കെജ്രിവാള്‍ ശൈലിയുടെ പരാജയം

കെജ്രിവാള്‍ ശൈലിയുടെ പരാജയം
കെജ്രിവാളിന്റെ നെഗറ്റീവ് രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഡെല്‍ഹി
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം

പ്രതീക്ഷിച്ച പോലെ ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ബിജെപി നേടിയത്. രാജ്യത്ത് നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന തുടര്‍ച്ചയായ വിജയം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൂടുതല്‍ കരുത്തുറ്റവരാക്കിത്തീര്‍ക്കുന്നു. ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പ്രസക്തമാകുന്നത് അവിടത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്.

തുടര്‍ച്ചയായ നെഗറ്റീവിസത്തിലും വ്യക്തിഹത്യയിലും ഊന്നിയുള്ള കെജ്രിവാളിന്റെ ആരോപണ രാഷ്ട്രീയത്തിനേറ്റ ശക്തമായ തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. രണ്ട് വര്‍ഷം മുമ്പ് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെ എഎപി ദില്ലിയില്‍ ഭരണം പിടിച്ചത്. എന്നാല്‍ ഭരണത്തിലേറിയ ശേഷം തീര്‍ത്തും ദൗര്‍ഭാഗ്യകരമായ തരത്തിലായിരുന്നു എഎപിയുടെ പ്രകടനം. പ്രധാനമന്ത്രിക്കെതിരെ കടുത്ത വ്യക്തിഗത ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകളില്‍ നിറയാനാണ് കെജ്രിവാള്‍ ശ്രമിച്ചത്. നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കാനും കഴിഞ്ഞില്ല.

ഏറെ പ്രതീക്ഷയര്‍പ്പിച്ച് ഡെല്‍ഹി ജനത അധികാരത്തിലേറ്റിയ പാര്‍ട്ടി അവരുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തുന്ന രീതിയിലാണ് ഭരണം നടത്തുന്നതെന്ന് ആരോപണങ്ങളുയര്‍ന്നു. പാര്‍ട്ടിയിലെ പല പ്രമുഖരും കടുത്ത അതൃപ്തിയിലും അരക്ഷിതാവസ്ഥയിലുമായി. കെജ്രിവാള്‍ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ഡെല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലമെന്നാണ് പൊതുവെ എല്ലാവരും അഭിപ്രായപ്പെട്ടത്. അങ്ങനെയാണെങ്കില്‍ കെജ്രിവാള്‍ തന്റെ രാഷ്ട്രീയ ശൈലി മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ നേരിട്ട വമ്പന്‍ പരാജയം ഡെല്‍ഹി മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്. ഇനിയും ഉറക്കം നടിച്ചാല്‍ പിന്നെ അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവെച്ച ബദല്‍ രാഷ്ട്രീയത്തിന് ഇടമില്ലാതെ വരുമെന്നത് തീര്‍ച്ചയാണ്.

Comments

comments

Categories: Editorial