ഇന്ത്യന്‍ മൊബീല്‍ വാലറ്റ് രംഗത്തേക്ക് കടക്കാന്‍ അനുമതി തേടി പേപാല്‍

ഇന്ത്യന്‍ മൊബീല്‍ വാലറ്റ് രംഗത്തേക്ക് കടക്കാന്‍ അനുമതി തേടി പേപാല്‍
ലോകത്തിലെ 200ല്‍ അധികം വിപണികളിലായി 192 മില്യണ്‍ ഉപഭോക്താക്കള്‍ പേപാലിനുണ്ട്

ബെംഗളൂരു: ആഗോള പേമെന്റ് കമ്പനിയായ പേപാല്‍ ഇന്ത്യന്‍ മൊബീല്‍ വാലറ്റ് വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നു. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ് കമ്പനി. രാജ്യത്തെ വാലറ്റ് കമ്പനികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നിക്ഷേപങ്ങളെയും ഏറ്റെടുക്കല്‍ പ്രവണതകളെയും സസൂഷ്മം നിരീക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് മൊബീല്‍ വാലറ്റ് രംഗത്തേക്ക് കടക്കാന്‍ പേപാല്‍ അനുമതി തേടിയിരിക്കുന്നത്.

അതേസമയം, സെപ്റ്റംബര്‍ മുതല്‍ പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റി(പിപിഐ) നുള്ള പുതിയ അപേക്ഷ പരിഗണിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ആര്‍ബിഐ ഇക്കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നതു വരെയാണ് മൊറട്ടോറിയത്തിന്റെ കാലാവധി. പിപിഐ ലൈസന്‍സ് നേടുന്നതിനായി പേപാല്‍ ഇതിനു മുമ്പു തന്നെ അപേക്ഷിച്ചിട്ടുണ്ടാകുമെന്നാണ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്. ആമസോണ്‍, പൈന്‍ ലാബ്‌സ് തുടങ്ങിയ കമ്പനികള്‍ക്ക് മാര്‍ച്ചില്‍ പിപിഐ ലൈസന്‍സ് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവയ്‌ക്കൊപ്പമാവില്ല പേപാല്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് നിഗമനം.

പിപിഐ അപേക്ഷ സംബന്ധിച്ച് വിവിധ അധികൃതരുമായി അടുത്തിടെ പേപാല്‍ ചര്‍ച്ച സംഘടിപ്പിച്ചതായാണ് സൂചന. എന്നാല്‍, വിപണിയില്‍ നിന്നുള്ള ഊഹാപോഹങ്ങളോടും ഗോസിപ്പുകളോടും പ്രതികരിക്കുന്നില്ലെന്നായിരുന്നു ആഗോള രംഗത്തെ പ്രമുഖ പേമെന്റ് കമ്പനിയായ പേപാലിന്റെ മറുപടി. പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിനു കീഴില്‍ ലഭിക്കുന്ന അപേക്ഷകളുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നായിരുന്നു പേപാല്‍ പിപിഐ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറുപടി.

നേരത്തെ ഫ്രീചാര്‍ജ് ഉള്‍പ്പെടെയുള്ള വാലറ്റ് കമ്പനികളുമായും പേപാല്‍ ചര്‍ച്ച നടത്തിയിരുന്നു. മാതൃ കമ്പനിയായ സ്‌നാപ്ഡീല്‍ ഫ്രീചാര്‍ജ് വിറ്റൊഴിയാന്‍ ശ്രമം നടത്തുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. പക്ഷെ, ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫഌപ്കാര്‍ട്ടിന്റെ നിയന്ത്രണത്തിലുളള ഫോണ്‍പെയുമായും പേപാല്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ആമസോണ്‍ ഇന്ത്യ പിപിഐ ലൈസന്‍സ് നേടിയെടുത്തതിനെ തുടര്‍ന്നാണ് പേപാലും മൊബീല്‍ വാലറ്റ് ഇടത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നതെന്നാണ് സൂചന. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആമസോണ്‍ ഇന്ത്യ ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു.

രാജ്യന്തര പണമിടപാടുകളിലാണ് പേപാല്‍ നിലവില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വാലറ്റ് ലൈസന്‍സ് ലഭിക്കുന്നതോടെ ഇന്ത്യയില്‍ കമ്പനിക്ക് പ്രാദേശിക സാന്നിധ്യം വര്‍ധിപ്പിക്കാനാകും. ലോകത്തിലെ 200ല്‍ അധികം വിപണികളിലായി 192 മില്യണ്‍ ഉപഭോക്താക്കള്‍ പേപാലിനുണ്ട്.

Comments

comments

Categories: Business & Economy