സിനിമ ചിന്തകള്‍ നിറച്ച ഹോട്ടലുമായി മജീദ് അല്‍ ഫുട്ടൈം

സിനിമ ചിന്തകള്‍ നിറച്ച ഹോട്ടലുമായി മജീദ് അല്‍ ഫുട്ടൈം
അലോഫ്റ്റ് ദുബായ് സിറ്റി സെന്റര്‍ ദെയ്‌റയില്‍ ഒരുങ്ങുന്ന ഹോട്ടല്‍ 2018 ല്‍
പ്രവര്‍ത്തനം ആരംഭിക്കും

ദുബായ്: സിനിമ സംബന്ധമായ വിഷയങ്ങളെ ആശയമാക്കിക്കൊണ്ടുള്ള മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഹോട്ടല്‍ ദുബായില്‍ ഒരുങ്ങുന്നു. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാള്‍ ഓപ്പറേറ്ററായ മജീദ് അല്‍ ഫുട്ടൈം ആണ് ഹോട്ടല്‍ നിര്‍മിക്കുന്നത്. അലോഫ്റ്റ് ദുബായി സിറ്റി സെന്റര്‍ ദെയ്‌റയില്‍ ഒരുങ്ങുന്ന ഹോട്ടല്‍ 2018 ല്‍ പ്രവര്‍ത്തനം ആരംഭിക്കും.

മാരിയറ്റ് ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് ഈ ആശയം രൂപപ്പെടുത്തിയത്. ഔട്ട്‌ഡോര്‍ വിഒഎക്‌സ് സിനിമയ്ക്ക് പുറമെയാണ് സിനിമാറ്റിക് തീമില്‍ മുറികള്‍ ഒരുക്കുന്നതെന്ന് പത്രക്കുറിപ്പിലൂടെ പറഞ്ഞു. അലോഫ്റ്റ് ദുബായ് സിറ്റി സെന്റര്‍ ദെയ്‌റയുടെ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 38 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണം ജൂണില്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ 2018 ന്റെ ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.

മേഖലയില്‍ ആദ്യമായി ഒരുങ്ങുന്ന സിനിമ തീം മുറികളില്‍ സിനിമകളുടെ വന്‍ശേഖരം തന്നെയുണ്ടാകും. ഇതിനൊപ്പം ടിവി സ്‌ക്രീനുകളും പ്രൊജക്റ്ററുകളും മികച്ച ശബ്ദ സംവിധാനവും മുറിയില്‍ ഒരുക്കിയിട്ടുണ്ടാകും. ലോക സിനിമയെ പൂര്‍ണമായി ആസ്വദിക്കാന്‍ അലോഫ്റ്റ് ദുബായ് സിറ്റി സെന്റര്‍ ദെയ്‌റയിലെത്തുന്ന അതിഥികള്‍ക്ക് ഇതിലൂടെ സാധിക്കും. ഹോട്ടലില്‍ 304 മുറികളും 29 സ്യൂട്ടുകളുമാണുള്ളത്.

കോമിക് സൂപ്പര്‍ഹീറോസ് മുതല്‍ സൂപ്പര്‍ സ്‌പൈസസ് വരെയുള്ള ബ്ലോക്ബസ്റ്റര്‍ സിനിമകളില്‍ നിന്നും ബോളിവുഡില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മുറികള്‍ നിര്‍മിക്കുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതിനായാണ് സിനിമയിലെ വിഷയങ്ങളെ ആശയമാക്കിക്കൊണ്ട് ഹോട്ടല്‍ നിര്‍മിക്കുന്നതെന്ന് മജീദ്അല്‍ ഫുട്ടൈമിന്റെ സിഇഒ റോബര്‍ട്ട് വെലാനെറ്റ്‌സ് പറഞ്ഞു. ഇതിലൂടെ മേഖലയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy, World