മിഷന്‍ 2019 : അമിത് ഷായുടെ ഓള്‍ ഇന്ത്യ പര്യടനത്തിന് തുടക്കം

മിഷന്‍ 2019 : അമിത് ഷായുടെ ഓള്‍ ഇന്ത്യ പര്യടനത്തിന് തുടക്കം

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തിളക്കമേറിയ വിജയത്തിലേക്കു നയിച്ചതിനു ശേഷം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച മിഷന്‍ 2019നു തുടക്കം കുറിച്ചു. ജമ്മു കശ്മീരില്‍നിന്നാണു മിഷന്‍ ആരംഭിച്ചിരിക്കുന്നത്.

രാജ്യമൊട്ടാകെ നടത്തുന്ന 95 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിലൂടെ ബിജെപിയെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു സജ്ജമാക്കുക എന്നതാണ് ലക്ഷ്യം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവശ്യത്തിലധികം പിന്തുണയുണ്ടായിട്ടും ബിജെപി പരാജയപ്പെട്ട 120 സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക, ഇവിടെ 2019ല്‍ വിജയം സ്വന്തമാക്കുക തുടങ്ങിയവയും ഷായുടെ ലക്ഷ്യങ്ങളിലൊന്നാണ്. 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് നേടിയത് 282 സീറ്റുകളായിരുന്നു. 2014ല്‍ യുപി സംസ്ഥാനത്തുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 71ലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.

2019 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സുസജ്ജമാക്കാന്‍ 600 മുഴുവന്‍ സമയ പ്രവര്‍ത്തകരെ ബിജെപി നിയമിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നിയമിച്ചിട്ടുള്ള ഓരോ പ്രവര്‍ത്തകനെയും ഓരോ ലോക്‌സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിയോഗിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ ബൂത്ത് തലം മുതല്‍ ശക്തിപ്പെടുത്തുക എന്നതും പര്യടനത്തിലൂടെ ഷാ ലക്ഷ്യമിടുന്നുണ്ട്. ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും പാര്‍ട്ടിയുടെ നേതൃനിരയിലുള്ളവരുമായും അദ്ദേഹം ആശയവിനിമയം നടത്തും. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായുടെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 25ന് പര്യടനം അവസാനിക്കും.

Comments

comments

Categories: Politics