ആക്‌സിസ് ബാങ്ക് അറ്റാദായത്തില്‍ 43% ഇടിവ്

ആക്‌സിസ് ബാങ്ക് അറ്റാദായത്തില്‍ 43% ഇടിവ്

മുംബൈ: മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ഫലം ആക്‌സിസ് ബാങ്ക് പുറത്തുവിട്ടു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് ബാങ്കിന്റെ അറ്റാദായം 43 ശതമാനം ഇടിഞ്ഞ് 1,225.10 കോടി രൂപയിലെത്തിയതായാണ് വിവരം. കിട്ടാക്കടം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള തുകയില്‍ (ബാഡ് ലോണ്‍ പ്രൊവിഷനിംഗ്) കാര്യമായ വര്‍ധന വരുത്തിയതാണ് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ലാഭം ഇടിയാനുള്ള കാരണമായി ആക്‌സിസ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കിട്ടാക്കടം പരിഹരിക്കുന്നതിനും യാദൃശ്ചിക ചെലവുകള്‍ക്കുമായി നീക്കിവെച്ച തുക ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 3,785.80 കോടി രൂപയില്‍ നിന്നും കഴിഞ്ഞ പാദത്തില്‍ 2,581.25 കോടി രൂപയിലെത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍വര്‍ഷം ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 121 ശതമാനത്തിന്റെ വര്‍ധനയാണ് നിരീക്ഷിച്ചത്. മൊത്ത വായ്പയുടെ അടിസ്ഥാനത്തില്‍ നിഷ്‌ക്രിയ ആസ്തി ഡിസംബറില്‍ അവസാനിച്ച പാദത്തെ അപേക്ഷിച്ച് അല്‍പ്പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നിഷ്‌ക്രിയ ആസ്തി ഇപ്പോഴും ഉയര്‍ന്ന തലത്തിലാണ്.

വായ്പയില്‍ നിന്നും ബാങ്ക് നേടിയ പലിശ വരുമാനം 3.87 ശതമാനം വര്‍ധിച്ച് 4,728.60 കോടി രൂപയിലെത്തി. മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം 11.85 ശതമാനം ഉയര്‍ന്ന് 3,013.16 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 4,552.59 കോടി രൂപയാണ്.

Comments

comments

Categories: Banking