മധ്യവര്‍ഗ്ഗത്തിന് ഇപ്പോള്‍ കെജ്രിവാള്‍ മിശിഹയല്ല

മധ്യവര്‍ഗ്ഗത്തിന് ഇപ്പോള്‍ കെജ്രിവാള്‍ മിശിഹയല്ല

എഎപിയുടെ തുടക്ക നാളുകളില്‍ പല നേതാക്കളില്‍ നിന്നും ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങള്‍ ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നെല്ലാം തന്നെ ആയിരുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് ദേശീയ വികാരങ്ങളെ അവഗണിച്ചും തള്ളിപ്പറഞ്ഞും പ്രീണനങ്ങള്‍ നടത്തിയും പുതിയൊരു രാഷ്ട്രീയ ബദല്‍ സാധ്യമല്ല. കോണ്‍ഗ്രസിന്റെ ശക്തിക്ഷയത്തിന് പ്രധാന കാരണം അതാണ്

മധ്യവര്‍ഗ്ഗജനതയുടെ മിശിഹയായി അവതരിച്ചാണ് അരവിന്ദ് കെജ്രിവാള്‍ ഡെല്‍ഹി മുഖ്യമന്ത്രി പദം പിടിച്ചെടുത്തത്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ കെജ്രിവാളിന് സാധിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ അടിസ്ഥാനവും അതായിരുന്നു. വ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ അഭാവവും വ്യക്തികേന്ദ്രീകൃത സ്വഭാവത്തിലേക്ക് ആംആദ്മി രാഷ്ട്രീയം അധഃപതിച്ചതുമാണ് ഡെല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടിക്ക് പ്രധാനകാരണങ്ങളിലൊന്നെന്ന് കെജ്രിവാള്‍ തിരിച്ചറിയേണ്ടതുണ്ട്.

270 വാര്‍ഡുകളില്‍ 182 സീറ്റും നേടി മികച്ച വിജയമാണ് ബിജെപി നേടിയത്. എഎപിക്കെതിരെ അത്രയ്ക്കും ജനരോഷമുണ്ടെന്നതാണ് വോട്ടിംഗ് പാറ്റേണില്‍ നിന്നും വ്യക്തമായത്. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 10 വര്‍ഷത്തോളം ബിജെപി തന്നെയാണ് ഭരണം നടത്തിയത്. എന്നാല്‍ അതിന്റെ ഭരണവിരുദ്ധ വികാരം പോലും മുതലെടുക്കാന്‍ എഎപിക്ക് സാധിച്ചില്ല എന്നത് അവരുടെ ദുരവസ്ഥയ്ക്ക് ഏറ്റവും വലിയ തെളിവാണ്.

കെജ്രിവാളും ആര്‍എസ്എസും

അധികാര രാഷ്ട്രീയത്തിന്റെയും വ്യക്തിതാല്‍പ്പര്യങ്ങളുടെയും ചങ്ങലകളില്‍ പെട്ടാണ് ആം ആദ്മി പാര്‍ട്ടി തളര്‍ന്നത്. അതിനപ്പുറം നെഗറ്റീവ് പൊളിറ്റിക്‌സും ദേശീയതയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണ് പാര്‍ട്ടിയെന്ന തോന്നലുണ്ടാക്കിയതും വിനയായി. ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ മുന്നേറ്റങ്ങളിലൂടെയാണ് ഐഐടി ഖരക്പൂരില്‍ നിന്ന് ബിരുദം നേടി, ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ സേവനമനുഷ്ഠിച്ച കെജ്രിവാള്‍ വാര്‍ത്തകളില്‍ ഇടം നേടിത്തുടങ്ങിയത്.

റൈറ്റ് ടു ഇന്‍ഫൊര്‍മേഷന്‍ കാംപെയ്‌നിലൂടെയും പരിവര്‍ത്തന്‍ എന്ന തന്റെ എന്‍ജിഒയിലൂടെയും കെജ്രിവാള്‍ സാമൂഹ്യമണ്ഡലത്തില്‍ ഏറെ മുമ്പേ സജീവമായിരുന്നെങ്കിലും 2010ന് ശേഷം ശക്തിയാര്‍ജ്ജിച്ച അഴിമതി വിരുദ്ധ മുന്നേറ്റങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന മുന്നേറ്റത്തിന് അണ്ണാ ഹസാരെയോടും കിരണ്‍ ബേദിയോടുമൊപ്പം കെജ്രിവാള്‍ തുടക്കമിട്ടത് 2011ലായിരുന്നു. അണ്ണാ ഹസാരെയുടെ ഉറ്റ അനുയായി ആയിട്ടായിരുന്നു കെജ്രിവാള്‍ അറിയപ്പെട്ടിരുന്നത്.

