ഗ്രാമീണ വിദ്യാഭ്യാസസാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഉഗം

ഗ്രാമീണ വിദ്യാഭ്യാസസാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഉഗം
സേവനം വിദ്യ പകരുന്നതിലൂടെ ഗ്രാമീണ മേഖലകളില്‍ പഠനനിലവാരം ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത മനസിലാക്കിയ ലോപ ഗാന്ധിയുടെ പരിഹാരശ്രമങ്ങളെക്കുറിച്ച് അറിയാം

വികസനം കടന്നുചെല്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. ഇവിടെ വിദ്യാഭ്യാസവും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട നിരവധി ആളുകളാണ് ജീവിക്കുന്നത്. ഇത്തരത്തിലുള്ള ഝാര്‍ഖണ്ഡിന്റെ വിദൂരഗ്രാമ പ്രദേശങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ വെളിച്ചവുമായി കടന്നു ചെന്നിട്ടുള്ള സംഘടനകളിലൊന്നാണ് ഉഗം ഫൗണ്ടേഷന്‍. 2015 ജൂലൈയിലാണ് ഉഗം ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. 40കാരി ലോപ ഗാന്ധിയാണ് ഉഗം ഫൗണ്ടേഷന്റെ സ്ഥാപക. വിദ്യാഭ്യാസരംഗത്ത് 18 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഇവര്‍ നിരവധി ഗ്രാമ പ്രദേശങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ നേരിട്ടുകണ്ടറിഞ്ഞു. തന്നാല്‍ കഴിയുന്ന പരിഹാരങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് സുഹൃത്തുകളുടെയും, അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഉഗം ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്.

ഒരിക്കല്‍ ഝാര്‍ഖണ്ഡ് സന്ദര്‍ശിച്ച വേളയില്‍ അവിടുത്തെ ഒരു പത്രപ്രവര്‍ത്തകന്റെ സഹായത്തോടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ എജ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ തയാറാക്കിയ വിദ്യാഭ്യാസമേഖലയെ സംബന്ധിച്ചുള്ള കണക്കുകള്‍ ലോപ ശേഖരിക്കുകയുണ്ടായി. വിദ്യാഭ്യാസ നിലവാരത്തിലും, അടിസ്ഥാന സൗകര്യത്തിലും 35 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഝാര്‍ഖണ്ഡ് 34-ാം സ്ഥാനത്താണെന്നു കണ്ടെത്തി. നിലവില്‍ ഝാര്‍ഖണ്ഡിന്റെ വിദ്യാഭ്യാസരംഗത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് ഉഗം ഫൗണ്ടേഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സാഹചര്യങ്ങളോട് ജനങ്ങള്‍ക്ക് തോന്നിയിരിക്കുന്ന വൈരുധ്യങ്ങളും, തെറ്റിദ്ധാരണകളും മാറ്റിയെടുക്കുക എന്ന നടപടിയില്‍ നിന്നുമാണ് ഉഗം ആരംഭിച്ചത്. ഇത്തരത്തിലുള്ള തോന്നലുകളെ അകറ്റി ജനങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷയും, ശൂഭചിന്തയും നല്‍കി. ഇതുപോലുള്ള ചിന്തകള്‍ ജനങ്ങള്‍ക്കുള്ളില്‍ വന്നാല്‍ മാത്രമാണ് സംഘടനയോടും, അധ്യാപകരോടും അവര്‍ സഹകരിക്കുകയുള്ളൂവെന്ന് ലോപ ഗാന്ധി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി യോജിച്ചുള്ള പ്രവര്‍ത്തനരീതിയാണ് ഉഗം പിന്തുടരുന്നത്. ഉഗത്തിന്റെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് എന്ന ജില്ലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പരിസര പ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളില്‍ ആഴ്ചയില്‍ ആറു ദിവസവും രണ്ടര മണിക്കൂര്‍ വീതമുള്ള പരിശീലന പരിപാടികളാണ് ഉഗം നടത്തിവരുന്നത്. രണ്ടാം തകത്തിലും മൂന്നാംതരത്തിലുമുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി രണ്ട് അധ്യാപകരാണ് ഉള്ളത്. ഇതില്‍ സ്‌കൂളില്‍നിന്നും നിയമിച്ചിരിക്കുന്ന അധ്യാപികയും, ഉഗം നിയമിച്ചിരിക്കുന്ന അധ്യാപികയുമാണ് ഉള്‍പ്പെടുന്നത്. ഇതുകൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളില്‍ പ്രത്യേക ക്ലാസുകളും നല്‍കിവരുന്നു.

