ലോക്പാല്‍ നിയമനം ഉടന്‍ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

ലോക്പാല്‍ നിയമനം ഉടന്‍ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡെല്‍ഹി: ലോക്പാല്‍ നിയമനം ഉടന്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ലോക്പാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. നിലവിലെ സാഹചര്യത്തില്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കാനാവില്ലെന്ന് റോഹ്തഗി കോടതിയില്‍ വാദിച്ചെങ്കിലും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് ഇത് അംഗീകരിച്ചില്ല.

ലോക്പാല്‍ നിയമനത്തിന് കേന്ദ്രത്തോട് നിര്‍ദേശം വെക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ വാദവും ഹര്‍ജി പരിഗണിച്ച കോടതി തള്ളി. 2013ലാണ് പാര്‍ലമെന്റ് ലോക്പാല്‍ നിയമനം അംഗീകരിച്ചുകൊണ്ട് നിയമം പാസാക്കിയത്. തുടര്‍ന്ന് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാര്യം പറഞ്ഞ് നിയമനം വൈകിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ്, ലോക്‌സഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടണമെന്നാണ് ലോക്പാല്‍ നിയമം നിര്‍ദേശിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിച്ചത്. എന്നാല്‍ നിയമനത്തിനായി പ്രതിപക്ഷ നേതാവിനെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.

Comments

comments

Categories: Top Stories