പത്ത് ലക്ഷം വില്‍പ്പന താണ്ടി സ്‌കോഡ സൂപ്പര്‍ബ് മുന്നോട്ട്

പത്ത് ലക്ഷം വില്‍പ്പന താണ്ടി സ്‌കോഡ സൂപ്പര്‍ബ് മുന്നോട്ട്
സൂപ്പര്‍ബ് ലോറിന്‍ & ക്ലെമെന്റ് എഡിഷന്‍ പുറത്തിറക്കിയാണ് സ്‌കോഡ ഓട്ടോ പത്ത്
ലക്ഷം ആഘോഷിച്ചത്

ന്യൂ ഡെല്‍ഹി : സ്‌കോഡ സൂപ്പര്‍ബ് സ്വന്തം പേര് അന്വര്‍ത്ഥമാക്കുന്നു. ഉള്‍വശത്തെ സ്‌പേസിലും കരുത്തിലും ഒരു പരിധി വരെ ആഡംബരത്തിലും സ്‌കോഡയുടെ ഈ മോഡല്‍ സൂപ്പര്‍ബ് തന്നെയാണ്. പത്ത് ലക്ഷം സൂപ്പര്‍ബ് മോഡലുകളാണ് ആഗോളതലത്തില്‍ ഇപ്പോള്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. സൂപ്പര്‍ബ് ലോറിന്‍ & ക്ലെമെന്റ് എഡിഷന്‍ എന്ന ടോപ്-ഓഫ്-ദ-ലൈന്‍ പുറത്തിറക്കിയാണ് പത്ത് ലക്ഷം തികച്ചത് സ്‌കോഡ ഓട്ടോ ആഘോഷിച്ചത്. 2015 മാര്‍ച്ചിനുശേഷം ഇപ്പോഴത്തെ തലമുറ സൂപ്പര്‍ബ് രണ്ടര ലക്ഷം യൂണിറ്റ് വിറ്റു എന്നതാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളെ സംബന്ധിച്ച് എടുത്തുപറയേണ്ട മറ്റൊരു സംഗതി. ആകെ ഉല്‍പ്പാദനത്തിന്റെ കാല്‍ഭാഗം.

1934 ല്‍ സ്‌കോഡ 640 സൂപ്പര്‍ബിലാണ് സൂപ്പര്‍ബ് എന്ന നെയിംപ്ലേറ്റ് കമ്പനി ആദ്യം ഉപയോഗിക്കുന്നത്. ഭീമാകാരനായ ലിമോസിന്‍ ആയിരുന്ന സ്‌കോഡ 640 സൂപ്പര്‍ബ് 1934 നും 1949 നുമിടയില്‍ 2,500 യൂണിറ്റാണ് വിറ്റുപോയത്. 2001 ല്‍ സൂപ്പര്‍ബ് നെയിംപ്ലേറ്റിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച സ്‌കോഡ ഓട്ടോ തങ്ങളുടെ ഫഌഗ്ഷിപ്പ് മോഡലായി അവതരിപ്പിച്ചു. ഈ മോഡലാണ് ഇന്ത്യയിലെത്തിയത്.

2008 ല്‍ അവതരിപ്പിച്ച മാര്‍ക് രണ്ട് സ്‌കോഡ സൂപ്പര്‍ബ് 6,18,500 യൂണിറ്റും 2015 ല്‍ വിപണിയിലെത്തിയ മൂന്നാം തലമുറ മോഡല്‍ രണ്ടര ലക്ഷം യൂണിറ്റും ആഗോളതലത്തില്‍ വിറ്റു. സ്‌കോഡയുടെ ഏറ്റവും വിജയിച്ച മോഡലായ സൂപ്പര്‍ബിന് ഇന്ത്യന്‍ വിപണിയിലും നല്ല വില്‍പ്പന കണക്കുകള്‍ പറയാനുണ്ട്.

മാതൃ കമ്പനിയായ ഫോക്‌സ് വാഗണ്‍ഗ്രൂപ്പിന്റെ എംക്യുബി പ്ലാറ്റ്‌ഫോമാണ് സ്‌കോഡ സൂപ്പര്‍ബിന് നല്‍കിയിരിക്കുന്നത്. 1.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ 178 ബിഎച്ച്പി കരുത്തും 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ മോട്ടോര്‍ 175 ബിഎച്ച്പി കരുത്തും നല്‍കും. 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto