ഹ്യുണ്ടായ് ഇന്ത്യയില്‍ ക്വാളിറ്റി സെന്റര്‍ തുറന്നു

ഹ്യുണ്ടായ് ഇന്ത്യയില്‍ ക്വാളിറ്റി സെന്റര്‍ തുറന്നു
പുതിയ കാറുകള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും
സെന്റര്‍ പ്രവര്‍ത്തിക്കും

ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ ഗ്ലോബല്‍ ക്വാളിറ്റി സെന്റര്‍ തുറന്നു. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് പുതിയ കാറുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് ഹ്യുണ്ടായ് പുതിയ സെന്റര്‍ ഉപയോഗിക്കും. കമ്പനിയുടെ ലോകത്തെ അഞ്ച് ക്വാളിറ്റി സെന്ററുകളിലൊന്നാണ് ഇന്ത്യാ ക്വാളിറ്റി സെന്റര്‍ (ഐഎന്‍ക്യുസി). അമേരിക്ക, യൂറോപ്പ്, ചൈന, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് മറ്റ് ക്വാളിറ്റി സെന്ററുകള്‍.

ദീര്‍ഘകാല ബിസിനസ് തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യാ ക്വാളിറ്റി സെന്റര്‍ തുടങ്ങുന്നതെന്നും ഇന്ത്യയ്ക്കും ആഗോള വിപണികള്‍ക്കും ‘ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍’ ലഭ്യമാക്കുന്നതിന് ഈ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ വൈകെ കൂ പറഞ്ഞു.

ഉല്‍പ്പന്ന ഗുണനിലവാരം നിരന്തരം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയിലെയും മറ്റ് ഏഷ്യാ പസിഫിക് രാജ്യങ്ങളിലെയും വിപണി സാഹചര്യങ്ങള്‍ പഠിക്കുകയും പുതിയ കാറുകള്‍ വികസിപ്പിക്കുന്നതിനും ബിസിനസ് തന്ത്രങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയുമെല്ലാം ഈ സെന്ററിന്റെ ജോലിയാണ്.

യാതൊരു ന്യൂനതയുമില്ലാത്ത മികച്ച കാറുകള്‍ പുറത്തിറക്കുന്നതിന് പ്രാരംഭഘട്ടത്തില്‍തന്നെ തങ്ങളുടേതായ സംഭാവന ചെയ്യുകയെന്നത് ഇന്ത്യാ ക്വാളിറ്റി സെന്ററിന്റെ പ്രധാന പ്രവര്‍ത്തനമാണെന്ന് കൂ വ്യക്തമാക്കി. ടോപ് ലെവല്‍ സേഫ്റ്റി ക്വാളിറ്റി ഉറപ്പുവരുത്തുകയും വേണം. സംഭാവിക്കാവുന്ന റിസ്‌കുകള്‍ മുന്‍കൂട്ടിക്കണ്ട് ഉപഭോക്താക്കളില്‍നിന്ന് ഫീഡ്ബാക്ക് ശേഖരിക്കണം.

ഹരിയാണയിലെ ഫരീദാബാദിലാണ് ഇന്ത്യാ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. കമ്പനിയുടെ പരിശീലന കേന്ദ്രവും ഇവിടെ തുറന്നു. ബോഡി ആന്‍ഡ് പെയ്ന്റിംഗ് ട്രെയ്‌നിംഗ് യൂണിറ്റാണ് പരിശീലന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുക. ഈ വര്‍ഷം രാജ്യത്തെ ആറ് പരിശീലന കേന്ദ്രങ്ങളിലായി 15,000 ഓളം വരുന്ന ഡീലര്‍മാരുടെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ഈ വര്‍ഷാവസാനത്തോടെ ഗുവാഹത്തിയിലും അഹമ്മദാബാദിലും പുതിയ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും.

Comments

comments

Categories: Auto