വിനോദ് ഖന്ന അന്തരിച്ചു ; സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ അപൂര്‍വ്വ വ്യക്തിത്വം

വിനോദ് ഖന്ന അന്തരിച്ചു ; സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ അപൂര്‍വ്വ വ്യക്തിത്വം

വില്ലനായി സിനിമയിലെത്തി, നായകനായി തിളങ്ങി നിന്നപ്പോള്‍ സന്യാസത്തിലേക്ക് പ്രവേശിച്ചു. സിനിമ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് എംപിയും കേന്ദ്രമന്ത്രിയുമായി.  അന്തരിച്ച വിനോദ് ഖന്നയുടെ ജീവചരിത്രത്തെ ഇങ്ങനെ സംഗ്രഹിക്കാം. 70-കളിലും 80-കളിലും ബോളിവുഡിന്റെ ഹൃദയ തുടിപ്പായിരുന്നു വിനോദ് ഖന്ന. വില്ലന്‍ വേഷം അവതരിപ്പിച്ച് സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ച ഖന്ന, പില്‍ക്കാലത്ത് നായകനായി തിളങ്ങുകയും ചെയ്തു.

പഞ്ചാബി കുടുംബമാണു വിനോദ് ഖന്നയുടേത്. 1946 ഒക്ടോബര്‍ ആറിന് ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറില്‍ ടെക്‌സ്റ്റൈയില്‍സ് ബിസിനസുകാരനായ കിഷന്‍ ചന്ദ് ഖന്നയുടെയും കമലയുടെയും മകനായി ജനനം. ഡല്‍ഹി പബ്ലിക് സ്‌കൂളിലും മുംബൈ സയിദെന്‍ഹാമില്‍ കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1968-ല്‍ മന്‍ കാ മീത് എന്ന സുനില്‍ ദത്ത് നായകനായി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടു വിനോദ് ഖന്ന സിനിമയിലേക്ക് പ്രവേശിച്ചു. ആരംഭഘട്ടത്തില്‍ വില്ലന്‍ കഥാപാത്രങ്ങളും സഹനടന്‍ വേഷങ്ങളുമായിരുന്നു വിനോദ് ഖന്നയെ തേടിയെത്തിയത്.

പുരാബ് ഓര്‍ പശ്ചിം(1970), മേരേ ഗാവോം മേരേ ദേശ്(1971) തുടങ്ങിയവയായിരുന്ന ആദ്യ കാല ചിത്രങ്ങള്‍. പിന്നീട് 1971-ല്‍ ഹം തും ഓര്‍ വോ എന്ന ചിത്രത്തിലും ഗുല്‍സാര്‍ സംവിധാനം ചെയ്ത് മേരേ അപ്‌നേയിലും നായക വേഷം കൈകാര്യം ചെയ്തു. 1977-ല്‍ പുറത്തിറങ്ങിയ പര്‍വാരിഷ് എന്ന ചിത്രമാണു വിനോദ് ഖന്നയുടെ ആദ്യ ബോക്‌സോഫീസ് വിജയം നേടിയ ചിത്രം. ഈ ചിത്രത്തിലൂടെയായിരുന്നു വിനോദ് ഖന്നയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചതും. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ച് 1977-ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഈ ചിത്രത്തില്‍ അമിതാഭിനേക്കാള്‍ പ്രതിഫലം കൈപ്പറ്റയിത് വിനോദ് ഖന്നയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ മനസിലാകും എത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ താരമൂല്യമെന്ന്.

1980-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ സിനിമ കുര്‍ബാനിയില്‍ വിനോദ് ഖന്നയ്ക്ക് പ്രധാനപ്പെട്ട വേഷമാണുണ്ടായിരുന്നത്. ഫിറോസ് ഖാനാണ് വിനോദ് ഖന്നയ്‌ക്കൊപ്പം ഇതില്‍ അഭിനയിച്ചത്. ഈ ചിത്രത്തില്‍ ആദ്യം അമിതാഭ് ബച്ചനെയാണ് പ്രധാനവേഷത്തില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അമിതാഭിനു സമയക്കുറവു മൂലം പിന്‍വാങ്ങിയപ്പോള്‍ ആ റോളിലേക്ക് വിനോദ് ഖന്നയെ പരിഗണിക്കുകയായിരുന്നു.

