യുഎസ് സാമ്പത്തിക വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വേഗതയില്‍

യുഎസ് സാമ്പത്തിക വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വേഗതയില്‍

വാഷിംഗ്ടണ്‍: ജനുവരി- മാര്‍ച്ച് പാദത്തില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ വേഗതയാണ് പ്രകടമാക്കിയതെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ചെലവിടലില്‍ കാര്യമായ കുറവ് വരുത്തിയതാണ് സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്ന വളര്‍ച്ചാ ലക്ഷ്യത്തില്‍ നിന്നും വളരെ അകലെയാണ് ജനുവരി-മാര്‍ച്ച് പാദ ഫലമുള്ളത്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള വെല്ലുവിളികള്‍ കൂടിയാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മുന്‍ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് നടപ്പു വര്‍ഷം 0.7 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാലാം പാദത്തില്‍ ജിഡിപിയില്‍ 2.1 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിച്ച സ്ഥാനത്താണിതെന്ന് യുഎസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഉപഭോക്താക്കളുടെ ചെലവിടല്‍ ചുരുങ്ങിയതാണ് പ്രധാനമായും ജിഡിപിയില്‍ പ്രതിഫലിച്ചത്. ഉപഭോക്തൃ ചെലവിടലില്‍ നാലാം പാദത്തില്‍ 3.5 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 0.3 ശതമാനമായി കുറഞ്ഞു. ഇത് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും വരും പാദങ്ങളില്‍ ശക്തമായ വളര്‍ച്ച അനുഭവപ്പെടുമെന്നുമാണ് യുഎസ് കണക്കുകൂട്ടുന്നത്. ഉപഭോക്തൃ ചെലവിടല്‍ തിരിച്ചുപിടിക്കുന്നതിലൂടെ വളര്‍ച്ചാ നിരക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ തൊഴില്‍ വളര്‍ച്ചയും, ശമ്പള വര്‍ധനയും ഭാവിയില്‍ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാം പാദത്തില്‍ ശക്തമായ പ്രകടനം നിരീക്ഷിച്ചതിനു ശേഷം അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ വളര്‍ച്ചയില്‍ ക്ഷീണം നിരീക്ഷിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതേ രീതിയാണ് യുഎസ് സമ്പദ്‌വ്യവസ്ഥ തുടരുന്നത്.

ചൂട് കാലാവസ്ഥ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ഘടകങ്ങളാണ് ഉപഭോക്തൃ ചെലവിടലിലെ ഗണ്യമായ ഇടിവിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. രണ്ടാം പാദത്തില്‍ ഉപഭോക്തൃ-പൊതു ചെലവിടല്‍ വര്‍ധിക്കുമെന്നും ഇത് ശക്തമായ വളര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഎംഒ കാപിറ്റല്‍ മാര്‍ക്കറ്റ്‌സില്‍ നിന്നുള്ള മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ സാല്‍ ഗുവാതിയേരി അഭിപ്രായപ്പെട്ടു. ഒന്നാം പാദത്തിലെ മോശം പ്രകടനം ട്രംപ് നിര്‍ദേശിക്കുന്ന പുതിയ നയങ്ങളുടെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് യുഎസ് കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് അഭിപ്രായപ്പെട്ടത്.

Comments

comments

Categories: Business & Economy, World