ഉഡാന്‍ സര്‍വീസിനു കീഴിലെ ആദ്യ വിമാനം പറന്നുയര്‍ന്നു

ഉഡാന്‍ സര്‍വീസിനു കീഴിലെ ആദ്യ വിമാനം പറന്നുയര്‍ന്നു
സ്ലിപ്പര്‍ ചെരുപ്പിടുന്നവരുടെ വിമാന യാത്രയാണ് സ്വപ്‌നമെന്ന് മോദി

ഷിംല: വ്യോമയാന രംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമിടുന്ന ഉഡാന്‍ പദ്ധതിക്കു കീഴിലുള്ള ആദ്യ വിമാനം ഷിംലയില്‍ നിന്നും പറന്നുയര്‍ന്നു. ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്ക് 2,500 നിരക്കിലുള്ള ആദ്യ സര്‍വീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. സാമ്പത്തികമായി താഴെ നില്‍ക്കുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്കും പ്രാപ്യമായ തരത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വിമാനയാത്രാ സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉഡാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. സബ്‌സിഡി നിരക്കില്‍ പ്രാദേശിക മേഖലകളില്‍ വിമാന യാത്രയ്ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി. രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസുമായി ബന്ധിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

കഡപ്പ-ഹൈദരാബാദ്, നന്ദേദ-ഹൈദരാബാദ് വിമാന സര്‍വീസുകളും ഉഡാന്‍ പദ്ധതിക്കു കീഴില്‍ മോദി ഫഌഗ്ഓഫ് ചെയ്തു. സാധാരണക്കാരനായ ഏതൊരാള്‍ക്കും ഉഡാന്‍ സര്‍വീസിലൂടെ വിമാനയാത്ര സാധിക്കുമെന്നും പുതിയ ഇന്ത്യക്കു വേണ്ടിയുള്ള വീക്ഷണത്തിന്റെ ഭാഗമാണ് ഇതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഹവായ് ചപ്പല്‍ ധരിക്കുന്ന സാധാരണക്കാരന്റെ വിമാന യാത്രയാണ് തന്റെ സ്വ്പനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡെല്‍ഹി-ഷിംല റൂട്ടില്‍ എയര്‍ ഇന്ത്യയുടെ അനുബന്ധ എയര്‍ലൈന്‍സ് അലയന്‍സ് എയര്‍ ആണ് സര്‍വീസ് നടത്തുന്നത്. 2,036 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്.

ടൂറിസം, മേഖലയ്ക്ക് പ്രത്യേകിച്ച് വിദേശികള്‍ക്കും ബിസിനസുകാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കും ഉഡാന്‍ സര്‍വീസ്. ഹിമാചല്‍പ്രദേശിലെ ടൂറിസം രംഗത്തിന് പദ്ധതി ഏറെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉഡാന്‍ പദ്ധതിക്കു കീഴില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ 19 മുതല്‍ 78 വരെ സീറ്റുകളുണ്ടാകും. ഇതില്‍ പകുതി സീറ്റുകള്‍ക്കും പരമാവധി 2,500 രൂപ മാത്രമെ ഈടാക്കുകയുള്ളു. 70 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 128 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത് സര്‍ക്കാര്‍ അഞ്ച് വിമാനക്കമ്പനികള്‍ക്ക് മാര്‍ച്ച് 30ന് കരാര്‍ നല്‍കിയിരുന്നു. ചെറു നഗരങ്ങള്‍ക്കിടയില്‍ ഒന്‍പതു മുതല്‍ 40 വരെ സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണു സര്‍വീസ് നടത്തുക. 43 വിമാനത്താവളങ്ങളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലുള്ളത്.

എയര്‍ ഇന്ത്യ ഉള്‍പ്പെടെ 11 വിമാനക്കമ്പനികളാണ് 43 ചെറു നഗരങ്ങളിലേക്കു സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയാണു കമ്പനികളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നത്. 500 കോടി രൂപയുടെ നഷ്ടപരിഹാര നിധിയാണു (വയബിലിറ്റി ഗ്യാപ് ഫണ്ട്-വിജിഎഫ്) ഇതിനായി വ്യോമയാന മന്ത്രാലയം സമാഹരിക്കുക. ടാക്‌സി നിരക്കിലും കുറഞ്ഞ ചെലവില്‍ വിമാനയാത്ര എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയിലെ സാധരണക്കാരുടെ ജീവിത രീതികള്‍ മാറ്റത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം അവരുടെ ആഗ്രഹങ്ങളും വര്‍ധിക്കുന്നു. വ്യോമയാനം എന്നത് ഉന്നത വിഭാഗത്തില്‍ മാത്രമൊതുങ്ങുന്ന രീതിക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.

Comments

comments

Categories: Top Stories