യുപിഎ സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ അതിശക്തമായ കാംപെയ്‌നിംഗായിരുന്നു അഴിമതി വിരുദ്ധ മുന്നേറ്റത്തിലൂടെ നടന്നത്. കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം തന്നെ തുടങ്ങി. ഇത് രാജ്യവ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. അണ്ണാ ഹസാരെയിലൂടെ രാജ്യം മുഴുവന്‍ അലയടിച്ച അഴിമതി വിരുദ്ധ വികാരം മധ്യവര്‍ഗ്ഗ ഇന്ത്യക്ക് പുതിയ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍ മുന്നേറ്റം വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ആര്‍എസ്എസി(രാഷ്ട്രീയ സ്വയം സേവകസംഘം)ന്റെ സംഘടനാ സംവിധാനമായിരുന്നു എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡയറക്റ്റര്‍ സ്ഥാനത്തിരുന്ന വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ അനുഗ്രഹാശിസുകളോടെ ആയിരുന്നു അഴിമതി വിരുദ്ധ മുന്നേറ്റം ശക്തിയാര്‍ജ്ജിച്ചത്. ആര്‍എസ്എസിന് നിര്‍ണായക സ്വാധീനമുള്ള സ്ഥാപനമാണ് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. അഴിമതിക്കും കള്ളപ്പണത്തിനും എതിരെയുള്ള മുന്നേറ്റങ്ങളെ പിന്തുണയ്ക്കണമെന്നുള്ള ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം പല തലങ്ങളില്‍ ഈ മുന്നേറ്റങ്ങളില്‍ സജീവമായത്.

ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലേറ്റ വന്‍പരാജയം അരവിന്ദ് കെജ്രിവാളിനെ വല്ലാതെ തളര്‍ത്തുന്നു. കെജ്രിവാള്‍ മുന്നോട്ടുവെച്ചിരുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. അധികാര രാഷ്ട്രീയത്തിന്റെ സുഖം പിടിച്ചപ്പോള്‍ ഇന്ത്യന്‍ ജനതയുടെ ഹൃദയമിടിപ്പ് മനസിലാക്കുന്നതില്‍ കെജ്രിവാള്‍ പരാജയപ്പെട്ടു

ആര്‍എസ്എസ് ചിന്തകരായ ഗുരുമൂര്‍ത്തി, ഗോവിന്ദാചാര്യ തുടങ്ങിയവരും അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇത്രയും പറഞ്ഞുവന്നത് കെജ്രിവാളിനെ ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതിവിരുദ്ധ മുന്നേറ്റത്തില്‍ അദ്ദേഹം ഇന്ന് നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍എസ്എസിന് കൃത്യമായ പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമാക്കാനാണ്. മാത്രമല്ല സംവരണ വിഷയത്തില്‍ ഉള്‍പ്പെടെ കെജ്രിവാള്‍ മുന്നോട്ടുവെച്ചിരുന്ന നയങ്ങളും ആര്‍എസ്എസിന്റെ കാഴ്ച്ചപ്പാടും സമാനമായിരുന്നു, ഇന്ന് അദ്ദേഹം ഒരുപക്ഷേ അത് നിഷേധിച്ചേക്കാം.

പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയം കലശലായപ്പോഴാണ് അണ്ണാ ഹസാരെയുമായി പിരിഞ്ഞ് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് പുതിയ പാത വെട്ടാന്‍ കെജ്രിവാള്‍ തീരുമാനിച്ചത്. എന്നാല്‍ അപ്പോഴും നവ ഇന്ത്യയുടെ ഒരു പുതിയ രാഷ്ട്രീയ മുഖം ജനിക്കുന്നുവെന്നുള്ള പ്രതീതി ജനങ്ങള്‍ക്കുണ്ടായിരുന്നു. ആ പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടതിന്റെ മൂലകാരണം അഴിമതി വിരുദ്ധ മുന്നേറ്റം തന്നെയായിരുന്നു. ഡെല്‍ഹിയിലെ ഷീല ദീക്ഷിത്ത് സര്‍ക്കാരിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണത്തിനെതിരെ വ്യക്തമായ നേട്ടമുണ്ടാക്കാന്‍ കെജ്രിവാളിന് സാധിച്ചു. അങ്ങനെയാണ് 2012 നവംബറില്‍ കെജ്രിവാള്‍ ദേശീയ കണ്‍വീനറായി എഎപി രൂപീകൃതമായത്.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു അവര്‍. 31 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 28 സീറ്റുകള്‍ നേടി എഎപി രണ്ടാമതെത്തി.

കെജ്രിവാള്‍ ആര്‍എസ്എസിന്റെ സംഭാവനയാണെന്നും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായുള്ള മോദിയുടെ പദ്ധതിയുടെ ഭാഗമാണെന്നുമായിരുന്നു കോണ്‍ഗ്രസുകാര്‍ ആരോപണമുന്നയിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ദിഗ് വിജയ് സിംഗും ആനന്ദ് ശര്‍മ്മയും ഇതുമായി ബന്ധപ്പെട്ട് നിരന്തരം ശക്തമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇതേ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചാണ് കെജ്രിവാള്‍ മന്ത്രിസഭ 2013 ഡിസംബര്‍ 28ന് ദില്ലിയില്‍ ആദ്യ തവണ അധികാരത്തിലേറിയതെന്നത് മറ്റൊരു വൈരുദ്ധ്യം.

കെജ്രിവാള്‍ ആര്‍എസ്എസിന്റെ സംഭാവനയാണെന്നും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായുള്ള മോദിയുടെ പദ്ധതിയുടെ ഭാഗമാണെന്നുമായിരുന്നു കോണ്‍ഗ്രസുകാര്‍ ആരോപണമുന്നയിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ദിഗ് വിജയ് സിംഗും ആനന്ദ് ശര്‍മ്മയും ഇതുമായി ബന്ധപ്പെട്ട് നിരന്തരം ശക്തമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇതേ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചാണ് കെജ്രിവാള്‍ മന്ത്രിസഭ 2013 ഡിസംബര്‍ 28ന് ദില്ലിയില്‍ ആദ്യ തവണ അധികാരത്തിലേറിയതെന്നത് മറ്റൊരു വൈരുദ്ധ്യം

ലാളിത്യത്തിന്റെയും വേറിട്ട രാഷ്ട്രീയ ശൈലിയുടെയും സന്ദേശം നല്‍കുന്ന നടപടികള്‍ കൈക്കൊള്ളാന്‍ തുടക്കത്തില്‍ കെജ്രിവാളിന് സാധിച്ചുവെന്നത് ശരിയാണ്.

ജന്‍ലോക്പാല്‍ ബില്ലിന്റെ പേരില്‍ 2014 ഫെബ്രുവരി 14ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് താഴെയിറങ്ങിയ അദ്ദേഹം പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മല്‍സരിച്ചെങ്കിലും തോല്‍വി ഭീകരമായിരുന്നു. കെജ്രിവാള്‍ എന്ന രാഷ്ട്രീയ നേതാവിന്റെ രൂപീകരണത്തില്‍ ആര്‍എസ്എസിന്റെ സംഘടനാ സംവിധാനങ്ങളുടെ പശ്ചാത്തലമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ ബാക്കി ആരോപണങ്ങളില്‍ വലിയ വാസ്തവം ഒന്നുമുണ്ടായിരുന്നില്ല. അധികാര രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ അവബോധമുള്ള, അതിനോട് താല്‍പ്പര്യമുള്ള നേതാവ് തന്നെയായിരുന്നു കെജ്രിവാള്‍ അതാണ് പിന്നീട് ഇന്ത്യ കണ്ടത്.
2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നേടി കെജ്രിവാള്‍ അതിഗംഭീര വിജയം നേടിയാണ് ഡെല്‍ഹിയില്‍ രണ്ടാമതും അധികാരമേറിയത്.