പൂര്‍ണതയ്ക്കു വേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിരുന്ന അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ മേരേ ഖാവോം മേരാ ദേശ് എന്ന ചിത്രത്തില്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അദ്ദേഹം വരിച്ച ത്യാഗം അവിസ്മരണീയമാണ്. ബെല്‍റ്റിന് അടികൊണ്ട് ചോര വരുന്ന ഒരു രംഗമുണ്ട് ആ സിനിമയില്‍. ഈ രംഗത്തിനു വേണ്ടി അദ്ദേഹം യഥാര്‍ഥ ബെല്‍റ്റ് കൊണ്ട് അടിച്ച് മുറിവ് വരുത്തുകയുണ്ടായി. 1970-80 കാലഘട്ടത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന ബോളിവുഡിലെ രണ്ടാമത്തെ നടനായിരുന്നു വിനോദ് ഖന്ന. ബോളിവുഡില്‍ തിളങ്ങി നിന്ന കാലത്തുതന്നെ 1982ല്‍ അഭിനയ ജീവിതത്തില്‍നിന്നും വിരമിച്ച അപൂര്‍വ്വതയും അദ്ദേഹത്തിനുണ്ട്.

അഭിനയത്തില്‍നിന്നും വിടവാങ്ങിയതിനു ശേഷം വിനോദ് ഖന്ന ആത്മീയതയിലേക്ക് പ്രവേശിച്ചു. ഭാര്യ ഗീതയില്‍നിന്നും വിവാഹമോചനവും നേടി. ഓഷോ രജനീഷിന്റെ ശിഷ്യത്വം സ്വീകരിച്ചു. അമേരിക്കയിലെ ഓഷോയുടെ ആശ്രമത്തിലായിരുന്നു പിന്നീടുള്ള അഞ്ച് വര്‍ഷം. അവിടെ രജനീഷിന്റെ അടുക്കള ജോലി ചെയ്തും പൂന്തോട്ടക്കാരനായും ജീവിതം നയിച്ചു. ഇതോടെ വിവാഹജീവിതത്തില്‍ അകല്‍ച്ചയുണ്ടായി. ഇത് ഭാര്യ ഗീതയുമായുള്ള വിവാഹമോചനത്തിലും എത്തിച്ചു. വിനോദ് ഖന്നയുടെ ആദ്യ ഭാര്യയായ ഗീതയിലുള്ള മക്കളാണ് രാഹുലും അക്ഷയും. ഇവരില്‍ അക്ഷയ് ഖന്ന സിനിമാ നടനാണ്.

ആദ്യ ഭാര്യയായ ഗീതയില്‍നിന്നും വിവാഹമോചനം നേടിയ വിനോദ് ഖന്ന 1990-ല്‍ കവിത എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകനും ഒരു മകളുമുണ്ട്. രജനീഷിന്റെ ആശ്രമത്തില്‍ അഞ്ച് വര്‍ഷം ചെലവഴിച്ചതിനു ശേഷം 1987-ല്‍ വീണ്ടും ബോളിവുഡിലേക്കു തിരികെയെത്തി. ഡിംബിള്‍ കപാഡിയയോടൊപ്പം അഭിനയിച്ച ഇന്‍സാഫ് എന്ന ചിത്രത്തിലൂടെയാണു തിരിച്ചുവരവ് നടത്തിയത്. ഗംഭീര വിജയമാണ് ഇന്‍സാഫ് നേടിയത്.

1997-ല്‍ വിനോദ് ഖന്ന രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂരില്‍നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചു. 1999-ല്‍ അതേ മണ്ഡലത്തില്‍നിന്നും വീണ്ടും മത്സരിച്ചു. 2002 ജൂലൈയില്‍ സാംസ്‌കാരിക, ടൂറിസം മന്ത്രിയായി. പിന്നീട് വിദേശകാര്യ സഹമന്ത്രി സ്ഥാനവും വിനോദ് ഖന്നയെ തേടിയെത്തി. 2004-ല്‍ ഗുരുദാസ്പൂരില്‍നിന്നും വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2009-ല്‍ അദ്ദേഹം പരാജയം രുചിച്ചു. 2014-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Comments

comments

Categories: Movies, Politics, Top Stories