ഡോളറിനെതിരെ രൂപയുടെ മൂല്യം 21 മാസത്തെ ഉയര്‍ച്ചയിലെത്തി

ഡോളറിനെതിരെ രൂപയുടെ മൂല്യം 21 മാസത്തെ ഉയര്‍ച്ചയിലെത്തി

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വര്‍ധനവ്. ഇന്നലെ 14 പൈസ മെച്ചപ്പെട്ട് 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 63.98ല്‍ രൂപ എത്തി. വിദേശ നിക്ഷപകര്‍ ഓഹരി, ബോണ്ട് വിപണികളില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് രൂപയ്ക്ക് നേട്ടമായത്.

2015 ഓഗസ്റ്റ് 11നു ശേഷമുള്ള, രൂപയുടെ മികച്ച നേട്ടമാണിത്. ഒരു ഡോളറിന് 64.19 രൂപയായിരുന്നു അന്ന് മൂല്യം. രൂപ ഈ വര്‍ഷം രൂപ 5.6 ശതമാനം നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. തായ്‌വാനീസ് ഡോളറിനും ദക്ഷിണകൊറിയന്‍ വോണിനുമൊപ്പം വലിയ മുന്നേറ്റം നടത്തുന്ന കറന്‍സിയായി ഡോളര്‍ മാറി. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനുള്ള ആര്‍ബിഐയുടെ ശ്രദ്ധയും ജിഎസ്ടി പോലുള്ള പ്രധാന പരിഷ്‌കാരങ്ങളും നികുതി സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും വിദേശനിക്ഷേപകര്‍ക്ക് പ്രോത്സാഹനം പകരുന്നവയാണ്. ജൂലൈ 1 മുതലാണ് രാജ്യത്ത് ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി നടപ്പിലാക്കുക.

നാഷണല്‍ ഡെപ്പോസിറ്ററി ഡാറ്റയുടെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അറ്റ വില്‍പ്പനായ 23,079 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് വര്‍ഷം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇതുവരെ നിക്ഷേപിച്ചിരിക്കുന്നത് 90,762 കോടി രൂപയാണ്. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ആഗോള വിപണികളില്‍ വെല്ലുവിളികള്‍ നിറഞ്ഞ ആസ്തികള്‍ക്ക് പ്രിയമേറിയിട്ടുണ്ടെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ വിദേശ വിനിമയ, റേറ്റ് ക്രെഡിറ്റ് വ്യാപാര മേധാവി എം എസ് ഗോപികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ കോര്‍പ്പറേറ്റ് ടാക്‌സ് നിരക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമെന്നാണ് മറ്റൊരു പ്രതീക്ഷ. കോര്‍പ്പറേറ്റ് നികുതിനിരക്ക് 35 ശതമാനത്തില്‍ നിന്ന് 15ശതമാനം ആയി കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

Comments

comments

Categories: Top Stories