സെന്‍കുമാറിന്റെ നിയമനം താമസിപ്പിക്കുന്നത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളി: ചെന്നിത്തല

സെന്‍കുമാറിന്റെ നിയമനം താമസിപ്പിക്കുന്നത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളി: ചെന്നിത്തല

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു ടി പി സെന്‍കുമാറിനു ഡിജിപി സ്ഥാനം നല്‍കാതെ നീട്ടിക്കൊണ്ടു പോകുന്നതു നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സെന്‍കുമാറിനു ഡിജിപി സ്ഥാനം നല്‍കണമെന്ന് ഏപ്രില്‍ 24നാണു സുപ്രീം കോടതി വിധിയുണ്ടായത്. എന്നിട്ടും ഇത്രയും ദിവസം കഴിഞ്ഞിട്ടും സെന്‍കുമാറിനു നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. നീതിന്യായം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ഈ അനാസ്ഥ ജനങ്ങള്‍ക്കിടയില്‍ സംശയം ഉളവാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിയമനം സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇപ്പോഴും സ്ഥാനത്തു തുടരുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതു കോടതിയലക്ഷ്യവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്. സെന്‍കുമാറിനെ സുപ്രീംകോടതി വിധി മാനിച്ചുകൊണ്ട് അടിയന്തരമായി ഡിജിപി സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Politics, Top Stories