സംരക്ഷണവാദത്തിനെതിരെ ഇന്ത്യ

സംരക്ഷണവാദത്തിനെതിരെ ഇന്ത്യ
അമേരിക്കയുടെ അതിദേശീയ, സംരക്ഷണവാദങ്ങളെ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിപ്പറയുന്നത്
സ്വാഗതാര്‍ഹമാണ്

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതു മുതല്‍ കടുത്ത പിന്തിരിപ്പന്‍ നയങ്ങളാണ് അദ്ദേഹം സ്വീകരിച്ചുപോരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാത്ത അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ അമേരിക്ക തെരുവിലിറങ്ങുകയും ചെയ്തു. സ്വതന്ത്രവ്യാപാര നയങ്ങളെ തള്ളിപ്പറഞ്ഞ് അമേരിക്ക സംരക്ഷണവാദനയങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ അത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയായി. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വിസ കാര്യത്തിലും മറ്റും ഇന്ത്യയോട് ഉദാര സമീപനമല്ല ട്രംപ് സ്വീകരിക്കുന്നത്. ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ എന്ന ഇടുങ്ങിയ പോളിസിയിലാണ് ട്രംപിന്റെ ശ്രദ്ധ മുഴുവനും.

അമേരിക്കന്‍ മൂല്യങ്ങളെ തകര്‍ത്തെറിയുന്ന ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ഐഎംഎഫ് ഉള്‍പ്പെടെയുള്ള ആഗോള സ്ഥാപനങ്ങള്‍ക്ക് വലിയ മിണ്ടാട്ടമില്ലെങ്കിലും ഇന്ത്യ തുടര്‍ച്ചയായി ഇതിനെതിരെ നിലപാടെടുക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സംരക്ഷണവാദ നയങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന് അടുത്തിടെയാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തുറന്നടിച്ചത്.

ട്രംപിനെതിരെയുള്ള ശക്തമായ പ്രസ്താവനയായിരുന്നു അത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തുകയുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരെ തിരിയുന്ന ട്രംപിനെ ലക്ഷ്യം വെച്ച് പട്ടേല്‍ പറഞ്ഞതിങ്ങനെ ആയിരുന്നു. ”അമേരിക്കയ്ക്ക് പുറത്തു നിന്നുള്ള മനുഷ്യവിഭവശേഷിയോ നല്ല കുടിയേറ്റ തലച്ചോറുകളില്‍ നിന്ന് പിറവിയെടുത്ത ഉല്‍പ്പന്നങ്ങളോ ഇല്ലായിരുന്നെങ്കില്‍ എന്തായിരിക്കും ആപ്പിള്‍, സിസ്‌കോ, ഐബിഎം തുടങ്ങിയ വമ്പന്‍ കോര്‍പ്പറേഷനുകളുടെ ഭാവി?”

ഇന്ത്യയുടെ നയം വ്യക്തമാണ് ഈ പ്രസ്താവനയില്‍. ലോകത്തെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമായി മാറാന്‍ ഇന്ത്യ കഠിനമായി പ്രയത്‌നിക്കുമ്പോഴാണ് ഏറ്റവും അടഞ്ഞ സമ്പദ് വ്യവസ്ഥയായി മാറാന്‍ ട്രംപിന്റെ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപിന്റെ പിന്തിരപ്പന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇന്ത്യ ഉയര്‍ത്തുന്ന ശബ്ദം എപ്പോഴും പ്രസക്തമാകുന്നു. ചൈന ഉയര്‍ത്തുന്ന ശബ്ദത്തേക്കാളും ഇന്ത്യയുടേതിനാകും എന്നും കൂടുതല്‍ ഇംപാക്റ്റ്.

Comments

comments

Categories: Editorial