നാളെ മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ മലയാളം നിര്‍ബന്ധം

നാളെ മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ മലയാളം നിര്‍ബന്ധം

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലും ഔദ്യോഗിക ഭാഷയായി മലയാളം നിര്‍ബന്ധമാക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമായിരിക്കും. ഇന്ന് മുതല്‍ ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ത്തന്നെയായിരിക്കണം. ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്ത് വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം സംസ്ഥാനത്തെ തമിഴ്, കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഭാഷ സംബന്ധിച്ച് നിലവില്‍ നല്‍കുന്ന ഇളവുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ബോര്‍ഡുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍ തയാറാക്കണം. സംസ്ഥാനത്തിനകത്തെ ആവശ്യത്തിന് മലയാളം മുദ്രകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, സഹകരണ, പൊതുമേഖല, തദ്ദേശസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ബോര്‍ഡില്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേവലുപ്പത്തില്‍ എഴുതിപ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, തമിഴ്, കന്നട അല്ലാതെയുള്ള മറ്റ് ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേകം പരാമര്‍ശമുള്ള പ്രവര്‍ത്തനങ്ങളില്‍ കുറിപ്പിടപാടുകള്‍ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയില്‍ കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഔദ്യോഗികഭാഷ മലയാളമാക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനിര്‍മാണം നടത്തിയതിന്റെ തുടര്‍ച്ചയായി 2015 ജനുവരി മുതല്‍ ഓദ്യോഗികഭാഷ മലയാളമാക്കി ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളും അത് പാലിച്ചിരുന്നില്ല. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മെയ് ഒന്നു മുതല്‍ മലയാളം കര്‍ശനമായി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയത്.

Comments

comments

Categories: Top Stories

Related Articles