സുസുകി സംയുക്ത സംരംഭത്തില്‍നിന്ന് മാരുതി സുസുകി ബാറ്ററി പാക്കുകള്‍ വാങ്ങും

സുസുകി സംയുക്ത സംരംഭത്തില്‍നിന്ന് മാരുതി സുസുകി ബാറ്ററി പാക്കുകള്‍ വാങ്ങും
ഹൈബ്രിഡ് കാറുകളില്‍ ഉപയോഗിക്കാനാണ് പുതിയ സംയുക്ത സംരംഭത്തില്‍നിന്ന്
ബാറ്ററി പാക്കുകള്‍ വാങ്ങുന്നത്

ന്യൂ ഡെല്‍ഹി : സുസുകി മോട്ടോര്‍ കോര്‍പ്പ്, തോഷിബ കോര്‍പ്പ്, ഡെന്‍സോ കോര്‍പ്പ് എന്നിവയുടെ സംയുക്ത സംരംഭത്തില്‍നിന്ന് മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് ലിഥിയം-അയണ്‍ ബാറ്ററി പാക്കുകള്‍ വാങ്ങും. ഹൈബ്രിഡ് കാറുകളില്‍ ഉപയോഗിക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ സംയുക്ത സംരംഭത്തില്‍നിന്ന് ബാറ്ററി പാക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ ആരും ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇവിടെ ബാറ്ററി പാക്കുകള്‍ നിര്‍മ്മിക്കാന്‍ സുസുകി തീരുമാനിച്ചതെന്നും മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് കെനിച്ചി ആയുകാവ പറഞ്ഞു. ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഈ കമ്പനികള്‍ ജപ്പാനില്‍ സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.

സംയുക്ത സംരംഭ കമ്പനി ഇന്ത്യയില്‍ ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച് ഉല്‍പ്പാദനം തുടങ്ങും. 20 ബില്യണ്‍ ജാപ്പനീസ് യെന്‍ (ഏകദേശം 184 മില്യണ്‍ ഡോളര്‍) ആണ് തുടക്കത്തിലെ മൂലധന ചെലവ്. 50 ശതമാനം ഓഹരിയോടെ സംയുക്ത സംരംഭ കമ്പനിയെ സുസുകി നയിക്കും. തോഷിബയ്ക്കും ഡെന്‍സോയ്ക്കും യഥാക്രമം 40, 10 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

ബാറ്ററികളുടെ വില കുറച്ചുകൊണ്ടുവരുമെന്നതിനാല്‍ തീരുമാനം ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യാപനത്തിന് നിര്‍ണ്ണായകമാണ്. നിലവില്‍ ഒരു ഇലക്ട്രിക് വാഹനത്തിന്റെ പകുതി വില അതിന്റെ ലിഥിയം-അയണ്‍ ബാറ്ററിക്കാണ്. ഇവി (ഇലക്ട്രിക് വെഹിക്ക്ള്‍) വ്യാപക പ്രചാരം നേടുന്നതിന് ഇത് തടസ്സമായി മാറുകയാണ്. നിലവില്‍ ബാറ്ററികള്‍ പ്രധാനമായും ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മാരുതി ഹൈബ്രിഡ് മോഡലുകള്‍ പുറത്തിറക്കുമെന്ന് ആയുകാവ പറഞ്ഞു. നിലവില്‍ മാരുതിയുടെ എര്‍ട്ടിഗ, സിയാസ് മോഡലുകള്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്. ആഭ്യന്തരമായി ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയുടെ ഫോസില്‍ ഇന്ധന ആശ്രിതത്വം കുറയ്ക്കുന്നതിനും സഹായിക്കും.

Comments

comments

Categories: Auto