പ്രവര്‍ത്തനരംഗത്ത് നിലനില്‍പ്പിനായി പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധം സ്ഥാപിച്ചത് ജനങ്ങള്‍ക്കിടയില്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഉപകാരപ്രദമായി. ഇന്ന് ഉഗം തന്റെ പ്രവര്‍ത്തനങ്ങളുമായി വളരെ ദൂരം പിന്നിട്ടുകഴിഞ്ഞു. ഉല്‍സാഹഭരിതരായ 500-ല്‍പ്പരം വിദ്യാര്‍ത്ഥികളുമായി നിലവില്‍ ഉഗത്തിന്റെ പത്ത് കേന്ദ്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

പ്രാരംഭഘട്ടത്തിലെ വിജയം പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള കരുത്തായി മാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി യോജിച്ചുകൊണ്ട് ഉഡാന്‍ എന്ന പദ്ധതിയാണ് അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കാന്‍ പോകുന്നത്. പദ്ധതിപ്രകാരം ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും പത്ത് അധ്യാപകരെ തിരഞ്ഞെടുത്ത് ഇവര്‍ക്ക് ഗണിതം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളുടെ ദിവസേനയുള്ള പഠനരീതകളെ കുറിച്ച് ക്ലാസുകള്‍ നല്‍കാനാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ലോപ സാക്ഷ്യപ്പെടുത്തി.

ഉഗം ഫൗണ്ടേഷനില്‍ ഇപ്പോള്‍ 18 പാര്‍ട്ട് ടൈം അധ്യാപകരും, രണ്ട് മുഴുവന്‍ സമയ നടത്തിപ്പുസംഘവുമാണ് ഉള്ളത്. ഇതിനൊപ്പം സംഘടനയുടെ പ്രവര്‍ത്തനങ്ങളും, വികസനപരിപാടികള്‍ക്കും മേല്‍നോട്ടം വഹിക്കാനായി മൂന്ന് വിദഗ്ധരും പ്രവര്‍ത്തിച്ചു വരുന്നു. 2018 അവസാനം ആകുമ്പോള്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം 25- ഓളം സ്‌കൂളുകളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്ന ചിന്തയിലാണ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍. ഇത്തരത്തിലുള്ള നേട്ടം ഇവര്‍ക്ക് കൈവരിക്കാന്‍ സാധിച്ചാല്‍ 1,800 കുട്ടികളിലേക്കും, 70 അധ്യാപകരിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വളരും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഇന്ത്യയുടെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ ആവിഷ്‌കരിക്കാനും ഇതുപോലുള്ള ആശയങ്ങള്‍ നടപ്പിലാക്കുന്നതിനായി സഹകരിക്കുകയും, പണംമുടക്കുകയും ചെയ്യുന്ന സാമൂഹ്യസംരംഭകരെ പിന്തുണക്കുന്നതിനായിട്ടുള്ള സംഘടനകളില്‍ ഒന്നാണ് അണ്‍ലിമിറ്റഡ് ഇന്ത്യ. 146 പേരുടെ പങ്കാളിത്തമുള്ള സംഘടനകളിലൊന്നാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അണ്‍ലിമിറ്റഡിന്റെ മുന്‍നിര പ്രവര്‍ത്തകയാണ് ലോപ. നിരവധി വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും പിന്തുണ നല്‍കുന്ന സ്ഥാപനത്തിന് നിലവില്‍ 2.5 ദശലക്ഷം ഗുണഭോക്താക്കളാണ് ഉള്ളത്. മാത്രമല്ല 3.9 ലക്ഷം തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ളത്.

Comments

comments

Categories: Education, FK Special