്നതാണു ഗുണം. മാത്രമല്ല ദരിദ്രജനവിഭാഗങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും അതിലൂടെ ധൂര്‍ത്തും അഴിമതിയും ഒഴിവാക്കുവാനും സാധിക്കുമെന്നതും രജിസ്റ്ററിന്റെ ഗുണങ്ങളിലൊന്നാണ്.

ദാരിദ്രം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ ചൈന, ദിബാവോ എന്ന പേരില്‍ minimum income guarantee 1990-കളില്‍ നടപ്പിലാക്കിയിരുന്നു. ദിബാവോ ചൈനീസ് സര്‍ക്കാരിന്റെ ഫണ്ടാണെങ്കിലും തുക ചെലവഴിക്കുന്നതിനുള്ള അധികാരം പ്രാദേശിക ഭരണകൂടത്തിനാണ്. ദിബാവോ പദ്ധതി 2007-ല്‍ രാജ്യത്താകമാനം വ്യാപിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇടക്കാലത്ത് ഈ പദ്ധതി അഴിമതിയില്‍ മുങ്ങി. ഗുണഭോക്താക്കളില്‍ പലര്‍ക്കും പദ്ധതിയുടെ ഗുണം ലഭിച്ചില്ല. അനര്‍ഹരുടെ കൈകളില്‍ ദിബാവോ എത്തിച്ചേരുകയുമുണ്ടായി. 2007-2009 കാലയളവില്‍ ലോക ബാങ്ക് നടത്തിയ സര്‍വേയില്‍ ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളില്‍ വെറും പത്ത് ശതമാനം കുടുംബങ്ങള്‍ മാത്രമാണു ദിബാവോയുടെ ഗുണഭോക്താക്കളെന്നു കണ്ടെത്തുകയുണ്ടായി. ദിബാവോയുടെ 90 ശതമാനവും അനര്‍ഹരുടെ കൈകളിലാണ് എത്തിച്ചേര്‍ന്നത്. 2015-ല്‍ നടത്തിയ അന്വേഷണത്തില്‍ ഹെനാന്‍ പ്രവിശ്യയിലെ ഒരു ഉദ്യോഗസ്ഥന്‍, ദരിദ്രവിഭാഗങ്ങളുടെ പേരില്‍ 267 വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.

ദാരിദ്ര നിര്‍മാര്‍ജ്ജനത്തിനായുള്ള സര്‍ക്കാരിന്റെ ക്ഷേമ ഫണ്ടുകള്‍ ഇയാള്‍ ഈ വ്യാജ അക്കൗണ്ടുകളിലേക്കു മാറ്റി. ഇത്തരത്തില്‍ 5,00,000 യുവാന്‍ തട്ടിച്ചെടുക്കുകയും ചെയ്തു. ദിബാവോ പദ്ധതിക്കു നിരവധി പോരായ്മകളുണ്ടെങ്കിലും ഗ്രാമങ്ങളിലെ ദാരിദ്ര്യമകറ്റാന്‍ സാധിച്ചിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ചൈനയില്‍ ദരിദ്ര ജനവിഭാഗങ്ങള്‍ ഏറ്റവുമധികം ഉള്ളത് ഗ്രാമങ്ങളിലാണ്. നഗരങ്ങളില്‍ ദരിദ്രര്‍ ഇല്ലെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. ഓരോ നഗരവാസികളും പ്രതിവര്‍ഷം 2,300 യുവാന്‍ വരുമാനമുള്ളവരാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ നഗരത്തിലെ ജീവിത ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വരുമാനം തീരെ അപര്യാപ്തവുമാണെന്നതു മറ്റൊരു യാഥാര്‍ഥ്യം. ചൈനയില്‍ മിന്നിംഗ് പ്രവിശ്യ മാതൃകയില്‍ മറ്റ് പ്രവിശ്യകളില്‍ കൂടുതല്‍ തൊഴില്‍ പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ചൈനയെ ദാരിദ്ര മുക്തമാക്കാനുള്ള പ്രസിഡന്റ് ജിന്‍പിങിന്റെ ശ്രമങ്ങള്‍ 2020-ല്‍ സാക്ഷാത്കരിക്കപ്പെടുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.

Comments

comments

Categories: World