വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് ആശ്വാസമേകാന്‍ തിരിച്ചടവ് സഹായ പദ്ധതി പ്രഖ്യാപിച്ചു. 14-ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ് ഇതുസംബന്ധമായ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. 2016 ഏപ്രില്‍ മാസത്തെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 900 കോടിരൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

9 ലക്ഷം രൂപ വരെ വായ്പകള്‍ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ എക്കൗണ്ടുകള്‍ക്കാണ് തിരിച്ചടവ് സഹായം ലഭിക്കുക. ഒന്നാം വര്‍ഷം വായ്പയുടെ 90 ശതമാനവും രണ്ടാം വര്‍ഷം 75 ശതമാനവും മൂന്നാം വര്‍ഷം 50ശതമാനവും നാലാം വര്‍ഷം 25 ശതമാനവും സര്‍ക്കാര്‍ വിഹിതമായി നല്‍കി തിരിച്ചടയ്ക്കാന്‍ സഹായിക്കാനാണ് പദ്ധതി.

തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷത്തേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നല്‍കും. 01.04.2016ല്‍ ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും.

31.03.2016 നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെയുള്ളതുമായ വായ്പകളുടെ തിരിച്ചടവിനും സഹായം ലഭിക്കും. വായ്പാ തുകയുടെ 40% മുന്‍കൂറായി അടയ്ക്കുകയും വായ്പയിലുള്ള പലിശ ബാങ്ക് ഇളവുചെയ്ത് കൊടുക്കുകയും ചെയ്താല്‍ 60% സര്‍ക്കാര്‍ നല്‍കി വായ്പ ക്ലോസ് ചെയ്യാന്‍ സഹായിക്കും. നാലുലക്ഷത്തിനു മേല്‍ ഒമ്പതുലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകളില്‍ ഒരു പ്രത്യേക പാക്കേജായി ലോണ്‍ ക്ലോസ് ചെയ്യാന്‍ ബാങ്കുകള്‍ തയാറാകുന്നപക്ഷം മുതലിന്റെ 50% സര്‍ക്കാര്‍ സഹായമായി നല്‍കും.

ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുന:ക്രമീകരിച്ചു നല്‍കുകയോ, വായ്പയെടുത്തയാള്‍ മുഴുവനായി അടയ്ക്കുകയോ വേണം. വായ്പയുടെ കാലയളവില്‍ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും.

Comments

comments

Categories: Education, Top Stories