ആം ആദ്മിക്ക് തെറ്റിയതെവിടെ

ഡെല്‍ഹിയില്‍ അധികാരത്തിലേറിയ ശേഷം വേറെ ഏതൊരു പ്രാദേശിക രാഷ്ട്രീയപാര്‍ട്ടിയിലും സംഭവിക്കുന്നതിന് സമാനമായാണ് ആം ആദ്മിയിലുമുണ്ടായത്. കെജ്രിവാള്‍ എന്ന വ്യക്തിയിലേക്ക് പാര്‍ട്ടി ചുരുങ്ങി. ആംആദ്മി പാര്‍ട്ടിയെന്ന ആശയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമെല്ലാം പുറത്തുപോയി. കെജ്രിവാളിനെ എതിര്‍ക്കുന്നവര്‍ക്ക് സ്ഥാനമില്ലെന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. ബദല്‍ രാഷ്ട്രീയത്തിന്റെ വസന്തം പോയ്മറഞ്ഞു. പ്രധാനമന്ത്രിക്കെതിരെയുള്ള വില കുറഞ്ഞ ആരോപണങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെയുള്ള ആക്ഷേപങ്ങളിലും സമയം കളയാനാണ് കെജ്രിവാള്‍ താല്‍പ്പര്യപ്പെട്ടത്. ദേശീയതയുടെ സ്വഭാവമുണ്ടായിരുന്ന പാര്‍ട്ടിക്ക് ആ പ്രതിച്ഛായയും നഷ്ടപ്പെട്ടു.

മോദിക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ പലതും പൊള്ളയാണെന്ന് സാധാരണ ജനങ്ങള്‍ക്ക് പോലും ബോധ്യപ്പെട്ടു. പോസിറ്റീവ് രാഷ്ട്രീയവുമായി മുന്നോട്ടുവന്ന കെജ്രിവാള്‍ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് അധഃപതിച്ചത് അവിടത്തെ ജനതയ്ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ലോക്‌സഭാ ഇലക്ഷന്റെ സമയത്ത് കേന്ദ്രത്തില്‍ മോദി, ദില്ലിയില്‍ കെജ്രിവാള്‍ എന്ന തലത്തില്‍ എഎപിക്കുള്ളില്‍ പോലും വികാരമുണ്ടായിരുന്നുവെന്നത് അദ്ദേഹം മറന്നു.

തന്നെ വമ്പന്‍ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ തെരഞ്ഞെടുത്തതും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലൂടെ ആയിരുന്നു എന്നത് മനപ്പൂര്‍വം മറന്നായിരുന്നു ഓരോ തെരഞ്ഞെടുപ്പ് തോല്‍ക്കുമ്പോഴും കെജ്രിവാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നത്. ഇത്തരം എക്‌സ്‌ക്യൂസുകള്‍ക്കല്ല അദ്ദേഹത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ശക്തമായ ഒരു പ്രത്യയശാസ്ത്രം വികസിപ്പിച്ച്, തങ്ങള്‍ മുന്നോട്ടുവെച്ച ബദല്‍ രാഷ്ട്രീയത്തിലേക്ക് എഎപി മാറിയില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് ചോദ്യചിഹ്നമാകും. അതില്‍ സംശയമൊന്നും വേണ്ട.

എഎപിയുടെ തുടക്ക നാളുകളില്‍ പല നേതാക്കളില്‍ നിന്നും ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങള്‍ ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നെല്ലാം തന്നെ ആയിരുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് ദേശീയ വികാരങ്ങളെ അവഗണിച്ചും തള്ളിപ്പറഞ്ഞും പ്രീണനങ്ങള്‍ നടത്തിയും പുതിയൊരു രാഷ്ട്രീയ ബദല്‍ സാധ്യമല്ല. കോണ്‍ഗ്രസിന്റെ ശക്തിക്ഷയത്തിന് പ്രധാന കാരണം അതാണ്. മധ്യവര്‍ഗ്ഗ ജനതയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ഡെല്‍ഹിയില്‍ ദേശസ്‌നേഹം ഒരു പ്രധാന ഘടകമാണ്. അതിനെതിരെയാണെന്ന തോന്നലുണ്ടാകുന്ന സാഹചര്യങ്ങളില്‍ ചെന്നു പെടാതിരിക്കാന്‍ കെജ്രിവാളിന് മുന്‍കരുതല്‍ വേണം.

Comments

comments

Categories: FK Special
Tags: AAP, Kejriwal