മാമ്പഴപ്രദര്‍ശനം ഇന്നു മുതല്‍

മാമ്പഴപ്രദര്‍ശനം ഇന്നു മുതല്‍

കോഴിക്കോട്: മനംമയക്കുന്ന മാമ്പഴ രുചിഭേദങ്ങള്‍ അനുഭവിച്ചറിയാന്‍ അവസരമൊരുക്കി കാലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ മാമ്പഴ പ്രദര്‍ശനം ഇന്നു മുതല്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്നു. ഇന്ത്യയിലെ വിവിധയിനം മാമ്പഴ ഇനങ്ങളെ ജനങ്ങള്‍ക്ക് നേരില്‍ പരിചയപ്പെടുന്നതിനും അവയുടെ രസം നുകരുന്നതിനും മാമ്പഴ പ്രദര്‍ശനം അവസരമൊരുക്കും. ഇരുപത്തിനാല് വര്‍ഷമായി ഗാന്ധിപാര്‍ക്കില്‍ നടത്തുന്ന മാമ്പഴ പ്രദര്‍ശനത്തില്‍, ഇത്തവണ തളിപ്പറമ്പ് ജില്ലാ കൃഷിഫാമില്‍ ഉല്‍പ്പാദിപ്പിച്ച തനതു സ്വഭാവമുള്ള വ്യത്യസ്തയിനം മാങ്ങകളുള്‍പ്പെടെ നൂറില്‍പ്പരം മാങ്ങകളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ഇന്ത്യയിലെ പ്രശസ്ത മാമ്പഴ ഇനങ്ങളായ അല്‍ഫോന്‍സ, ഖുദാദത്ത്, ബങ്കനപ്പള്ളി, മല്‍ഗോവ, ചക്കരക്കുട്ടി തുടങ്ങിയവയും പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന ബംഗളോറ (തോത്താപ്പുരി), പ്രിയൂര്‍ ഇനങ്ങളും പ്രദര്‍ശിപ്പിക്കും. വര്‍ണ്ണവൈവിധ്യമാര്‍ന്ന സുവര്‍ണ്ണരേഖ, ബനറ്റ് അല്‍ഫോന്‍സ ഇനങ്ങളും സാന്നിധ്യമറിയിക്കുന്നു. മാങ്ങാ വിഭവങ്ങള്‍ക്കു പേരുകേട്ട ചന്ദ്രക്കാരന്‍, പേരക്ക മാങ്ങ, അമ്മിണി എന്നീ മാമ്പഴങ്ങളും മുഗള്‍ചക്രവര്‍ത്തിമാര്‍ അവരുടെ അരുമസന്താനങ്ങളുടെ പേരിട്ട് ഓമനിച്ച് വളര്‍ത്തിയതും സ്വാദില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ജഹാംഗീര്‍, ഹിമായുദ്ദീന്‍, ഹിമാപ്പസന്ത്, ബനിഷാന്‍, സങ്കര ഇനങ്ങളായ എച്ച്4, എച്ച്44, എച്ച്151 എന്നീ മാമ്പഴങ്ങളും പ്രദര്‍ശനത്തില്‍ ലഭ്യമാകും.

കീടനാശിനികള്‍ ഉപയോഗിക്കാതെ തീര്‍ത്തും ജൈവവളങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച മാമ്പഴങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍ക്കുന്നത്. മാമ്പഴപ്രദര്‍ശനത്തോടൊപ്പം ഗുണമേന്മയുള്ള വിവിധ ഇനം മാവിന്‍ തൈകളും, മാങ്ങ ജൂസ്, മാങ്ങ ഐസ് എന്നിവയും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ റംബൂട്ടാന്‍, ജാതിക്ക, നെല്ലിക്ക, സപ്പോട്ട എന്നിവയുടെ തൈകളും വിവിധ ഇനം പച്ചക്കറികളുടെ ഗുണമേന്മയുള്ള വിത്തിനങ്ങളും പ്രദര്‍ശത്തിനെത്തുന്നുണ്ട്. ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ നടക്കുന്ന പ്രദര്‍ശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനത്തോടനുബന്ധിച്ച് മാമ്പഴ പ്രേമികള്‍ക്കായി ഏപ്രില്‍ 30ന് മാമ്പഴത്തീറ്റ മത്സരവും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയുള്ള പ്രവേശനം സൗജന്യ എന്‍ട്രി പാസ് മൂലം നിയന്ത്രിക്കുന്നു.

Comments

comments

Categories: Life
Tags: Mango Fest