കടലിലെ കാറ്റാടി ഊര്‍ജ പദ്ധതികളില്‍ പരീക്ഷണം നടത്തും: പീയുഷ് ഗോയല്‍

കടലിലെ കാറ്റാടി ഊര്‍ജ പദ്ധതികളില്‍ പരീക്ഷണം നടത്തും: പീയുഷ് ഗോയല്‍
കല്‍ക്കരി ഉപയോഗിക്കുന്ന നിലയങ്ങളില്‍ നവീകരണം നടപ്പാക്കും

ന്യൂഡെല്‍ഹി: തീരത്തു നിന്നും അല്‍പ്പം അകലെ കടലില്‍ കാറ്റാടികള്‍ സ്ഥാപിച്ചുകൊണ്ടു ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളില്‍ ഇന്ത്യ പര്യവേഷണം നടത്തുമെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. തങ്ങളുടെ ക്ലീന്‍ എന്‍ജി പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാന്‍ സന്നദ്ധരായിട്ടുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ ഉല്‍പ്പാദകരെ ഈ വിഭാഗത്തിലേക്ക് കൊണ്ടുവരുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

കാറ്റില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പാദനം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതോടെ വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ പാരമ്പര്യേതര ഊര്‍ജത്തിന്റെ പങ്ക് വര്‍ധിക്കും. രാജ്യത്ത് ഖനനം ചെയ്യുന്ന കല്‍ക്കരിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. നിലവില്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഊര്‍ജ നിലയങ്ങളെ പ്രാദേശിക കല്‍ക്കരിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നവീകരിക്കുന്നതിന് പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ‘ആഗോളവല്‍ക്കരണത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ ന്യഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018ഓടെ എല്ലാ ഗ്രാമങ്ങളിലും സുതാര്യമായി തടസങ്ങള്‍ ഇല്ലാതെ ഊര്‍ജ വിതരണം സാധ്യമാക്കുന്നതിന് പുനരുല്‍പ്പാദന ഊര്‍ജ്ജത്തിലുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതും പരമ്പാരാഗത കല്‍ക്കരി നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉയത്തുന്നതും, പഴയ നിലയങ്ങള്‍ അത്യാധൂനിക രീതിയില്‍ നവീകരിക്കുന്നതും അനിവാര്യമാണെന്ന് ഗോയല്‍ പറഞ്ഞു. രാജ്യത്തിന്റെ മൊത്തം ആവശ്യകത പരിഗണിച്ച് ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ സ്വാഗതം ചെയ്യുമെന്നും, കടലില്‍ കാറ്റാടികള്‍ സ്ഥാപിച്ചുകൊണ്ട് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിന് എന്‍ടിപിസി പോലുള്ള പൊതുമേഖലാ കമ്പനികള്‍ മുന്നോട്ടുവരുമെന്നും ഗോയല്‍ വിശദീകരിച്ചു. എന്‍ടിപിസിയുടെ നിലവിലെ ഉല്‍പ്പാദന ശേഷി 50 ജിഗാ വാട്ട് ആണ്. ഇത് ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കുറഞ്ഞ ചെലവില്‍ ഇലക്ട്രോണിക് വാഹന നിര്‍മാണ രംഗത്ത് മുന്നേറ്റം നടത്താനും സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിനെയും സര്‍ക്കാര്‍ പിന്തുണയ്ക്കും. 2030 ഓടെ 40 ശതമാനത്തോളം വൈദ്യുതി ഉല്‍പ്പാദനം ഫോസില്‍ ഇതര ഇന്ധനങ്ങളെ ആശ്രയിച്ചാകുമെന്നാണ് 2015ല്‍ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് പാരിസില്‍ സംഘടിപ്പിച്ച യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യ പ്രതിജ്ഞ ചെയ്തത്. കടലിലെ കാറ്റാടികളിലൂടെയുള്ള ഊര്‍ജ ഉല്‍പ്പാദനത്തെ രസകരമായ അവസരമെന്നാണ് റിന്യു പവര്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും സിഇഒയുമായ സുമന്ത് സിന്‍ഹ വിശേഷിപ്പിച്ചത്. ഈ പദ്ധതികളുടെ പ്ലാന്റ് ലോഡ് ഫാക്റ്റര്‍ (ശേഷി ഉപയോഗപ്പെടുത്തല്‍) 45 ശതമാനത്തോളം ഉയര്‍ന്നതാണെന്നും അതിനാല്‍ കുറഞ്ഞ ചെലവില്‍ നടപ്പാക്കാനാകുമെന്നും സുമന്ത് സിന്‍ഹ വിലയിരുത്തുന്നു.

Comments

comments

Categories: Top Stories

Related Articles