മധ്യനിര ബ്രാന്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്റര്‍കോണ്ടിനെന്റല്‍

മധ്യനിര ബ്രാന്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്റര്‍കോണ്ടിനെന്റല്‍
പുതിയ ഹോട്ടലുകളുടെ 90 ശതമാനവും ഹോളിഡേ ഇന്‍, ഹോളിഡേ ഇന്‍ എക്‌സ്പ്രസ്സ്
ബ്രാന്‍ഡുകളില്‍

ചെന്നൈ: വളര്‍ച്ചാ അവസരങ്ങള്‍ നല്‍കുന്ന മധ്യനിര ബ്രാന്‍ഡുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങി പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ ഇന്റര്‍കോണ്ടിനെന്റല്‍ (ഐഎച്ച്ജി). മിഡ്മാര്‍ക്കറ്റ് ബ്രാന്‍ഡുകളായ ഹോളിഡേ ഇന്‍, ഹോളിഡേ ഇന്‍ എക്‌സ്പ്രസ്സ് എന്നിവ അതിവേഗത്തില്‍ വളരുന്നവയാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇനി ഇന്ത്യയില്‍ വരാനിരിക്കുന്ന ഐഎച്ച്ജിയുടെ ബഹുഭൂരിപക്ഷം ഹോട്ടലുകളും ഈ ബ്രാന്‍ഡുകളിലാകുമെന്നാണ് സൂചന.

‘ഞങ്ങളുടെ ഓപ്പറേറ്റിംഗ് പോര്‍ട്ട്‌ഫോളിയോയില്‍ 50 ശതമാനത്തോളം ഹോളിഡേ ഇന്നിലും ഹോളിഡേ ഇന്‍ എക്‌സ്പ്രസിലുമായാണ്. ഞങ്ങളുടെ വരാനിരിക്കുന്ന പദ്ധതികളുടെ 90 ശതമാനനും ഈ രണ്ട് ബ്രാന്‍ഡുകളിലുമായാണ്. മധ്യനിര ഹേട്ടല്‍ വിപണി അതിവേഗം വളരുന്നതോടെ ഈ രണ്ട് ബ്രാന്‍ഡുകളും മികച്ച വളര്‍ച്ച കൈവരിക്കുകയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും,” ഐഎച്ച്ജിയുടെ ദക്ഷിണ-പശ്ചിമേഷ്യന്‍ മേധാവി സാന്ത ഡി സില്‍വ പറഞ്ഞു.

100 ഡോളറിന് താഴെ മുറികള്‍ക്ക് വാടകയുള്ള ത്രീ, ഫോര്‍ സ്റ്റാര്‍ വിഭാഗങ്ങളെ സാധാരണയായി മധ്യനിര വിപണി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇന്റര്‍കോണ്ടിനെന്റലും ക്രൗണ്‍പ്ലാസയുമുള്‍പ്പടെയുള്ള നാല് ബ്രാന്‍ഡുകളിലായി ഐഎച്ച്ജിക്ക് 30 ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയും ചൈനയ്ക്കും പിന്നാലെ വളരുന്ന പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ ഈ മേഖലയുടെ വളര്‍ച്ച സ്ഥിരപ്പെടുന്നതായാണ് കാണുന്നതെന്ന് ഡി സില്‍വ നിരീക്ഷിക്കുന്നു. വര്‍ധിച്ചു വരുന്ന ആഭ്യന്തര ആവശ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം മുറികളില്‍ നിന്നുള്ള വരുമാനത്തില്‍ 8-9 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ചെന്നൈ ആസ്ഥാനമായ എസ്ആര്‍പി ടൂള്‍സുമായും ബെംഗളുരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പുമായും സഹകരിച്ച് ഐഎച്ച്ജി നടപ്പാക്കിയ പുതിയ പദ്ധതിയാണ് ചെന്നൈ തരമണിയിലെ ഹോളി ഡേ ഇന്‍. 202 പുതിയ മുറികളാണ് ഇവിടെയുള്ളത്. ഐഎച്ച്ജിയുടെ നിന്ത്രണത്തിലുള്ള ചെന്നൈ ഇന്റര്‍കോണ്ടിനെന്റല്‍ മഹാബലിപുരം, ക്രൗണ്‍പ്ലാസ അടയാര്‍ പാര്‍ക്ക്, ഒഎംആര്‍ (ഓള്‍ഡ് മഹാബലിപുരം റോഡ്) മഹിന്ദ്ര വേള്‍ഡ് സിറ്റി, ഹോളിഡേ ഇന്‍ എക്‌സ്പ്രസ് ഹോട്ടല്‍സ് എന്നിവയിലും ഈ സഹകരണമുണ്ട്. ഐഎച്ച്ജിയുടെ എല്ലാ നാല് ബ്രാന്‍ഡുകളിലും ഹോട്ടലുകളുള്ള ആദ്യത്തെ ഇന്ത്യന്‍ നഗരമായി ചെന്നൈ മാറിയിരിക്കുകയാണ്.

Comments

comments

Categories: Business & Economy